Quantcast

'സംഭലിൽ നടന്നത് ആസൂത്രിതമായ സംഘർഷം; മസ്ജിദ് സർവേ രാജ്യത്തെ സാമുദായിക മൈത്രി തകർക്കും'; ലോക്‌സഭയിൽ വിഷയം ഉയർത്തി എസ്‍പി

പൊലീസ് ബാരിക്കേഡ് ഉയർത്തി നമസ്‌കാരം തടയാൻ ശ്രമിച്ചെന്നും നിരപരാധികൾക്കുനേരെ വെടിവച്ചെന്നും അഖിലേഷ്

MediaOne Logo

Web Desk

  • Published:

    3 Dec 2024 7:47 AM GMT

SPs Akhilesh Yadav alleges BJP conspiracy in Sambhal violence, says Shahi Jama Masjid survey could hurt harmony of the country, Sambhal violence, Sambhal Shahi Masjid survey
X

ന്യൂഡൽഹി: ലോക്‌സഭയിൽ സംഭൽ വിഷയം ഉയർത്തി സമാജ്‌വാദി പാർട്ടി. മസ്ജിദിലെ സർവേ നടപടി മതവികാരം വ്രണപ്പെടുത്തുന്നതും സമുദായമൈത്രി തകർക്കുന്നതുമാണെന്ന് എസ്‍പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. സർവേയ്ക്ക് ഉത്തരവിടുംമുൻപ് മസ്ജിദ് കമ്മിറ്റിയെ കോടതി കേട്ടില്ല. അവിടെ നടന്ന സംഘർഷം ബിജെപി ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.

ലോക്‌സഭയിൽ ശൂന്യവേളയിലാണ് അഖിലേഷ് വിഷയം ഉയർത്തിയത്. ജില്ലയിലെ മതസൗഹാർദം തകർക്കാൻ വേണ്ടി കൃത്യമായി ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപിയെ ലക്ഷ്യമിട്ട് അദ്ദേഹം ആരോപിച്ചു. ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിതിരിച്ചുവിടാൻ വേണ്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് സംഭൽ മസ്ജിദ് സർവേയും തുടർന്നുള്ള സംഘർഷവുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസാണ് പ്രതിഷേധക്കാർക്കുനേരെ വെടിവച്ചതെന്നും അഖിലേഷ് ആരോപിച്ചു.

'മതസൗഹാർദത്തിനു പേരുകേട്ട നാടാണ് സംഭൽ. എന്നാൽ, വളരെ പെട്ടെന്നാണു കൃത്യമായ ആസൂത്രണത്തോടെ എല്ലാം സംഭവിക്കുന്നത്. സംഭലിലെ സൗഹാർദത്തിനുനേരെയാണ് വെടിവയ്പ്പുണ്ടായത്. അവിടെ സർവേ നടത്തണമെന്ന ബിജെപിയുടെയും അനുയായികളുടെയും ആവശ്യം രാജ്യത്തെ തന്നെ സാമുദായിക സൗഹാർദത്തെ തകർക്കും.'

പൊലീസും സർക്കാരുമാണ് സംഭൽ സംഘർഷത്തിന് കാരണം. പൊലീസ് ബാരിക്കേഡ് ഉയർത്തി നമസ്‌കാരം തടയാൻ ശ്രമിച്ചു. നിരപരാധികൾക്കുനേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. പ്രതിഷേധക്കാരെ അനധികൃതമായ തോക്ക് കൊണ്ടാണ് പൊലീസ് നേരിട്ടതെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

അഖിലേഷിന്റെ പരാമർശങ്ങൾക്കെതിരെ സഭയിൽ എൻഡിഎ അംഗങ്ങൾ ശക്തമായ പ്രതിഷേധമുയർത്തി. പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാളും കൊല്ലപ്പെട്ടിട്ടില്ലെന്ന് ബിജെപി എംപി കൻവാർ തൻവാർ സിങ് അവകാശപ്പെട്ടു. പ്രതിഷേധക്കാർ നടത്തിയ വെടിവയ്പ്പിലാണ് എല്ലാവരും കൊല്ലപ്പെട്ടതെന്നും 'സബർമതി റിപ്പോർട്ട്' സിനിമയിൽ കണ്ടതാണ് സംഭലിൽ നടന്നതെന്നും അംറോഹ എംപി പറഞ്ഞു.

രാജ്യസഭയിലും എസ്പി സംഭൽ വിഷയം ഉയർത്തിയിരുന്നു. അദാനി വിഷയത്തിൽ ഇൻഡ്യ സഖ്യ എംപിമാരുടെ പ്രതിഷേധത്തിൽനിന്നു വിട്ടുനിന്നാണ് എസ്പി അംഗങ്ങൾ സംഭലിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ടത്. എസ്‍പി നേതാവ് രാംഗോപാൽ യാദവാണ് രാജ്യസഭയിൽ വിഷയം ഉയർത്തിയത്.

Summary: Akhilesh Yadav alleges BJP conspiracy in Sambhal violence, says Shahi Jama Masjid survey could hurt harmony of the country

TAGS :

Next Story