എല്ലാ വകുപ്പ് മേധാവികളും മോദിയുടെ 'മൻ കി ബാത്ത്' നിർബന്ധമായി കേൾക്കണം; സർക്കുലറുമായി ഗോവ സർക്കാർ
ഗോവ വികസിപ്പിക്കുന്നതിന് മൻ കി ബാത്ത് ഉപകാരപ്പെടുമെന്ന് മുഖ്യമന്ത്രി
പനാജി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ ബ്രോഡ്കാസ്റ്റായ മൻ കി ബാത്ത് നിർബന്ധമായും കേൾക്കാൻ എല്ലാ സർക്കാർ വകുപ്പുകളിലെ മേധാവികൾക്കും നിർദേശം നൽകി ഗോവ സർക്കാർ.
ജനറൽ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പിന്റെ അണ്ടർ സെക്രട്ടറിയായ ശ്രേയസ് ഡി സിൽവയാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. ഗോവ സംസ്ഥാനത്തിന്റെ ഭരണവും സേവനവും വർധിപ്പിക്കുന്നതിനും ഇവ നടപ്പിലാക്കുന്നതിനും മൻ കി ബാത്തിലെ നല്ല നിർദേശങ്ങളും മികച്ച പ്രവർത്തനങ്ങളും നിരീക്ഷിക്കണമെന്നും ഇതിൽ നിന്ന് പ്രചോദനമുൾക്കൊള്ളണമെന്നും സർക്കുലറിൽ പറയുന്നു.
സാധാരണ പൗരന്മാരുടെ ആശയങ്ങളും ചിന്തകളും നിരീക്ഷിക്കുന്നതിലും ദൈനംദിന സർക്കാർ സേവനങ്ങളിൽ ഇവ നടപ്പാക്കുന്നതിലും മൻ കി ബാത്ത് സഹായകമാവുമെന്ന് സർക്കുലറിൽ പറയുന്നു.
ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്തും മൻ കി ബാത്ത് കേൾക്കാൻ ഉദ്യോഗസ്ഥരോട് തന്റെ എക്‌സിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളം മാറ്റങ്ങൾ കൊണ്ടുവന്ന് വിജയഗാഥകളിൽ നിന്ന് പ്രചോദനമുൾക്കൊള്ളാനും ഗോവയിലെ സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താനും മൻ കി ബാത്ത് ഉപകാരപ്പെടുമെന്ന് മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
ദേശീയതലത്തിൽ അനുകരണീയയമായ പുരോഗമന ഭരണരീതികൾ കൊണ്ടുവരുന്നതിൽ ഗോവ മുൻനിരയിലാണ്. വ്യക്തികളിൽ നിന്നോ സംസ്ഥാന സംരംഭങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ പ്രചോദനമുൾക്കൊള്ളുകയും നൂതനമായ രീതികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്, ജീവിതനിലവാരം വർധിപ്പിക്കുന്നതിലും, ബിസിനസ് വളർത്തുന്നതിലും ഗോവ വികസിപ്പിക്കുന്നതിലും ഇത് ഉപകാരപ്പെടുമെന്ന് അദേഹം കൂട്ടിച്ചേർത്തു.
2014 മുതൽ രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച റേഡിയോ ബ്രോഡ്കാസ്റ്റാണ് മൻ കി ബാത്ത്.
Adjust Story Font
16