ദൈവമാണെന്നാണ് ചിലരുടെ വിചാരം; സിസോദിയയുടെ അറസ്റ്റില്‍ കേന്ദ്രത്തെ പരിഹസിച്ച് കേജ്‍രിവാള്‍
അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് എതിരെ ഗുരുതര ആരോപണങ്ങളാണ് ആം ആദ്മി പാർട്ടി ഉയർത്തുന്നത്
അരവിന്ദ് കേജ്‍രിവാള്‍
ഡല്‍ഹി: ഡൽഹി മദ്യനയ കേസിൽ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ പരോക്ഷ പരിഹാസവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. കേന്ദ്രത്തെ പുരാണ കഥാപാത്രമായ അസുര രാജാവ് ഹിരണ്യകശിപുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു പരാമര്‍ശം.
"ഹിരണ്യകശിപു സ്വയം ദൈവമായി കരുതിയിരുന്നു... ഇന്നും ചിലർ സ്വയം ദൈവമായി കരുതുന്നു." കേജ്‍രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് എതിരെ ഗുരുതര ആരോപണങ്ങളാണ് ആം ആദ്മി പാർട്ടി ഉയർത്തുന്നത്. സി.ബി.ഐ സ്പെഷ്യൽ ജഡ്ജ് മനീഷ് സിസോദിയയുടെ ജാമ്യ ഹരജി പരിഗണിക്കാനിരിക്കെ ഇന്ന് സിസോദിയേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. മനീഷ് സിസോദിയയെ എല്ലാകാലത്തും ജയിലിൽ അടയ്ക്കാൻ ആണ് ഇഡി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി 18 മണിക്കൂറിലേറെ സമയമാണ് തിഹാർ ജയിലിൽ മനീഷ് സിസോദിയയെ ചോദ്യം ചെയ്യാൻ ഇ.ഡി ഉപയോഗിച്ചത്.
Adjust Story Font
16