'ഒരു പ്രചാരണത്തിനും ഗസ്സയുടെ മുറിവ് മറച്ചുവയ്ക്കാനാവില്ല'; പെൻ പിന്റർ പുരസ്കാരത്തുക ഫലസ്തീൻ കുരുന്നുകൾക്കായി നൽകി അരുന്ധതി റോയ്
ബ്രിട്ടീഷ്- ഈജിപ്ഷ്യൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അലാ അബ്ദുൽ ഫത്താഹുമായി അരുന്ധതി ‘റൈറ്റര്‍ ഓഫ് കറേജ് 2024’ പുരസ്കാരം പങ്കിടുകയും ചെയ്തു.
ലണ്ടൻ: തനിക്കു ലഭിച്ച പെൻ പിന്റർ പുരസ്കാരത്തുക ഇസ്രായേൽ ക്രൂരതയ്ക്കിരയാവുന്ന ഫലസ്തീനിലെ കുരുന്നുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റും ബുക്കർ പുരസ്കാര ജേതാവുമായ അരുന്ധതി റോയ്. ലണ്ടനിൽ 2024ലെ പെൻ പിന്റർ പുരസ്കാരം ഏറ്റുവാങ്ങി വേദിയിൽ നടത്തിയ മറുപടി പ്രസംഗത്തിലാണ് അരുന്ധതി റോയ് ശ്രദ്ധേയമായ പ്രഖ്യാപനം നടത്തിയത്. ഭൂമിയിലെ ഒരു പ്രചാരണത്തിനും ഫലസ്തീനിന്റെ മുറിവ് മറച്ചുവയ്ക്കാനാവില്ലെന്നും അവർ പറഞ്ഞു.
ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് അരുന്ധതി റോയിയെ പുരസ്‌കാരം നല്‍കി ആദരിച്ചത്. സാഹിത്യ നേട്ടങ്ങൾക്കും സാമൂഹിക നീതിയോടുള്ള നിർഭയമായ പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായാണ് പെൻ പിന്റർ പുരസ്കാരം അരുന്ധതിയെ തേടിയെത്തിയത്. നാടകകൃത്ത് ഹരോൾഡ് പിന്ററിന്റെ സ്മരണക്കായി ഇംഗ്ലീഷ് പെൻ ആണ് പെൻ പിന്റർ പുരസ്കാരം ഏർപ്പെടുത്തിയത്.
ബ്രിട്ടീഷ്- ഈജിപ്ഷ്യൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അലാ അബ്ദുൽ ഫത്താഹുമായി അരുന്ധതി ‘റൈറ്റര്‍ ഓഫ് കറേജ് 2024’ പുരസ്കാരം പങ്കിടുകയും ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ സര്‍ക്കാരിന്റെ നിലപാടുകൾക്കെതിരെ ശബ്ദമുയര്‍ത്തിയതിന് നേരത്തെ അഞ്ച് വര്‍ഷത്തിലേറെ ഈജിപ്തില്‍ തടങ്കലില്‍ കഴിഞ്ഞ വ്യക്തിയാണ് 42കാരനായ ഫത്താഹ്. വീണ്ടും ജയിലിൽ അടയ്ക്കപ്പെട്ട അദ്ദേഹത്തിന്റെ ശിക്ഷാ കാലാവധി ഈ സെപ്റ്റംബറിൽ തീർന്നിട്ടും ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഈജിപ്ഷ്യന്‍ വാര്‍ത്താ വെബ്സൈറ്റായ മദാ മാസ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ലിന അത്താലയാണ് ഫത്താഹിനെ പ്രതിനിധീകരിച്ച് പുരസ്‌കാരം കൈപ്പറ്റിയത്.
വേദിയിൽ അലാ അബ്ദുൽ ഫത്താഹിന് അരുന്ധതി റോയ് ആശംസകൾ അറിയിച്ചു. സെപ്റ്റംബറിൽ നിങ്ങളെ മോചിപ്പിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്തു. എന്നാൽ നിങ്ങൾ വളരെ സുന്ദരനായ എഴുത്തുകാരനും അപകടകാരിയായ ചിന്തകനുമാണെന്ന് ഈജിപ്ഷ്യൻ സർക്കാർ തീരുമാനിച്ചു. നിങ്ങൾ ഞങ്ങളോടൊപ്പം ഈ മുറിയിൽ ഉണ്ട്. നിങ്ങളാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി- അരുന്ധതി പറഞ്ഞു.
ഇന്ത്യയിലെ ജയിലിൽ കഴിയുന്ന തന്റെ സുഹൃത്തുക്കളെയും സഖാക്കളേയും കുറിച്ചാണ് താൻ ഇനി സംസാരിക്കുന്നതെന്നു പറഞ്ഞ അരുന്ധതി അഭിഭാഷകർ, അക്കാദമിക് വിദഗ്ധർ, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. തടവിലുള്ള ഉമർ ഖാലിദ്, ഗുൽഫിഷ ഫാത്തിമ, ഖാലിദ് സൈഫി, ഷർജീൽ ഇമാം, റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗട്ട്, ഖുറം പർവേസ് തുടങ്ങിയവരുടെ പേരുകളും പ്രസംഗത്തിൽ പരാമർശിച്ചു. ഖുറം പർവേസ് മൂന്ന് വർഷമായി ജയിലിലാണ്. കശ്മീരിലും രാജ്യത്തുടനീളവും ആയിരക്കണക്കിന് ആളുകളെയാണ് ഭരണകൂടം തടങ്കലിലിട്ട് അവരുടെ ജീവിതം നശിപ്പിക്കുന്നതെന്നും അരുന്ധി പറഞ്ഞു.
ഒരു വർഷത്തിലേറെയായി തുടരുന്ന മറ്റൊരു വംശഹത്യയിലേക്കാണ് നമ്മൾ എത്തിയിരിക്കുന്നത്. കൊളോണിയൽ അധിനിവേശത്തിനും വർണവിവേചന രാഷ്ട്രത്തിനും വേണ്ടി ഗസ്സയിലും ലബനാനിലും യുഎസും ഇസ്രയേലും നിർബാധം തുടരുന്നതും വംശഹത്യയാണ്. ഇതുവരെയുള്ള മരണസംഖ്യ 42,000 കടന്നു. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിലവിളിച്ചുകൊണ്ട് മരിച്ചവർ, ഇതുവരെ മൃതദേഹങ്ങൾ കണ്ടെടുക്കാത്തവർ എന്നിവരൊന്നും ഇതിൽ ഉൾപ്പെടുന്നില്ല. കഴിഞ്ഞ 20 വർഷത്തിനിടെ മറ്റേതൊരു യുദ്ധത്തിനും തുല്യമായ കാലഘട്ടത്തേക്കാൾ കൂടുതൽ കുട്ടികളെ ഇസ്രായേൽ ഗസ്സയിൽ കൊന്നതായി ഓക്സ്ഫാം അടുത്തിടെ നടത്തിയ പഠനം പറയുന്നു.
ദശലക്ഷക്കണക്കിന് യൂറോപ്യൻ ജൂതന്മാരുടെ നാസി ഉന്മൂലനം നടന്നു. ഒരു വംശഹത്യയോടുള്ള അവരുടെ ആദ്യ വർഷങ്ങളിലെ നിസംഗതയും അവരുടെ കൂട്ടായ കുറ്റബോധവും തീർക്കാൻ അമേരിക്കയും യൂറോപ്പും മറ്റൊന്നിന് കളമൊരുക്കി. ചരിത്രത്തിൽ വംശീയ ഉന്മൂലനവും വംശഹത്യയും നടത്തിയ എല്ലാ രാഷ്ട്രങ്ങളെയും പോലെ ഇസ്രായേലിലെ സയണിസ്റ്റുകൾ, ‘തെരഞ്ഞെടുക്കപ്പെട്ട ആളുകൾ’ എന്ന് സ്വയം വിശ്വസിക്കുന്നവർ ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്യുന്നു.
ഇസ്രായേൽ സൈനികർക്ക് മാന്യതയുടെ എല്ലാ ബോധവും നഷ്ടപ്പെട്ടതായി തോന്നുന്നതിൽ അതിശയിക്കാനില്ല. തങ്ങളാൽ കൊല്ലപ്പെടുകയോ നാടുകടത്തുകയോ ചെയ്ത സ്ത്രീകളുടെ അടിവസ്ത്രം ധരിക്കുന്നതിന്റെ വികൃതമായ വീഡിയോകൾ, മരിക്കുന്ന ഫലസ്തീനികളെയോ മുറിവേറ്റ കുട്ടികളെയോ ബലാത്സംഗം ചെയ്ത് പീഡിപ്പിക്കപ്പെട്ട തടവുകാരെയോ അനുകരിക്കുന്ന വീഡിയോകൾ, സിഗരറ്റ് വലിക്കുന്നതിനിടയിൽ കെട്ടിടങ്ങൾ പൊട്ടിത്തെറിക്കുന്ന ചിത്രങ്ങൾ എന്നിവകൊണ്ട് അവർ സോഷ്യൽമീഡിയ നിറയ്ക്കുന്നതിൽ അതിശയമില്ല.
ഇസ്രായേൽ ചെയ്യുന്നതിനെ എങ്ങനെ ന്യായീകരിക്കാൻ കഴിയും? ഇസ്രായേലിന്റെയും സഖ്യകക്ഷികളുടെയും പാശ്ചാത്യ മാധ്യമങ്ങളുടേയും വാദമനുസരിച്ച് കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതാണ് ഇതിനൊക്കെ കാരണമെന്നാണ്. അവരുടെ അഭിപ്രായത്തിൽ ചരിത്രം ആരംഭിച്ചത് ഒരു വർഷം മുമ്പ് മാത്രമാണ്. വെറും അപലപന ഗെയിം കളിക്കാൻ ഞാൻ തയാറല്ല. അടിച്ചമർത്തപ്പെട്ട ആളുകളോട് അവരുടെ അടിച്ചമർത്തലിനെ എങ്ങനെ ചെറുക്കണമെന്നോ അവരുടെ സഖ്യകക്ഷികൾ ആരായിരിക്കണമെന്നോ എനിക്ക് പറയാനാവില്ല.
2023 ഒക്ടോബറിൽ ഇസ്രായേൽ സന്ദർശന വേളയിൽ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഇസ്രായേൽ യുദ്ധ മന്ത്രിസഭയുമായും കൂടിക്കാഴ്ച നടത്തിയപ്പോൾ ഒരു കാര്യം പറഞ്ഞു. ‘ഒരു സയണിസ്റ്റാകാൻ ഒരു ജൂതനാകണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഒരു സയണിസ്റ്റാണ്’- എന്ന്.
ഇസ്രായേൽ സ്വയം പ്രതിരോധത്തിന്റെ യുദ്ധമല്ല, ആക്രമണത്തിന്റെ യുദ്ധമാണ് നടത്തുന്നത്. കൂടുതൽ പ്രദേശങ്ങൾ കൈവശപ്പെടുത്താനും അവരുടെ വർണവിവേചനം ശക്തിപ്പെടുത്താനും ഫലസ്തീൻ ജനതയ്ക്കും പ്രദേശത്തിനും മേലുള്ള നിയന്ത്രണം കർശനമാക്കാനുമുള്ള യുദ്ധം- അരുന്ധതി റോയ് വിശദീകരിച്ചു. ഫലസ്തീൻ സ്വതന്ത്രമാകണമെന്നും ആകുമെന്നും പറഞ്ഞാണ് അരുന്ധതി റോയ് പ്രസംഗം അവസാനിപ്പിച്ചത്.
യുഎസ് ഗാര്‍ഡിയനിലെ കോളമിസ്റ്റായ നവോമി ക്ലീനും പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തു. നവോമി അരുന്ധതി റോയിക്കും അവരുടെ നിലപാടുകള്‍ക്കും പിന്തുണ അറിയിച്ചു. അരുന്ധതി റോയ് തന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണെന്നും നവോമി ക്ലീന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജൂണിലാണ് 2024ലെ പെന്‍ പിന്‍റര്‍ പുരസ്‌കാരത്തിന് അരുന്ധതി റോയ് അര്‍ഹയായത്. 2010ല്‍ നടത്തിയ ചില പ്രസ്താവനകളുടെ പേരില്‍ പൊലീസ് യുഎപിഎ ചുമത്തി അരുന്ധതിക്കെതിരെ കേസെടുത്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് അവർക്ക് പെൻ പിന്റർ പുരസ്കാരം നൽകാൻ ഇംഗ്ലീഷ് പെൻ തീരുമാനിച്ചത്.
Adjust Story Font
16