'എന്റെ ബാങ്ക് പ്രതിസന്ധിയിലായിരുന്നു; അജിത് പവാറിനൊപ്പം ചേര്‍ന്ന ശേഷം സർക്കാർ 300 കോടി തന്നു'; വെളിപ്പെടുത്തി എൻ.സി.പി എം.എൽ.എ
ശരത് പവാർ എന്നും തനിക്ക് ആദരണീയനും തന്റെ രാഷ്ട്രീയ കരിയറിൽ ഏറെ കടപ്പാടുള്ള നേതാവുമാണെന്നും രാജേന്ദ്ര ഷിംഗ്നെ പറഞ്ഞു
അജിത് പവാറിനൊപ്പം രാജേന്ദ്ര ഷിംഗ്നെ
മുംബൈ: പാർട്ടി പിളർപ്പിൽ അജിത് പവാറിനൊപ്പം ചേരാനുണ്ടായ കാരണം വെളിപ്പെടുത്തി എന്‍.സി.പി എം.എൽ.എ. അജിതിനൊപ്പം ചേര്‍ന്ന ശേഷം, പ്രതിസന്ധി നേരിട്ടിരുന്ന തന്‍റെ ബാങ്കിനു സര്‍ക്കാര്‍ കോടികള്‍ സഹായം നല്‍കിയെന്ന് എന്‍.സി.പി നേതാവ് രാജേന്ദ്ര ഷിംഗ്നെ പറഞ്ഞു. എന്നാല്‍, പാർട്ടി സ്ഥാപകനും മുതിർന്ന നേതാവുമായ ശരത് പവാർ അന്നും ഇന്നും ആദരിക്കുന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
ബുൽധാന ജില്ലയിലെ സിന്ദ്‌ഖേഡ് രാജ എം.എൽ.എയാണ് രാജേന്ദ്ര ഷിംഗ്നെ. വാർധയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു അദ്ദേഹം മനസ്സുതുറന്നത്. ചടങ്ങിൽ ശരത് പവാറും പങ്കെടുത്തിരുന്നു. പരിപാടിക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പവാറുമായുള്ള ബന്ധത്തെക്കുറിച്ച് എം.എൽ.എ വെളിപ്പെടുത്തിയത്.
എന്നും ശരത് പവാറിനെ ആദരിക്കുന്നയാളാണു താനെന്ന് ഷിംഗ്നെ പറഞ്ഞു. 30 വർഷത്തിലേറെക്കാലം അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴിലാണു പ്രവർത്തിച്ചത്. എന്റെ രാഷ്ട്രീയ കരിയറിൽ തന്നെ ഒരുപാട് സംഭാവനകൾ നൽകിയ നേതാവാണ് പവാർ. അതിന് എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുമെന്നും ഷിംഗ്നെ പറഞ്ഞു.
പിൽക്കാലത്ത് എന്റെ ജില്ലാ സഹകരണ ബാങ്ക്(ബുൽധാന) വലിയ പ്രതിസന്ധി അഭിമുഖീകരിച്ച സമയത്താണ് അജിത് പവാറിനൊപ്പം പോകേണ്ടിവന്നത്. അന്നു നിസ്സഹായനായിരുന്നു ഞാൻ. ഇപ്പോൾ ബാങ്കിന് സർക്കാരിൽനിന്ന് 300 കോടി രൂപ ലഭിച്ചു. പക്ഷേ, ശരത് പവാർ എന്നും തനിക്ക് ആദരണീയനായ നേതാവായിരിക്കുമെന്നും രാജേന്ദ്ര ഷിംഗ്നെ കൂട്ടിച്ചേർത്തു.
Summary: Had to go with Ajit Pawar as my bank faced troubles: NCP MLA Rajendra Shingne
Adjust Story Font
16