തെരഞ്ഞെടുപ്പ് ചെലവ് റിപ്പോർട്ടിൽ അവ്യക്തത: എഞ്ചിനീയർ റാഷിദിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ചെലവ് റിപ്പോർട്ടിങ്ങിൽ പരാജയപ്പെട്ടാൽ നിയമമപ്രകാരം മൂന്ന് വർഷത്തേക്ക് അയോഗ്യനാക്കുമെന്നും മുന്നറിയിപ്പ്
ശ്രീനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചെലവ് റിപ്പോർട്ടിൽ അപാകതയാരോപിച്ച് എം.പി. ഷെയ്ഖ് അബ്ദുൾ റാഷിദ് എന്ന എൻജിനീയർ റാഷിദിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. റാഷീദ് സമർപ്പിച്ച റിപ്പോർട്ടിൽ പൊരുത്തക്കേടുണ്ടെന്ന് കാണിച്ചാണ് കമ്മീഷന്റെ നടപടി. ജമ്മു കാശ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽ നിന്നാണ് ഷെയ്ഖ് അബ്ദുൾ റാഷീദ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പിൽ ചിലവായ തുക സംബന്ധിച്ച് റാഷിദ് സമർപ്പിച്ച ചെലവ് രജിസ്റ്ററിൽ 2.10 ലക്ഷം രൂപയും നിരീക്ഷകരുടെ ഷാഡോ രജിസ്റ്ററിൽ രേഖപ്പെടുത്തിയത് 13.78 ലക്ഷം രൂപയുമാണ്. ഈ സാഹചര്യത്തിലാണ് കമ്മീഷൻ റാഷിദിന് നോട്ടീസ് അയച്ചത്.
വിഷയത്തിൽ വ്യക്തത വരുത്തിയ റിപ്പോർട്ട്-വിശദീകരണം റഷീദോ അദ്ദേഹത്തിൻ്റെ പ്രതിനിധിയോ ജില്ലാ ചെലവ് നിരീക്ഷണ സമിതിക്ക് മുമ്പാകെ രണ്ട് ദിവസത്തിനകം സമർപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. തെരഞ്ഞെടുപ്പ് ചെലവ് റിപ്പോർട്ടിങിൽ പരാജയപ്പെട്ടാൽ, 1951 ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് മൂന്ന് വർഷത്തേക്ക് അയോഗ്യനാക്കുമെന്നും നോട്ടീസിൽ പരാമർശമുണ്ട്.
അതിനിടെ റാഷിദിന് ജൂലൈ 5ന് ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ രണ്ട് മണിക്കൂർ കസ്റ്റഡി പരോൾ അനുവദിച്ചു. ജൂലൈ അഞ്ചിന് രണ്ട് മണിക്കൂർ നേരത്തേക്കാണ് പരോൾ. നിബന്ധനകളോടെയാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ചന്ദർ സിങ് റാഷിദിന് പരോൾ അനുവദിച്ചത്. പാർലമെൻ്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സമ്മതം നൽകിയതിന് തൊട്ടുപിന്നാലെയാണിത്.
മൊബൈൽ ഫോൺ ഉപയോഗിക്കരുത്, ഇന്റർനെറ്റ് ഉപയോഗിക്കരുത്, മാധ്യമപ്രവർത്തകരോട് സംസാരിക്കരുത് എന്നിവയാണ് നിബന്ധനകൾ. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യം കോടതി അനുവദിച്ചെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ ചിത്രങ്ങളെടുക്കാനോ ഏതെങ്കിലും രൂപത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനും കോടതി അനുമതി നിഷേധിച്ചു.
2017ലെ തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 2019 ലാണ് റാഷിദിനെ അറസ്റ്റ് ചെയ്തത്. അതിനെ തുടർന്ന് തിഹാർ ജയിലിൽ തടവിൽ കഴിയുന്ന റാഷിദ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ബാരാമുള്ളയിൽ നിന്ന് മത്സരിച്ചിത്. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയാണ് റാഷിദ് പരാജയപ്പെടുത്തിയത്.
.
Adjust Story Font
16