ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയ സംഭവം; താജ്സാറ്റ്‌സിന് എഫ്എസ്എസ്എഐ നോട്ടീസ്
എയർ ഇന്ത്യാ വിമാനത്തിൽ ജൂൺ 10നായിരുന്നു സംഭവം
ഡൽഹി: യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയ സംഭവത്തിൽ കാറ്ററിങ് കമ്പനിക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നോട്ടീസയച്ചു. വിമാന കാറ്ററിങ് കമ്പനിയായ താജ്സാറ്റ്‌സിനാണ് എഫ്എസ്എസ്എഐ മെച്ചപ്പെടുത്തൽ ആവശ്യപ്പെട്ട് നോട്ടീസയച്ചത്.
എഫ്എസ്എസ്എഐ സിഇഒ കമല വർധന റാവുവാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത താജ്‌സാറ്റ്‌സിന്റെ ബംഗളൂരുവിലെ ഒഫീസിൽ പരിശോധന നടത്തിയതായും അവർ പറഞ്ഞു. നോട്ടീസ് നൽകിയതായി എഫ്എസ്എസ്എഐയും എക്സിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
ബാംഗ്ലൂർ-സാൻ ഫ്രാൻസിസ്‌കോ റൂട്ടിൽ സർവീസ് നടത്തുന്ന എയർ ഇന്ത്യാ വിമാനത്തിൽ ജൂൺ 10നായിരുന്നു സംഭവം. മാധ്യമപ്രവർത്തകനായ മാത്യുറസ് പോൾ ആണ് തനിക്ക് ഭക്ഷണത്തിൽ നിന്ന് ബ്ലേഡ് കിട്ടിയതായി എക്സിൽ കുറിപ്പ് പങ്കു വച്ചത്. എയർ ഇന്ത്യയുടെ വിഭവങ്ങളുപയോഗിച്ച് സാധനങ്ങൾ മുറിക്കാമെന്നായിരുന്നു വിമർശനം. ബ്ലേഡിന്റെ ചിത്രമുൾപ്പടെ പോൾ പങ്കുവയ്ക്കുകയും ചെയ്തു.
വായിലിട്ട ശേഷമാണ് ഭക്ഷണത്തിൽ ബ്ലേഡ് ഉണ്ടെന്ന് ഇദ്ദേഹം തിരിച്ചറിയുന്നത്. ഉടൻ തന്നെ തുപ്പി. തുടർന്ന് വിവരം ഫ്ളൈറ്റ് ജീവക്കാരെ അറിയിക്കുകയായിരുന്നു. എന്നാൽ പച്ചക്കറി മുറിച്ച ശേഷം ബ്ലേഡ് അറിയാതെ ഭക്ഷണത്തിൽ ഉൾപ്പെട്ടതാണെന്നായിരുന്നു എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്സിപീരിയൻസ് ഓഫീസർ രാജേഷ് ദോഗ്റ നൽകിയ വിശദീകരണം.
എയർ ഇന്ത്യ ബിസിനസ് ക്ലാസിൽ നേരിടേണ്ടി വന്ന യാത്രയ്ക്കിടെ നേരിടേണ്ടി വന്ന ദുരനുഭവം പങ്കു വച്ച് മറ്റൊരു യാത്രക്കാരൻ പോസ്റ്റ് ചെയ്ത കുറിപ്പും വിവാദമായിരുന്നു. വിനീത് എന്ന യാത്രക്കാരനാണ് എക്സിലൂടെ ഭുരനുഭവത്തെക്കുറിച്ച് പങ്കുവച്ചത്. ഒരു പേടിസ്വപ്നത്തെക്കാൾ ഒട്ടും കുറവായിരുന്നില്ല യാത്രയെന്നായിരുന്നു വിനീതിന്റെ വിമർശനം. പാകം ചെയ്യാത്ത ഭക്ഷണവും ജീർണിച്ച സീറ്റുകളുമാണ് ബിസിനസ് ക്ലാസിൽ തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹം കുറിച്ചത്. ഈ സംഭവത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ പ്രസ്താവനയിറക്കിയിരുന്നു.
Adjust Story Font
16