'കാണ്ഡഹാർ സീരീസിലെ നാല് എപ്പിസോഡുകൾ നീക്കണം'; നെറ്റ്ഫ്‌ളിക്‌സിനെതിരെ നിയമനടപടിയുമായി എഎൻഐ
പരാതിയിൽ വിശദീകരണം നൽകാൻ നെറ്റ്ഫ്‌ളിക്‌സിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്
ന്യൂഡൽഹി: കാണ്ഡഹാർ വിമാനറാഞ്ചൽ പ്രമേയമായ നെറ്റ്ഫ്‌ളിക്‌സ് വെബ് സീരീസിൽ ഇനിയും വിവാദം ഒടുങ്ങുന്നില്ല. 'ഐസി 814: ദി കാണ്ഡഹാർ ഹൈജാക്ക്' എന്ന സീരീസിൽ ഒടിടി പ്ലാറ്റ്‌ഫോമിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് വാർത്താ ഏജൻസിയായ എഎൻഐ. ഏജൻസിയുടെ കണ്ടന്റുകൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ചാണു നടപടി. നാല് എപ്പിസോഡുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നെറ്റ്ഫ്‌ളിക്‌സിനെതിരെ പരാതിയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എഎൻഐ. കോപിറൈറ്റുള്ള തങ്ങളുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ വെബ്‌സീരീസിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പരാതിയിൽ വാദിക്കുന്നത്. ഇതോടൊപ്പം ഏജൻസിയുടെ ട്രേഡ്മാർക്കും ഉപയോഗിച്ചിട്ടുണ്ട്. വെബ് സീരീസിനെ ചൊല്ലി വിവാദങ്ങൾ ഉടലെടുത്ത പശ്ചാത്തലത്തിൽ ഏജൻസിയുടെ സൽപ്പേരിനു കൂടിയാണ് കളങ്കമാകുന്നതെന്ന് എഎൻഐ അഭിഭാഷകൻ സിദ്ധാന്ത് കുമാർ പറഞ്ഞു.
എഎൻഐ ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് ആരോപിക്കപ്പെടുന്ന നാല് എപ്പിസോഡുകൾ നീക്കം ചെയ്യണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുമതി തേടി 2011ൽ നിർമാതാവ് ഏജൻസിയെ സമീപിച്ചിരുന്നു. എന്നാൽ, ഇതുവരെയും ഇക്കാര്യത്തിൽ ഔദ്യോഗികരമായ കരാറുണ്ടായിട്ടില്ല. വെബ് സീരീസുമായി സഹകരിച്ചു പ്രവർത്തിക്കാനും ഏജൻസിക്കു താൽപര്യമില്ലെന്നും അഭിഭാഷകൻ വാദിച്ചു.
ഹൈക്കോടതി ഹരജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. പരാതിയിൽ വിശദീകരണം നൽകാൻ നെറ്റ്ഫ്‌ളിക്‌സിനോട് ആവശ്യപ്പെട്ടു. അതേസമയം, വെബ് സീരീസിൽ ഉപയോഗിച്ച ദൃശ്യങ്ങൾ മറ്റു രണ്ടു സ്ഥാപനങ്ങളിൽനിന്നു വാങ്ങിയതാണെന്നാണ് ഒടിടി പ്ലാറ്റ്‌ഫോം പ്രതികരിച്ചത്. ഇതിനായി ഒരു കോടിയിലേറെ മുടക്കിയിട്ടുമുണ്ടെന്നും നെറ്റ്ഫ്‌ളിക്‌സ് അഭിഭാഷകൻ അറിയിച്ചു.
വെബ് സീരീസിൽ യഥാർഥ കഥാപാത്രങ്ങളെ വളച്ചൊടിച്ചെന്ന് ആരോപിച്ച് നേരത്തെ കേന്ദ്ര സർക്കാർ നെറ്റ്ഫ്‌ളിക്‌സ് കണ്ടന്റ് മേധാവിയെ വിളിച്ചുവരുത്തിയിരുന്നു. വിമാനം റാഞ്ചിയ സംഘാംഗങ്ങളുടെ പേര് മാറ്റിയെന്നായിരുന്നു ആരോപണം. കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജുവിനു മുന്നിൽ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യൻ കണ്ടന്റ് വിഭാഗം മേധാവി മോണിക ഷെർഗിൽ ഹാജരാകുകയും ചെയ്തു. തുടർന്ന് വിമാനം റാഞ്ചിയവരുടെ യഥാർഥ പേരുകൾ സീരീസിന്റെ ഡിസ്‌ക്ലേമറിൽ എഡിറ്റ് ചെയ്തു ചേർത്തിരുന്നു.
വെബ് സീരീസിനെതിരെ സംഘ്പരിവാർ അനുകൂല ഹാൻഡിലുകൾ സോഷ്യൽ മീഡിയയിൽ വിമർശനമുയർത്തിയതായിരുന്നു പുതിയ വിവാദങ്ങളുടെ തുടക്കം. സീരീസിൽ വിമാനം റാഞ്ചിയ അഞ്ചു ഭീകരർക്ക് രഹസ്യനാമങ്ങളാണു നൽകിയിരുന്നത്. ഇവരുടെ മുസ്ലിം പേരുകൾ ബോധപൂർവം ഒളിപ്പിച്ചെന്നായിരുന്നു ആരോപണം. ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണാവത്ത്, ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഉൾപ്പെടെയുള്ള പ്രമുഖർ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിനെ ആസ്പദമാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്ത 'ഐ.സി 814: ദി കാണ്ഡഹാർ ഹൈജാക്ക്' വെബ്‌സീരീസ് കഴിഞ്ഞ ആഗസ്റ്റ് 29നാണ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തത്. ബോളിവുഡ് താരം വിജയ് വർമയാണു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഐ.സി 814 എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ എയർലൈൻസ് 814 വിമാനം റാഞ്ചിയ ഭീകരസംഘാംഗങ്ങളുടെ പേര് സീരിസിൽ മാറ്റിയെന്നാണ് ഇപ്പോൾ ആരോപണമുയർന്നത്. പാകിസ്താൻ സ്വദേശികളായ ഇബ്രാഹിം അത്ഹർ, ഷാഹിദ് അക്തർ, സണ്ണി അഹ്‌മദ് ഖാസി, സഹൂർ മിസ്ത്രി, ഷാക്കിർ എന്നിവർ ചേർന്നാണ് വിമാനം റാഞ്ചിയത്. വെബ് സീരീസിൽ ബോല, ശങ്കർ, ഡോക്ടർ, ബർഗർ, ചീഫ് എന്നിങ്ങനെ ഇവരുടെ രഹസ്യനാമങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
വിമാനം റാഞ്ചിയ ഭീകരവാദികൾ പരസ്പരം വിളിച്ചിരുന്ന രഹസ്യനാമങ്ങളാണ് വെബ് സീരീസിലും ഉപയോഗിച്ചതെന്ന് വെബ് സീരീസിന്റെ കാസ്റ്റിങ് ഡയരക്ടർ മുകേഷ് ഛബ്ര വിശദീകരിച്ചു. വിമാനറാഞ്ചലുമായി ബന്ധപ്പെട്ടു കൃത്യമായ ഗവേഷണം നടത്തിയിട്ടുണ്ട്. അപരനാമമെന്നോ വ്യാജ നാമമെന്നോ എന്തു തന്നെ വിളിച്ചാലും, ഇതേ പേരിലായിരുന്നു അവർ പരസ്പരം അഭിസംബോധന ചെയ്തിരുന്നതെന്നും മുകേഷ് ചൂണ്ടിക്കാട്ടി.
എന്നാൽ, തങ്ങളുടെ മുസ്ലിം സ്വത്വം മറച്ചുവയ്ക്കാൻ വേണ്ടിയാണ് ഭീകരർ രഹസ്യനാമങ്ങൾ ഉപയോഗിച്ചതെന്നും ഇതിനു ന്യായീകരണം നൽകുകയാണ് സീരീസിലൂടെ സംവിധായകൻ അനുഭവ് സിൻഹയെന്നും അമിത് മാളവ്യ ആരോപിച്ചു. ഹിന്ദുക്കളാണ് വിമാന റാഞ്ചലിനു പിന്നിലെന്നു ജനങ്ങൾ തെറ്റിദ്ധരിക്കും. മുസ്ലിംകളായ പാകിസ്താൻ ഭീകരന്മാരെ വെള്ളപൂശൽ ഇടതുപക്ഷത്തിന്റെ അജണ്ടയാണെന്നും സിനിമാ മേഖലയിൽ കാലങ്ങളായി ഇതു നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നുമുള്ള ആരോപണങ്ങളും മാളവ്യ ഉയർത്തിയിരുന്നു.
Summary: ANI sues Netflix for copyright and trademark infringement in 'IC-814 The Kandahar Hijack' web series
Adjust Story Font
16