നിയമസഭ റിപ്പോർട്ടിങ്ങിലെ മാധ്യമ വിലക്ക് നീക്കി ആന്ധ്രാപ്രദേശ് സ്പീക്കർ
ജഗൻ മോഹൻ റെഡ്ഡി സർക്കാരാണ് മൂന്ന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നത്
അമരാവതി: നിയസഭാ റിപ്പോർട്ടിങ്ങിൽ നിന്ന് മൂന്ന് മാധ്യമങ്ങളെ വിലക്കിയ വൈ.എസ്.ആർ.സി.പി സർക്കാരിന്റെ നടപടി മരവിപ്പിച്ച് ആന്ധ്രപ്രദേശ് സ്പീക്കർ. ഇടിവി, എബിഎൻ ആന്ധ്രാ ജ്യോതി, ടിവി 5 എന്നീ മാധ്യമങ്ങൾക്കാണ് മുൻ സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നത്.
ഈ വിലക്കാണ് പുതിയ സ്പീക്കറായി ചുമതലയേറ്റയുടൻ സി.എച്ച് അയ്യണ്ണ പത്രുഡു നീക്കിയത്. ‘ജനാധിപത്യത്തിൽ സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നു. കഴിഞ്ഞ വൈഎസ്ആർസിപി സർക്കാർ 4 വർഷവും ഒമ്പത് മാസവും മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഒരു നല്ല തീരുമാനമെടുത്തുകൊണ്ട് എൻ്റെ കർത്തവ്യങ്ങൾ ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, മാധ്യമ നിരോധനം നീക്കുന്ന ഫയൽ തന്നെ ഞാൻ ആദ്യം പരിഗണിച്ചുവെന്ന് സ്പീക്കർ പറഞ്ഞു.
മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ മാധ്യമങ്ങൾ വേട്ടയാടില്ല. മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി മാധ്യമങ്ങളോട് വിവേചനത്തോടെയാണ് പെരുമാറിയതെന്നും അയ്യണ്ണ പറഞ്ഞു.സഭയുടെ മര്യാദ ഉയർത്തിപ്പിടിക്കുമെന്നും ഓരോ അംഗത്തിനും അർഹമായ ബഹുമാനം നൽകുമെന്നും പത്രുഡു പറഞ്ഞു. മുൻ സ്പീക്കർ സഭയുടെ അന്തസ് കളഞ്ഞുകുളിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16