ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: കെജ്‌രിവാളിന് 1.77 കോടിയുടെ ആസ്തി, സ്വന്തമായി വീടും കാറുമില്ല
ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് കെജ്‌രിവാൾ ജനവിധി തേടുന്നത്.
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച് എഎപി ദേശീയ കണ്‍വീനറും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് കെജ്‌രിവാൾ ജനവിധി തേടുന്നത്.
1.73 കോടി രൂപയുടെ ആസ്തിയാണുള്ളതെന്നും തനിക്ക് സ്വന്തമായി ഒരു വീടോ കാറോ ഇല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ കെജ്‌രിവാൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ബാങ്ക് നിക്ഷേപവുമായി 2.96 ലക്ഷം രൂപയാണ് കെജ്‌രിവാളിനുള്ളത്. തന്റെ കൈയ്യിൽ 40,000 രൂപയാണുള്ളതെന്നും 3.46 ലക്ഷം രൂപയാണ് ജംഗമ ആസ്തിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ സ്ഥാവര സ്വത്തുക്കളുടെ മൂല്യം 1.77 കോടി രൂപയാണെന്നും ഫിക്സഡ് ഡിപ്പോസിറ്റുകളിലോ ഷെയറുകളിലോ മ്യൂച്വൽ ഫണ്ടുകളിലോ ഇൻഷുറൻസ് പോളിസികളിലോ നിക്ഷേപമില്ലെന്നും കെജ്‌രിവാൾ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ സുനിതയുടെ കൈയിൽ 32,000 രൂപയാണുള്ളതെന്നും കെജ്രിവാൾ അറിയിച്ചു.
അരവിന്ദ് കെജ്‌രിവാളിന് സ്വന്തമായി കാറോ വീടോ ഇല്ല. സുനിത ഉപയോഗിക്കുന്നത് 2017 മോഡൽ മാരുതി ബലേനോയാണ്. 320 ഗ്രാം സ്വർണം ഉൾപ്പെടെ 25.9 ലക്ഷം രൂപയുടെ ആഭരണങ്ങൾ സുനിതയുടെ കൈവശമുണ്ടെന്നും കെജ്‌രിവാൾ അറിയിച്ചു.
2020ൽ കെജ്‌രിവാളിന്റെ വാർഷിക വരുമാനം 44.90 ലക്ഷം രൂപയായിരുന്നെങ്കിൽ 2023-24 സാമ്പത്തിക വർഷത്തിൽ 7.21 ലക്ഷമായി കുറയുകയാണ് ചെയ്തത്. കെജ്‌രിവാളിന്റെ ഭാര്യയായ സുനിതയ്ക്ക് 2.5 കോടി രൂപയുടെ ആസ്തിയാണുള്ളത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമേഠിയിലും ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടും ഉൾപ്പെടെ 14 ക്രിമിനൽ കേസുകളാണ് കെജ്‌രിവാളിനെതിരെയുള്ളത്.
Adjust Story Font
16