Quantcast

കേന്ദ്രസർക്കാറിന്റെ പ്രചാരണ ഉപകരണമായി പ്രവർത്തിച്ചെന്ന് വിവരണം: വിക്കിപീഡിയക്കെതിരെ രണ്ടുകോടിയുടെ മാനനഷ്ടക്കേസ് നൽകി എ.എൻ.ഐ

വിക്കിപീഡിയയിലെ വിവരണത്തിലെ ഉള്ളടക്കം അപകീർത്തികരമാണെന്ന് എഎൻഐ

MediaOne Logo

Web Desk

  • Published:

    9 July 2024 7:39 AM GMT

ANI ,Defamation Suit ,ANI Defamation Suit ,Wikipedia,ANI Media Private Limited,defamatory content,വിക്കിപീഡിയ,എ.എൻ.ഐ,വാര്‍ത്താഏജന്‍സി,വിക്കിപീഡിയക്കെതിരെ മാനനഷ്ടക്കേസ്
X

ന്യൂഡൽഹി: അപകീർത്തികരമായ വിവരണം നൽകിയെന്നാരോപിച്ച് വിക്കിപീഡിയക്കെതിരായി രണ്ടുകോടിയുടെ മാനനഷ്ടക്കേസ് നൽകി വാർത്താ ഏജൻസിയായ എ.എൻ.ഐ. 'നിലവിലുള്ള കേന്ദ്ര സർക്കാരിന്റെ പ്രചാരണ ഉപകരണമായി പ്രവർത്തിക്കുകയും വ്യാജവാർത്തകൾ നൽകിയതിനും സംഭവങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തതിനും വാർത്താ ഏജൻസി നിരവധി തവണ വിമർശിക്കപ്പെട്ടു' എന്നായിരുന്നു എ.എൻ.ഐക്കക്കുറിച്ച് വിക്കിപീഡിയ വിവരണം നൽകിയത്.

ഇതിനെതിരെയാണ് ഡൽഹി ഹൈക്കോടതിയിൽ എഎൻഐ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. വിക്കിപീഡിയയിലെ വിവരണത്തിലെ ഉള്ളടക്കം അപകീർത്തികരമാണെന്ന് എഎൻഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധന്ത് കുമാർ കോടതിയെ അറിയിച്ചു. വിക്കിപീഡിയയിലെ വിവരണം എ.എൻ.ഐക്ക് എഡിറ്റ് ചെയ്യാനാകുന്നില്ലെന്നും പേജ് ബ്ലോക്ക് ചെയ്തിരിക്കുകയുമാണെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. വാർത്താ ഏജൻസിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനും അതിന്റെ ഗുണഭോക്താക്കളെ അപകീർത്തിപ്പെടുത്താനുമുള്ള ദുരുദ്ദേശ്യത്തോടെ വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കമാണ് പ്രസിദ്ധീകരിച്ചതെന്നും എ.എൻ.ഐയുടെ പരാതിയിൽ പറയുന്നു.

വിക്കിപീഡിയയ്ക്ക് അഭിപ്രായങ്ങൾ പറയാൻ അർഹതയുണ്ടെന്നും കോടതിയിൽ അതിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുമെന്നും ജസ്റ്റിസ് ചൗള പറഞ്ഞു. പുതിയ മാനേജ്മെന്റിന് കീഴിൽ, 500-ലധികം ജീവനക്കാരാണ് എ.എൻ.ഐയിൽ പ്രവർത്തിക്കുന്നതെന്നും പരമാവധി വരുമാനം ലഭിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും ആരോപണമുയർന്നിട്ടുണ്ടെന്നും വിക്കിപീഡിയയുടെ വിവരണത്തിലുണ്ട്. എ.എൻ.ഐയിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റമില്ലെന്നും തങ്ങളുടെ മുൻ ജീവനക്കാരോട് മോശമായി പെരുമാറിയെന്നും ഒന്നിലധികം ജീവനക്കാർ ആരോപിച്ചതായും പറയപ്പെടുന്നു.

2023 ജൂലായ് 20 ന്, 2023 മണിപ്പൂർ അക്രമത്തിനിടെ രണ്ട് കുക്കി സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ എ.എൻ.ഐ മുസ്‍ലിംകളെയാണ് കുറ്റപ്പെടുത്തിയതെന്നും വിക്കിപീഡിയിൽ പറയുന്നുണ്ട്. ഇതെല്ലാം എ.എൻ.ഐയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതായും വാർത്താ ഏജൻസി നൽകിയ പരാതിയിൽ പറയുന്നു. വിക്കിപീഡിയയിൽ നൽകിയ ഉള്ളടക്കങ്ങൾ പിൻവലിക്കണമെന്നും നഷ്ടപരിഹാരമായി രണ്ടു കോടി നൽകണമെന്നും എ.എൻ.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വാദം കേൾക്കുന്നതിനായി ആഗസ്റ്റ് 20 ലേക്ക് മാറ്റിയിട്ടുണ്ട്.


TAGS :

Next Story