Quantcast

ചിലര്‍ക്ക് 'ദ്രാവിഡം' എന്ന വാക്കിനോട് അലര്‍ജി, 'ദ്രാവിഡർ നല്‍ തിരുനാട്' എന്ന് പറഞ്ഞാൽ നാവിന് അണുബാധ വരുമോ?; തമിഴ് തായ് വാഴ്ത്ത് വിവാദത്തില്‍ സ്റ്റാലിന്‍

വനം മന്ത്രി കെ പൊൻമുടി രചിച്ച പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    26 Oct 2024 5:18 AM

Published:

26 Oct 2024 2:16 AM

mk stalin
X

ചെന്നൈ: തമിഴ് തായ് വാഴ്ത്ത് വിവാദത്തില്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായി എം.കെ സ്റ്റാലിന്‍. ചിലര്‍ക്ക് 'ദ്രാവിഡം' എന്ന വാക്കിനോട് തന്നെ അലര്‍ജിയാണെന്നും അതുകൊണ്ടാണ് അത് ഉച്ചരിക്കുന്നത് അവരെ വേദനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ദ്രാവിഡം' എന്ന വാക്ക് ആര്യൻ ആധിപത്യത്തിനെതിരായ വിപ്ലവകരമായ പദമാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. വനം മന്ത്രി കെ പൊൻമുടി രചിച്ച പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

''ജാതിയുടെയും ആചാരങ്ങളുടെയും പാരമ്പര്യത്തിൻ്റെയും പേരിൽ കാലാകാലങ്ങളിൽ സൃഷ്ടിച്ച എല്ലാ വേലിക്കെട്ടുകളും തകർക്കാൻ ഡിഎംകെ ഭരണം നിയമങ്ങൾ കൊണ്ടുവന്നു. ഇത് പ്രബല ആര്യ ശക്തികള്‍ക്ക് ഇഷ്ടപ്പെടുന്നില്ല'' സ്റ്റാലിന്‍ വ്യക്തമാക്കി. "ഒരാളുണ്ട്, ഞാൻ ആരെയാണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്കറിയാം. അദ്ദേഹം പെരിയാറിൻ്റെ പേരല്ല ഉച്ചരിക്കുന്നത്. ഹിന്ദി മാസാചരണത്തില്‍, തമിഴ് തായ് വാഴ്ത്ത് പാടുമ്പോൾ അദ്ദേഹം ദ്രാവിഡം ഉപേക്ഷിക്കുന്നു. 'ദ്രാവിഡർ നല്‍ തിരുനാട്' എന്ന് പറഞ്ഞാൽ നാവിന് അണുബാധ വരുമോ എന്ന് സ്റ്റാലിന്‍ ചോദിച്ചു. ഇത് പാടുന്നതുകൊണ്ട് ചിലർക്ക് വായക്കും വയറിനും തലച്ചോറിനും നെഞ്ചിനും പൊള്ളലേറ്റാൽ, തങ്ങൾ അത് പാടുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ച തമിഴ്‌നാട് ദൂരദർശന്‍റെ സുവർണജൂബിലി ആഘോഷച്ചടങ്ങിൽ തമിഴ്‌നാടിന്‍റെ സംസ്ഥാന ഗീതമായ തമിഴ് തായ് വാഴ്ത്ത് ആലപിച്ചപ്പോൾ ‘ദ്രാവിഡ നൽ തിരുനാട്’ എന്ന വരി ഒഴിവാക്കിയതാണ് വിവാദത്തിന് വഴിവെച്ചത്. ഗവർണർ ആർ.എൻ. രവിയുടെ ദ്രാവിഡ വിരോധമാണ് സംഭവത്തിനു പിന്നിലെന്ന് ഡിഎംകെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ആരോപിച്ചിരുന്നു.

ദൂരദർശന്‍റെ ഭരണ വിഭാഗത്തിൽ ജോലിചെയ്യുന്ന നാലു സ്ത്രീകൾ ചേർന്നാണ് ചടങ്ങിൽ തമിഴ് തായ് വാഴ്ത്ത് ആലപിച്ചത്. തമിഴ്‌നാട്ടുകാരിയല്ലാത്ത ഒരു ഉദ്യോഗസ്ഥയാണ് അതിന് നേതൃത്വം നൽകിയത്. ഇംഗ്ലീഷ് അക്ഷരത്തിൽ എഴുതിയെടുത്ത ഗീതം നോക്കി പാടുമ്പോൾ ഒരു വരി വിട്ടുപോയെന്നാണ് അവർ നൽകിയ വിശദീകരണം. പ്രധാന ഗായിക ഒരു വരി പാടാൻ വിട്ടുപോയപ്പോൾ തങ്ങളും അവരെ പിന്തുടരുകയായിരുന്നു എന്നാണ് മറ്റുള്ളവർ പറഞ്ഞത്. തെറ്റുവരുത്തിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

സാധാരണയായി ഇത്തരം ചടങ്ങുകളിൽ ആകാശവാണിയിലെ ഗായക സംഘമാണ് തമിഴ് തായ് വാഴ്ത്ത് ആലപിക്കാറ്. എന്നാല്‍ പതിവിന് വിപരീതമായി ഗീതം പാടാന്‍ അറിയാത്തവരെ ചുമതലപ്പെടുത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ദൂരദര്‍ശന്‍ അന്വേഷണം ആരംഭിച്ചിരുന്നു. വിവാദത്തില്‍ മാപ്പ് പറയുകയും ചെയ്തു. വാഴ്ത്ത് പാട്ടിനോട് മനഃപൂര്‍വം അനാദരവ് കാട്ടിയില്ലെന്നായിരുന്നു പത്രക്കുറിപ്പില്‍ നല്‍കിയ വിശദീകരണം.

2021ലാണ് 'തമിഴ്​ തായ്​ വാഴ്​ത്ത്​' ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ചത്. പൊതുചടങ്ങുകളില്‍ ഈ ഗാനം ആലപിക്കണമെന്നും ആ സമയം എഴുന്നേറ്റുനില്‍ക്കുകയും വേണമെന്നുമായിരുന്നു സര്‍ക്കാരിന്‍റെ നിര്‍ദേശം. എന്നാല്‍ ഇതൊരു പ്രാര്‍ഥനാഗാനം മാത്രമാണെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. വിദ്യാഭ്യാസ സ്​ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും നടക്കുന്ന എല്ലാ പൊതുപരിപാടികളും തമിഴ്​ തായ്​ വാഴ്​ത്ത്​ ആലപിക്കണം. ഭിന്നശേഷിക്കാർ ഒഴികെ എല്ലാവരും തമിഴ്​ തായ്​ വാഴ്​ത്ത്​ ആലപിക്കുമ്പോൾ എഴുന്നേറ്റുനിൽക്കണമെന്നും ഉത്തരവിൽ പറയുന്നു. 55 സെക്കൻഡാണ് ഗാനത്തിന്‍റെ ദൈര്‍ഘ്യം. ആലപ്പുഴ സ്വദേശിയായ മനോൻമണിയം പി.സുന്ദരംപിള്ളയാണ് ഈ ഗാനം രചിച്ചത്.

അതേസമയം ബിജെപി സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ ദമ്പതികള്‍ തങ്ങളുടെ കുട്ടികള്‍ക്ക് തമിഴ് പേരുകള്‍ നല്‍കണമെന്ന് ഉദയനിധി ആവശ്യപ്പെട്ടിരുന്നു. ''കുട്ടിക്ക് മനോഹരമായ ഒരു തമിഴ് പേരിടാന്‍ ദമ്പതികളോട് അഭ്യര്‍ത്ഥിക്കുകയാണ്. കാരണം പലരും തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് അവരുടെ ശ്രമം. അതിന്റെ ഭാഗമായി തമിഴ് തായ് വാഴ്ത്തില്‍ നിന്നും പല വാക്കുകളും ഒഴിവാക്കിയെന്നുമാണ്'' ഉദയനിധി പറഞ്ഞത്. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഉദയനിധി സ്റ്റാലിന്‍ എന്നത് തമിഴ് പേരാണോ? എന്നായിരുന്നു കേന്ദ്രമന്ത്രി എല്‍.മുരുകന്‍റെ ചോദ്യം. ''ആദ്യം സ്വന്തം കുടുംബത്തില്‍ നിന്നും തമിഴ് പേരുകള്‍ തുടങ്ങണം. ആരും തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നില്ല. ഹിന്ദി പഠിക്കാന്‍ തയ്യാറുള്ളവര്‍ക്ക് പഠിക്കാം. എന്തിനാണ് എതിര്‍ക്കുന്നത്? മുരുകന്‍ ചോദിച്ചു.

TAGS :

Next Story