Quantcast

'75 കഴിഞ്ഞപ്പോൾ അദ്വാനിക്ക് പടിയിറങ്ങേണ്ടിവന്നു; മോദി മാറുമോ?'-മോഹൻ ഭഗവതിന് കത്തെഴുതി കെജ്‌രിവാൾ

ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ ജെപി നഡ്ഡയുടെ വിവാദ പ്രസ്താവന ചൂണ്ടിക്കാട്ടി, അമ്മയെക്കാള്‍ മകന്‍ വളര്‍ന്നുപോയോ എന്ന് കെജ്‍രിവാള്‍ ആര്‍എസ്എസ് തലവനോട് ചോദിച്ചു

MediaOne Logo

Web Desk

  • Updated:

    2024-09-25 10:34:19.0

Published:

25 Sep 2024 10:20 AM GMT

Former Delhi CM Arvind Kejriwal levels series of accusations and issues, including retirement rule, breaking parties, and corruption against BJP and PM Narendra Modi in letter to RSS chief Mohan Bhagwat
X

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ പുതിയ നീക്കവുമായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബിജെപി നേതാക്കന്മാർക്ക് നിശ്ചയിച്ച 75 വയസ് എന്ന പ്രായപരിധി ഉൾപ്പെടെ വിഷയങ്ങള്‍ ഉയര്‍ത്തി കെജ്‌രിവാള്‍ ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന് കത്തെഴുതി. ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കുകയും ശക്തിപ്പെടുത്തുകയും മാത്രമാണ് ഇങ്ങനെയൊരു എഴുത്തിലൂടെ തന്റെ ലക്ഷ്യമെന്ന് ആം ആദ്മി പാർട്ടി നേതാവ് രണ്ട് പേജുള്ള കത്തിൽ വ്യക്തമാക്കി.

നിങ്ങളെല്ലാവരും ചേർന്നാണ് ബിജെപി നേതാക്കന്മാർ 75 വയസിനുശേഷം സജീവരാഷ്ട്രീയത്തിൽനിന്നു പിന്മാറണമെന്ന നിയമമുണ്ടാക്കിയതെന്ന് കെജ്‌രിവാൾ കത്തില്‍ ചൂണ്ടിക്കാട്ടി. വ്യാപകമായി ആഘോഷിക്കപ്പെട്ടിരുന്നു ഈ നിയമം. എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ബി.സി ഖണ്ഡൂരി, സുമിത്ര മഹാജൻ ഉൾപ്പെടെയുള്ള നിരവധി മുതിർന്ന നേതാക്കൾക്കെല്ലാം ഇതേ തുടർന്ന് സ്ഥാനമൊഴിയേണ്ടിവന്നു. എന്നാൽ, ഈ നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബാധകമല്ലെന്നാണ് ഇപ്പോൾ അമിത് ഷാ പറയുന്നത്. എൽ.കെ അദ്വാനി വിരമിക്കാൻ നിർബന്ധിതനായ നിയമം മോദിക്കു ബാധകമല്ലെന്ന നിലപാടാണോ താങ്കൾക്കുള്ളത്? ഈ നിയമം എല്ലാവർക്കും തുല്യമല്ലേയെന്നും കെജ്‌രിവാൾ ആർഎസ്എസ് തലവനോട് ചോദിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ നടത്തിയ അഭിപ്രായ പ്രകടനവും കത്തിൽ കെജ്‌രിവാൾ ഉയര്‍ത്തി. ബിജെപി സ്വയംപര്യാപ്തമായിട്ടുണ്ടെന്നും ഇപ്പോൾ ആർഎസ്എസിന്റെ ആവശ്യമില്ലെന്നുമായിരുന്നു നഡ്ഡ അഭിപ്രായപ്പെട്ടത്. സ്വന്തം മാതാവിനോട് ഇപ്പോൾ ഇങ്ങനെയൊരു സമീപനം പുലർത്താൻ മാത്രം മകൻ വളർന്നുപോയോ എന്ന് കെജ്‌രിവാൾ ചോദിച്ചു.

ബിജെപി വിവിധ പാർട്ടികളെ പിളർത്തുന്നതും പദവികൾ വാഗ്ദാനം ചെയ്തും ഇഡിയെ കാണിച്ചു ഭീഷണിപ്പെടുത്തിയും അഴിമതിക്കാരായ നേതാക്കളെ സ്വീകരിക്കുന്നതുമെല്ലാം കത്തിൽ കെജ്‌രിവാൾ ഉയർത്തി. ഹിമാന്ത ബിശ്വശർമ, സുവേന്ദു അധികാരി, അജിത് പവാർ ഉൾപ്പെടെയുള്ള നേതാക്കളെ ബിജെപിയിലേക്കും എൻഡിഎ സഖ്യത്തിലേക്കും സ്വീകരിച്ചതെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടി. ''തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നത് രാജ്യത്തിനും ജനാധിപത്യത്തിനും നല്ലതാണോ? സത്യസന്ധമല്ലാത്ത വഴികളിലൂടെ അധികാരം പിടിച്ചെടുക്കുന്നത് ആർഎസ്എസ് അംഗീകരിക്കുന്നുണ്ടോ? ബിജെപി ഇങ്ങനെ മുന്നോട്ടുപോകുന്നത് ആർഎസ്എസ് താൽപര്യപ്പെടുന്നുണ്ടോ? ഇതു ശരിയല്ലെന്ന് നിങ്ങൾക്കു തോന്നുന്നില്ലേ?''-കെജ്‌രിവാൾ ചോദിച്ചു.

ആർഎസ്എസിന്റെ ഗർഭപാത്രത്തിൽ പിറന്നതാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ആ പാർട്ടിക്കു മാർഗഭ്രംശം സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ആർഎസ്എസ് ആണ്. അതിന്റെ ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. മോദി തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ താങ്കൾ തടഞ്ഞിരുന്നോ എന്നും കെജ്‌രിവാൾ ചോദിച്ചു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 17ന് മോദിക്ക് 74 വയസ് പൂർത്തിയായിരുന്നു. ഈ സമയത്തും ബിജെപിയിലെ പ്രായപരിധിയെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ ജാമ്യത്തിലിറങ്ങിയ കെജ്‌രിവാൾ തന്നെയാണ് ഈ വിഷയം ആദ്യമായി പരസ്യമായി ഉയർത്തിയത്. എൻഡിഎ ജയിച്ചാലും പാർട്ടി നിയമം അനുസരിച്ച് മോദിക്ക് പ്രധാനമന്ത്രിയാകാനാകില്ലെന്നായിരുന്നു അദ്ദേഹം ഉന്നയിച്ചത്. ജയിലിൽനിന്ന് ഇറങ്ങിയ ശേഷം പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പരിപാടിയിൽ കെജ്‌രിവാൾ നടത്തിയ പ്രസ്താവന, പ്രധാനമന്ത്രി സ്ഥാനത്തെച്ചൊല്ലി എൻഡിഎയില്‍ ആശയക്കുഴപ്പം എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കു വഴിവയ്ക്കുകയും ചെയ്തിരുന്നു.

Summary: Former Delhi CM Arvind Kejriwal levels series of accusations and issues, including retirement rule, breaking parties, and corruption against BJP and PM Narendra Modi in letter to RSS chief Mohan Bhagwat

TAGS :

Next Story