Quantcast

പവാര്‍ കുടുംബത്തിന്‍റെ കോട്ടയില്‍ 'പവര്‍ സ്റ്റാറായി' അജിത് ദാദ

എന്‍സിപി പിളര്‍ത്തി മറുകണ്ടം ചാടിയ അജിത് പവാറിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്

MediaOne Logo

Web Desk

  • Published:

    23 Nov 2024 8:36 AM GMT

ajith pawar
X

മുംബൈ: പവാര്‍ കുടുംബത്തിന്‍റെ ശക്തികേന്ദ്രമായ ബാരാമതിയില്‍ വിജയമുറപ്പിച്ച് എന്‍സിപി നേതാവ് അജിത് പവാര്‍. സഹോദര പുത്രനും എന്‍സിപി ശരദ് പവാര്‍ പക്ഷ സ്ഥാനാര്‍ഥി യുഗേന്ദ്ര പവാറിനെക്കാള്‍ അജിത് പവാര്‍ ബഹുദൂരം മുന്നിലാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം അജിതിന്‍റെ ലീഡ് 38000 കടന്നിട്ടുണ്ട്.

എന്‍സിപി പിളര്‍ത്തി മറുകണ്ടം ചാടിയ അജിത് പവാറിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഈ വര്‍ഷം ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലെയോട് പരാജയപ്പെട്ടിരുന്നു. ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുപ്രിയ വിജയിക്കുകയും ചെയ്‌തിരുന്നു.

വോട്ടർമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് തെളിയിക്കാൻ ഇറങ്ങിത്തിരിച്ച എൻസിപിയുടെ ഇരു വിഭാഗങ്ങൾക്കും ഈ വർഷത്തെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അതിജീവനത്തിൻ്റെ പോരാട്ടമായിരുന്നു. അജിത് പവാര്‍ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കുള്ള മധുരപ്രതികാരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ അജിത്ത് പവാർ പക്ഷത്ത് ഭിന്നത രൂക്ഷമായിരുന്നു. നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ് അജിത് പവാർ എൻസിപി പിളർത്തി ബിജെപി സഖ്യത്തിനൊപ്പം ചേർന്നത്. മറുകണ്ടം ചാടിയ അജിത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും ഒപ്പം വന്ന ഒമ്പത് എം.എൽ.എമാർക്ക് മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം കൊടുക്കുന്നതിനിടെ അജിത് പവാറിന്റെ നീക്കം അദ്ദേഹത്തിന് കനത്ത തിരിച്ചടിയായിരുന്നു.

പൊതു തെരഞ്ഞെടുപ്പിലെ ഭരണ സഖ്യത്തിൻ്റെ തോൽവിക്ക് ശേഷം വിധാൻ സഭാ തെരഞ്ഞെടുപ്പ് അജിത് പവാറിനെ സംബന്ധിച്ചിടത്തോളം വലിയൊരു ദൗത്യമായിരുന്നു. ഈ ദൗത്യത്തില്‍ പവാര്‍ കരുത്തുകാട്ടിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. അജിത് പവാര്‍ വിഭാഗത്തിന് പാര്‍ട്ടി ചിഹ്നമായ ക്ലോക്ക് ലഭിച്ചതും തെരഞ്ഞെടുപ്പില്‍ നേട്ടമായി. അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി, സുപ്രിയ സുലെയ്‌ക്കെതിരെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റാണെന്ന് അജിത് പവാർ ആവർത്തിച്ചിരുന്നു. എന്നാൽ തൻ്റെ സീറ്റ് 100 ശതമാനം ഉറപ്പിക്കുമെന്നും പറഞ്ഞിരുന്നു. ഈ തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച 32കാരനായ യുഗേന്ദ്ര പവാർ, സ്വന്തം അമ്മാവനെതിരെ മത്സരിക്കുന്നത് നിർഭാഗ്യകരമാണെന്നും അജിത് പവാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അജിത് പവാറിൻ്റെ സഹോദരൻ ശ്രീനിവാസ് പവാറിൻ്റെ മകനാണ് യുഗേന്ദ്ര പവാർ.

അതിനിടെ വോട്ടെണ്ണലിന് മുന്നോടിയായി അജിത് പവാറിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബാരാമതിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും അജിത് പവാര്‍ മഹാരാഷ്ട്രയിലെ കിങ് മേക്കറാകുമെന്നാണ് അജിത് പവാര്‍ പക്ഷ നേതാവ് അമോല്‍ മിത്കാരി പറഞ്ഞത്. അജിത് പവാര്‍ മുഖ്യമന്ത്രിയാകാന്‍ ശേഷിയുള്ള നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹായുതി സഖ്യം വീണ്ടും അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പാര്‍ട്ടിയുടെ വാദം ഉയര്‍ത്തിക്കാട്ടുക കൂടി ലക്ഷ്യമിട്ടാണ് പോസ്റ്ററെന്നാണ് വിലയിരുത്തല്‍.

TAGS :

Next Story