Quantcast

'മൂന്നിടത്തായുള്ള കളിയില്ല, അമരാവതി തലസ്ഥാനം': മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞക്ക് മുമ്പെ നിലപാട് വ്യക്തമാക്കി നായിഡു

ആന്ധ്രാപ്രദേശിൽ ടി.ഡി.പിയുടെ വൻ വിജയത്തിന് ശേഷം അമരാവതി വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറുകയാണ്

MediaOne Logo

Web Desk

  • Published:

    11 Jun 2024 1:36 PM GMT

മൂന്നിടത്തായുള്ള കളിയില്ല, അമരാവതി  തലസ്ഥാനം: മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞക്ക് മുമ്പെ നിലപാട് വ്യക്തമാക്കി നായിഡു
X

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം അമരാവതിയായിരിക്കുമെന്ന് തെലുങ്ക് ദേശം പാര്‍ട്ടി(ടി.ഡി.പി) തലവന്‍ ചന്ദ്രബാബു നായിഡു. സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാളെയാണ്(ബുധനാഴ്ച) ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

അമരാവതി ആന്ധ്രാപ്രദേശിന്റെ ഏക തലസ്ഥാനമായിരിക്കുമെന്നും പോളവാരം ജലസേചന പദ്ധതി പൂർത്തിയാക്കുമെന്നും നായിഡു വ്യക്തമാക്കി. വിശാഖപട്ടണത്തെ സാമ്പത്തിക തലസ്ഥാനമായും വിപുലമായ പ്രത്യേക നഗരമായും വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''അമരാവതി നമ്മുടെ തലസ്ഥാനമായിരിക്കും. ഞങ്ങൾ ക്രിയാത്മക രാഷ്ട്രീയമാണ് പിന്തുടരുക, അല്ലാതെ പ്രതികാര രാഷ്ട്രീയമല്ല. മൂന്നു തലസ്ഥാനമെന്ന രീതിയിലുള്ള കളികൾ ഞങ്ങൾ നടത്തില്ല. ജനങ്ങൾ തന്ന അധികാരം വിനിയോഗിച്ച് സംസ്ഥാന വികസനത്തിനായി പ്രവർത്തിക്കും’’- നായിഡു പറഞ്ഞു.

വിജയവാഡയിൽ നടന്ന എൻ.ഡി.എ ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിലാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യത്തിന്റെ നേതാവായി അദ്ദേഹത്തെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയും ചെയ്തു. ജനസേന പാർട്ടി അധ്യക്ഷൻ കെ പവൻ കല്യാണാണ് നായിഡുവിന്റെ പേര് നിര്‍ദേശിച്ചത്. ഇതിനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിയുമായ ഡി പുരന്ദേശ്വരി പിന്തുണച്ചു.

ആന്ധ്രാപ്രദേശിൽ ടി.ഡി.പിയുടെ വൻ വിജയത്തിന് ശേഷം അമരാവതി വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. അമരാവതിയെ തലസ്ഥാനമായി ചന്ദ്രബാബു നായിഡു നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മുഖ്യമന്ത്രിയായ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി ഇക്കാര്യത്തിൽ താൽപര്യമെടുത്തില്ല.

ലെജിസ്ലേറ്റീവ് (നിയമനിർമാണ സഭ) തലസ്ഥാനമായി അമരാവതിയും എക്സിക്യൂട്ടീവ് (ഭരണനിർവഹണം) തലസ്ഥാനമായി വിശാഖപട്ടണവും ജുഡീഷ്യൽ (നീതിന്യായ) തലസ്ഥാനമായി കർണൂലും നിശ്ചയിക്കുകയായിരുന്നു. ചന്ദ്രബാബു നായിഡു വീണ്ടും അധികാരത്തിലെത്തിയതോടെയാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അമരാവതി വികസനം പുനരുജ്ജീവിപ്പിക്കുമെന്ന് നായിഡു വാഗ്ദാനം ചെയ്തിരുന്നു. ഇതാണിപ്പോള്‍ നടപ്പിലാക്കുന്നത്.

TAGS :

Next Story