മഹായുതി സഖ്യത്തിലെ അനിശ്ചിതത്വങ്ങൾക്കിടെ അജിത് പവാർ അമിത് ഷായെ കണ്ടു
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബി.ജെ.പി നേതാക്കളും ആർ.എസ്.എസും അജിത് പവാർ പക്ഷത്തെ മഹായുതി സഖ്യത്തിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനമുന്നയിച്ചിരുന്നു.
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ മഹായുതി സഖ്യത്തിൽ അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ ഉപമുഖ്യമന്ത്രി അജിത് പവാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാത്രിയാണ് ഇരുവരും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്. ജൂലൈ 28ന് വീണ്ടും ചർച്ച നടത്തുമെന്ന് അജിത് പവാറുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഈ വർഷം ഒക്ടോബറിൽ മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹായുതി സഖ്യത്തിൽ കാര്യങ്ങൾ അത്ര ശുഭകരമായല്ല മുന്നോട്ടുപോകുന്നത്. ബി.ജെ.പിക്ക് പുറമേ ശിവസേന ഷിൻഡേ പക്ഷവും അജിത് പവാർ പക്ഷ എൻ.സി.പിയുമാണ് സഖ്യത്തിലുള്ളത്. സീറ്റ് വിഭജന ചർച്ചകൾ തുടങ്ങാനിരക്കെ അജിത് പവാർ പക്ഷത്തിനെതിരെ വിമർശനങ്ങൾ ഉയർന്നതാണ് കാര്യങ്ങൾ പ്രതിസന്ധിയിലാക്കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റ സംസ്ഥാനമാണ് മഹാരാഷ്ട്ര. 2019ൽ 23 സീറ്റുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ ഒമ്പത് സീറ്റിലേക്ക് ചുരുങ്ങി. തെരഞ്ഞെടുപ്പിൽ അജിത് പവാർ പക്ഷത്തിന്റെ പ്രകടനം ദയനീയമായിരുന്നു. നാല് സീറ്റിൽ മത്സരിച്ച എൻ.സി.പിക്ക് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. അജിത് പവാറിന്റെ ഭാര്യ സുനിത്ര ബരാമതി സീറ്റിൽ സിറ്റിങ് എം.പിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേയോട് പരാജയപ്പെട്ടിരുന്നു. സുനിത്ര പിന്നീട് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2023 ജൂലൈയിലാണ് അജിത് പവാർ എൻ.സി.പി പിളർത്തി ബി.ജെ.പിക്കൊപ്പം ചേർന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബി.ജെ.പി നേതാക്കളും ആർ.എസ്.എസും അജിത് പവാർ പക്ഷത്തെ മഹായുതി സഖ്യത്തിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനമുന്നയിച്ചിരുന്നു. ആർ.എസ്.എസിന്റെ മറാഠി വാരികയായ 'വിവേകി'ൽ അജിത് പവാറിനെതിരെ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
അജിത് പവാറിന്റെ കൂടുമാറ്റം ജനങ്ങളുടെ വികാരം എതിരാക്കിയെന്നും അതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതെന്നുമാണ് വിവേകിലെ ലേഖനം കുറ്റപ്പെടുത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് വില കൊടുത്തും ജയിക്കണമെന്നുറപ്പിച്ചുള്ള പ്രവർത്തനമാണ് ബി.ജെ.പി നടത്തുന്നത്. എന്നാൽ അജിത് പവാറുമായുള്ള ബന്ധം മുന്നണിയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുമെന്ന പൊതുവികാരം പാർട്ടിയിലുണ്ട്.
ബി.ജെ.പി അംഗങ്ങൾക്കും സംഘ്പരിവാറുമായി ബന്ധമുള്ളവർക്കുമൊന്നും എൻ.സി.പി സഖ്യം ഉൾക്കൊള്ളാനായിട്ടില്ലെന്ന് ആർ.എസ്.എസ് വാരികയിലെ ലേഖനത്തിൽ പറയുന്നുണ്ട്. വ്യവസായികൾ, വ്യാപാരികൾ, ഡോക്ടർമാർ, പ്രൊഫസർമാർ, അധ്യാപകർ തുടങ്ങി 200ലേറെ പേരുമായി ആശയവിനിമയം നടത്തിയാണ് ലേഖനം തയ്യാറാക്കിയതെന്നാണ് വാരിക അവകാശപ്പെടുന്നത്. ബി.ജെ.പി എൻ.സി.പിയുമായി കൂട്ടുകൂടിയതിലെ അമർഷം പ്രവർത്തകർക്കിടയിൽ ശക്തമാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിനൊപ്പമുണ്ടാവില്ലെന്ന് ഞായറാഴ്ച അജിത് പവാർ സൂചന നൽകിയിരുന്നു. പിംപ്രി-ചിഞ്ചവാഡിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് പവാർ സൂചിപ്പിച്ചത്. പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്താൻ അത് അനിവാര്യമാണെന്നും ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16