ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടി
ഒക്ടോബർ 30 വരെയാണ് കാലാവധി നീട്ടിയത്
ആര്യൻ ഖാന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബർ 30 വരെയാണ് കാലാവധി നീട്ടിയത്. ഒക്ടോബർ ഏഴിന് ആര്യൻ ഖാനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.അതേസമയം, രാവിലെ മകൻ ആര്യൻ ഖാനെ കാണാൻ ഷാറൂഖ് ഖാൻ മുംബൈ ആർതർ റോഡ് ജയിലിലെത്തിയിരുന്നു. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് ആര്യനെ കാണാൻ ഷാറൂഖ് എത്തുന്നത്.
വൻ മാധ്യമപ്പടയാണ് ഷാറൂഖിനെ കാത്തുനിന്നത്. ആരാധകരും ഷാറൂഖിനെ കാണാൻ ജയിൽ പരിസരത്ത് നിറഞ്ഞിരുന്നു. എന്നാൽ അവരെയൊന്നും ഗൗനിക്കാതെയായിരുന്നു ഷാറൂഖ് ജയിലിനുള്ളിൽ കടന്നത്. മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴും കിങ്ഖാൻ മിണ്ടിയില്ല. ജയിലിനുള്ളിൽ പ്രവേശിക്കുന്നതിനുള്ള നിർദേശങ്ങളൊക്കെ പാലിച്ച് ഷാറൂഖ് ജയിലിനുള്ളിൽ കയറി. ഏകദേശം 20 മിനുറ്റോളം ഷാറൂഖ്, ആര്യനുമായി സംസാരിച്ചെന്നാണ് ജയിൽ അധികാരികളെ ഉദ്ധരിച്ച് ദേശീയമധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും ഷാറൂഖിനെ കാണാൻ എത്തിയ ആരാകരുടെ എണ്ണം വർധിച്ചിരുന്നു. എന്നാൽ അവരെ നിരാശരാക്കാനുംം താരം തയ്യറായില്ല. ഷാറൂഖിന്റെ പേര് എടുത്ത് വിളിച്ച് മാധ്യമപ്രവർത്തകർ പ്രതികരണം തേടുന്നതിനിടെയാണ് അവിടെ കൂടിയ ആരാധകരെ താരം കൈകൂപ്പി അഭിവാദ്യം ചെയ്തത്. തുടർന്നാണ് അദ്ദേഹം കാറിൽ കയറിയത്. കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എൻഡിപിഎസ് സെഷൻസ് കോടതി തള്ളിയിരുന്നു.
ആര്യൻ ഖാനൊപ്പം കൂട്ടുപ്രതികളായ മുൻമുൻ ധമേച്ച, അർബാസ് മർച്ചന്റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. ഇതിന് പിന്നാലെയാണ് ഷാരൂഖ് ഖാൻ മകനെ കാണാൻ ജയിലിൽ എത്തിയത്. അതേസമയം, ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ മുംബൈ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും. വീഡിയോ കോൺഫറൻസ് വഴി വാദം കേൾക്കണമെന്ന ആര്യന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും മുംബൈ ഹൈക്കോടതി പരിഗണിച്ചില്ല.
Adjust Story Font
16