Quantcast

‘ശാസ്ത്രീയ പഠനത്തെ പരിഹസിക്കുന്നു’; ഗ്യാൻവാപി സർവേ റിപ്പോർട്ടിനെതിരെ ഉവൈസി

‘എഎസ്ഐ ഹിന്ദുത്വത്തിന് വേണ്ടി ജോലി ചെയ്യുകയാണെന്നാണ് ഒരു മഹാപണ്ഡിതൻ ഒരിക്കൽ പറഞ്ഞത്’

MediaOne Logo

Web Desk

  • Updated:

    2024-01-26 06:07:30.0

Published:

26 Jan 2024 6:06 AM GMT

asaduddin owaisi
X

വരാണസി: ഗ്യാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായുള്ള ആക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സർവേ റിപ്പോർട്ടിനെതിരെ ഹൈദരാബാദ് എം.പിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസി. ഊഹാപോഹത്തെ അടിസ്ഥാനമാക്കിയുള്ളതും ശാസ്ത്രീയ പഠനത്തെ പരിഹസിക്കുന്നതുമാണ് റിപ്പോർട്ട്. ഏതെങ്കിലും വിദഗ്ധ പുരാവസ്തു ഗവേഷകരുടെയോ ചരിത്രകാരൻമാരുടെയോ മുമ്പിൽ റിപ്പോർട്ട് സൂക്ഷ്മപരിശോധനക്കായി പഠന വിധേയമാക്കില്ല. എഎസ്ഐ ഹിന്ദുത്വത്തിന് വേണ്ടി ജോലി ചെയ്യുകയാണെന്നാണ് ഒരു മഹാപണ്ഡിതൻ ഒരിക്കൽ പറഞ്ഞതെന്നും ഉവൈസി ‘എക്സി’ൽ കുറിച്ചു.

റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഹരജിക്കാരായ അഞ്ചു ഹിന്ദുസ്ത്രീകളുടെ അഭിഭാഷകൻ സൗരഭ് തിവാരിയാണ് വ്യാഴാഴ്ച പുറത്തുവിട്ടത്. പുരാവസ്തു വകുപ്പ് വാരാണസി ജില്ല കോടതിയിൽ സമർപ്പിച്ച 839 പേജ് ഉള്ള റിപ്പോർട്ടിലാണ് നിലവിലെ പള്ളിക്ക് താഴെ ക്ഷേത്രം ഉണ്ടായിരുന്നതായി പറയുന്നത്. ഭൂമിക്ക് താഴെ നിന്ന് ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങൾ കണ്ടെത്തി. ക്ഷേത്രത്തിന്റെ തൂണുകൾ ഇല്ലാതാക്കാൻ ശ്രമം നടന്നു. മഹാമുക്തി മണ്ഡപത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു. പള്ളിയുടെ പടിഞ്ഞാറെ ചുമര് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ക്ഷേത്രം തകർത്തത് പതിനേഴാം നൂറ്റാണ്ടിലാണെന്നും സർവേ റിപ്പോർട്ടിൽ പറയുന്നുണ്ട്.

തൂണുകൾ ഉൾപ്പെടെ പല ഭാഗങ്ങളും പഴയ ക്ഷേത്രത്തിന്റെ ഭാഗമാണ്. സർവേയിൽ 34 ശിലാലിഖിതങ്ങൾ കണ്ടെത്തി. ദേവനാഗിരി, തെലുങ്ക്, കന്നട ലിപികളിലാണ് ശിലാലിഖിതങ്ങൾ. ജനാർദ്ദനൻ, രുദ്രൻ, ഉമേശ്വരൻ തുടങ്ങിയ ആരാധനാ മൂർത്തികളുടെ പേര് ലിഖിതങ്ങളിൽ വ്യക്തമാണെന്നും റിപ്പോട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് സർവേ റിപ്പോർട്ട്‌ ഇരുകക്ഷികൾക്കും നൽകാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്.

ഹിന്ദുക്ഷേത്രം തകർത്താണോ 17ാം നൂറ്റാണ്ടിൽ മസ്ജിദ് നിർമിച്ചതെന്ന് കണ്ടെത്താൻ 2023 ജൂലൈ 21നാണ് എഎസ്ഐ സർവേക്ക് ജില്ല കോടതി അനുമതി നൽകിയത്. ഡിസംബർ 18ന് സീൽ ചെയ്ത കവറിൽ കോടതിക്ക് എ.എസ്.ഐ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, നാലാഴ്ചത്തേക്ക് സർവേ റിപ്പോർട്ട് പുറത്തുവിടരുതെന്ന് എ.എസ്.ഐ കോടതിയോട് അപേക്ഷിച്ചിരുന്നു.

TAGS :

Next Story