Quantcast

രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി നായിഡു; ടി.ഡി.പി നീക്കമെന്ത്?

കോണ്‍ഗ്രസിലേക്കു കൂടുമാറും ടി.ഡി.പിയില്‍ ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനായിരുന്നു രേവന്ത് റെഡ്ഡി

MediaOne Logo

Web Desk

  • Published:

    2 July 2024 6:39 AM GMT

TDP leader and Andhra Pradesh CM Chandrababu Naidu to meet Telangana CM Revanth Reddy, sets political circles abuzz
X

ചന്ദ്രബാബു നായിഡു, രേവന്ത് റെഡ്ഡി

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ചന്ദ്രബാബു നായിഡു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായാണ് നായിഡുവിന്റെ കൂടിക്കാഴ്ച നടക്കാനിരിക്കുന്നത്. ടി.ഡി.പി നേതാവ് തന്നെയാണു കത്തിലൂടെ നിര്‍ദേശം മുന്നോട്ടുവച്ചത്.

വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു നായിഡുവിന്റെ കത്ത്. ജൂലൈ ആറിന് ഹൈദരാബാദിലാണു കൂടിക്കാഴ്ച നടക്കുന്നതെന്നാണു വിവരം. ആന്ധ്രാ വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇരു മുഖ്യമന്ത്രിമാരും നേരില്‍കാണുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, മറ്റു ചര്‍ച്ചകളും കൂടിക്കാഴ്ചയിലുണ്ടായേക്കും.

''പഴയ ആന്ധ്രയുടെ വിഭജനത്തിനുശേഷം 10 വര്‍ഷം പിന്നിട്ടു. പുനഃസംഘടനാ നിയമവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നമ്മുടെ സംസ്ഥാനങ്ങളുടെ ക്ഷേമത്തിലും പുരോഗതിയിലുമെല്ലാം ഇതു വലിയ തടസമാകുന്നുണ്ട്''-രേവന്ത് റെഡ്ഡിക്ക് എഴുതിയ കത്തില്‍ നായിഡു ചൂണ്ടിക്കാട്ടി.

ഹൈദരാബാദിനെ ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാനമാക്കിക്കൊണ്ടുള്ള 2014ലെ ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമത്തിന്റെ കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു. ഇതോടെ ഹൈദരാബാദ് തെലങ്കാന തലസ്ഥാനം മാത്രമായി. ആന്ധ്രയ്ക്ക് ഇതുവരെയും ഔദ്യോഗികമായൊരു തലസ്ഥാനമില്ല. അമരാവതിയെ തലസ്ഥാനമാക്കി വികസിപ്പിക്കുമെന്നാണ് ടി.ഡി.പി മുന്‍പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍.സി.പി സര്‍ക്കാര്‍ അമരാവതി, കര്‍ണൂല്‍, വിശാഖപട്ടണം എന്നിങ്ങനെ മൂന്ന് തലസ്ഥാനമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. അമരാവതിയില്‍ നിയമസഭയിലും കര്‍ണൂലില്‍ ഹൈക്കോടതിയും വിശാഖപട്ടണത്ത് സെക്രട്ടറിയേറ്റും എന്ന തരത്തിലായിരുന്നു നിര്‍ദേശം.

അതേസമയം, കോണ്‍ഗ്രസിലേക്കു കൂടുമാറും മുന്‍പ് ടി.ഡി.പി നേതാവായിരുന്നു രേവന്ത് റെഡ്ഡി. പാര്‍ട്ടി തലവന്‍ ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനുമായിരുന്നു. അതുകൊണ്ടുതന്നെ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു രാഷ്ട്രീയ മാനങ്ങളേറെയാണ്. ടി.ഡി.പിയുടെ പിന്തുണയിലാണ് കേന്ദ്രത്തില്‍ ബി.ജെ.പി ഇത്തവണ അധികാരം പിടിച്ചത്. ആന്ധ്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണയുണ്ടായിരുന്നെങ്കിലും ടി.ഡി.പിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചിരുന്നു.

Summary: TDP leader and Andhra Pradesh CM Chandrababu Naidu to meet Telangana CM Revanth Reddy, sets political circles abuzz

TAGS :

Next Story