ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് എഎപി
നിലവിൽ 70 അംഗ ഡൽഹി നിയമസഭയിൽ എഎപിക്ക് 62 സീറ്റുണ്ട്.
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. ആരുമായും സഖ്യത്തിനില്ലെന്ന് എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. അടുത്ത വർഷം ആദ്യത്തിലാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്.
എഎപി സർക്കാരിന്റെ വിലയിരുത്തലാവുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മറ്റാരുടെയും പിന്തുണ ആവശ്യമില്ലെന്നാണ് കെജ്‌രിവാളിന്റെ നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എഎപിയും ഒരുമിച്ച് മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. മുഴുവൻ സീറ്റുകളും ബിജെപി തൂത്തുവാരുകയായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസുമായി എഎപി സഖ്യത്തിന് തയ്യാറായിരുന്നില്ല. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി കോൺഗ്രസിനോട് മുഖം തിരിക്കുകയായിരുന്നു.
നിലവിൽ 70 അംഗ ഡൽഹി നിയമസഭയിൽ എഎപിക്ക് 62 സീറ്റുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 11 സ്ഥാനാർഥികളെ അടുത്തിടെ എഎപി പ്രഖ്യാപിച്ചിരുന്നു. ഇവരിൽ ആറുപേർ കോൺഗ്രസിൽനിന്നും ബിജെപിയിൽനിന്നും എത്തിയവരാണ്.
Adjust Story Font
16