'പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമം'; മദ്യനയവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വ്യാജമെന്ന് അരവിന്ദ് കെജ്രിവാൾ
ഒൻപത് മണിക്കൂറാണ് കെജ്രിവാളിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്തത്
അരവിന്ദ് കെജ്രിവാള്‍
ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം വ്യാജമാണെന്നും ആംആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സി.ബി.ഐ 56 ചോദ്യങ്ങൾ ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്നും കെജ്രിവാൾ അറിയിച്ചു. മദ്യനയ അഴിമതിക്കേസിൽ ഇന്നത്തെ ചോദ്യംചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒൻപത് മണിക്കൂറാണ് കെജ്രിവാളിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്തത്. അതേസമയം ആംആദ്മി പാർട്ടി ഡൽഹിയിൽ അടിയന്തര നേതൃയോഗം ചേർന്നിരുന്നു. മന്ത്രി ഗോപാൽ റായുടെ അധ്യക്ഷതയിലാണ് നേതൃയോഗം ചേർന്നത്. എ.എ.പി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത, ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ്, ഡെപ്യൂട്ടി മേയർ ആലി ഇഖ്ബാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ചോദ്യം ചെയ്യുന്നത് സി.ബി.ഐ ആസ്ഥാനത്ത് പുരോഗമിക്കുന്നതിനിടെയാണ് എ.എ.പി നേതൃയോഗം ചേർന്നത്.
നേരത്തെ സിബിഐ ആസ്ഥാനത്ത് അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച എം.പിമാരെയും എം.എൽ.എമാരെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ആംആദ്മി പാർട്ടി അടിയന്തര നേതൃയോഗം ചേർന്നത്. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സിബിഐ കസ്റ്റഡിയിൽ തുടരുകയാണ്. അദ്ദേഹം നൽകിയ മൊഴികളിലെ വസ്തുത പരിശോധിക്കാൻ വേണ്ടിയാണ് അരവിന്ദ് കെജരിവാളിനെ ചോദ്യം ചെയ്യുന്നതെന്ന് സിബിഐ അറിയിച്ചിരുന്നു. അരവിന്ദ് കെജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്യുമോ എന്നതുൾപ്പെടെയുള്ള കാര്യത്തിൽ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ആശങ്കയുണ്ടായിരുന്നു.
Adjust Story Font
16