Quantcast

എന്‍.സി.പിയെ ഒറ്റയ്ക്ക് കൈപ്പിടിയിലാക്കി അജിത് പവാര്‍; കൂടെ 40 എം.എൽ.എമാരെന്ന് റിപ്പോര്‍ട്ട്

അവകാശപ്പെടുന്ന പിന്തുണയുണ്ടെങ്കിൽ അജിത് പവാറിന് അനായാസം കൂറുമാറ്റനിയമം മറികടക്കാനാകും

MediaOne Logo

Web Desk

  • Updated:

    2023-07-02 12:39:26.0

Published:

2 July 2023 11:01 AM GMT

Ajit Pawar has backing of 40 NCP MLAs and 6 NCP MLCs, Maharashtra Deputy CM Ajit Pawar, Ajit Pawar, NCP split
X

മുംബൈ: രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ച് പുതിയ രാഷ്ട്രീയ നാടകങ്ങൾക്കാണ് ഇപ്പോൾ മഹാരാഷ്ട്ര സാക്ഷിയാകുന്നത്. നിരവധി എം.എൽ.എമാരെ കൂടെക്കൂട്ടി മറുകണ്ടം ചാടിയിരിക്കുന്നത് പ്രതിപക്ഷത്തെ പ്രധാന നേതാവായ അജിത് പവാറാണ്. പ്രതിപക്ഷ നേതാവായിരുന്ന പവാർ കൂടുമാറ്റത്തിനുപിന്നാലെ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു.

40ലേറെ എം.എൽ.എമാരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കാര്യം മഹാരാഷ്ട്ര വനം മന്ത്രി സുധീർ മുൻഗാന്റിവാറും അവകാശപ്പെട്ടിട്ടുണ്ട്. എൻ.സി.പി ഒന്നാകെ സർക്കാരിനൊപ്പം ചേരുമെന്നാണ് മന്ത്രിയുടെ പ്രസ്താവന. ഓരോരുത്തർക്കുമുള്ള വകുപ്പുകൾ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വീതംവച്ചു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ 54 എം.എൽ.എമാരാണ് എൻ.സി.പിക്കുള്ളത്. ഇതിൽ 29 പേർ പിന്തുണ ഉറപ്പാക്കിക്കൊണ്ടുള്ള ഒപ്പുവച്ച കത്ത് തനിക്കൊപ്പമുണ്ടെന്നാണ് പവാർ അവകാശപ്പെടുന്നത്. 40 എം.എൽ.എമാരും ആറ് എം.എൽ.സിമാരും അദ്ദേഹത്തിനൊപ്പമുണ്ടെന്നും റിപ്പോർട്ടുണ്ട്. മുതിർന്ന നേതാവ് ഛഗൻ ഭുജ്പാലും കൂടുമാറിയ കൂട്ടത്തിലുണ്ട്. ഛഗനൊപ്പം ധനഞ്ജയ് മുണ്ടെ, ദിലീപ് വൽസെ പാട്ടീൽ ഉൾപ്പെടെ ഒൻപത് എം.എൽ.എമാരും മന്ത്രിസഭയിലെത്തിയിട്ടുണ്ട്.

അവകാശപ്പെടുന്ന പോലെ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെങ്കിൽ പാർട്ടിയുമായിട്ടായിരിക്കും അദ്ദേഹത്തിന്റെ പോക്ക്. മറുവശത്ത് ശരദ് പവാറിന്റെ നേതൃത്വത്തിൽ ഒരു ന്യൂനപക്ഷം മാത്രമായിരിക്കും ബാക്കിയുണ്ടാകുക. കൂറുമാറ്റ നിയമം മറിടക്കാൻ ആവശ്യമായതിലും അധികം പേരുടെ പിന്തുണ അജിതിനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

പ്രതിപക്ഷസ്ഥാനം ഒഴിയുമെന്ന് അജിത് പവാർ സൂചന നൽകി ദിവസങ്ങൾക്കകമാണ് മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയനാടകം അരങ്ങേറുന്നത്. ഇന്നു രാവിലെ മുംബൈയിലെ അജിത് പവാറിന്റെ വസതിയിൽ എൻ.സി.പി എം.എൽ.എമാർ യോഗം ചേർന്നിരുന്നു. പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സൂലെയും മുതിർന്ന നേതാവ് ഛഗൻ ഭുജ്പാലും യോഗത്തിൽ സംബന്ധിച്ചിരുന്നു. സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലിന്റെ അഭാവത്തിലായിരുന്നു യോഗം.

എന്നാൽ, യോഗത്തെക്കുറിച്ച് വിവരമില്ലെന്നാണ് എൻ.സി.പി തലവൻ ശരദ് പവാർ പ്രതികരിച്ചത്. എന്തിനാണ് യോഗം വിളിച്ചതെന്ന് അറിയില്ലെന്നും ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

Summary: Maharashtra Deputy CM Ajit Pawar has backing of 40 NCP MLAs and 6 NCP MLCs: Sources

TAGS :

Next Story