ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ 1000 കോടിയുടെ ബിനാമി കേസിൽ അജിത് പവാറിന് ക്ലീൻചിറ്റ്
2021 ഒക്ടോബർ ഏഴിനാണ് അജിത്തുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
മുംബൈ: ബിനാമി ഇടപാടുകേസിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും കുടുംബത്തിനും ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ക്ലീൻചിറ്റ്. മുന്നുവർഷം മുമ്പ് ആദായനികുതി വകുപ്പ് 1000 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയ കേസിലാണ് ക്ലീൻചിറ്റ് ലഭിച്ചത്. അജിത് പവാറിനെതിരായ ആദായനികുതി വകുപ്പിന്റെ ആരോപണങ്ങൾ ട്രൈബ്യൂണൽ തള്ളി.
2021 ഒക്ടോബർ ഏഴിനാണ് അജിത്തുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ കണ്ടെടുത്ത രേഖകളിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു കേസെടുത്തത്. ഹാജരാക്കിയ രേഖകളിൽ ബിനാമി ആരോപണം തെളിയിക്കുന്ന ഒന്നുമില്ലെന്നാണ് ട്രൈബ്യൂണലിന്റെ കണ്ടെത്തൽ.
സത്താറയിലെ പഞ്ചസാര ഫാക്ടറി, മുംബൈയിലെ ഓഫീസ് കെട്ടിടം, ഡൽഹിയിലെ ഫ്‌ളാറ്റ്, ഗോവയിലെ റിസോർട്ട്, മഹാരാഷ്ട്രയിലെ 27 ഇടത്തായുള്ള ഭൂവകകൾ എന്നിവയായിരുന്നു കണ്ടുകെട്ടിയത്. ബിനാമി സ്വത്ത് നിരോധന നിയമപ്രകാരമായിരുന്നു നടപടി. അജിത് പവാർ, സഹോദരിമാർ, ബന്ധുക്കൾ, അടുത്ത സുഹൃത്തുക്കൾ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയിരുന്നത്.
Adjust Story Font
16