Quantcast

വീണ്ടും വിവാദ നീക്കവുമായി അസം സർക്കാർ; നിയമസഭയിൽ വെള്ളിയാഴ്ചത്തെ ജുമുഅ ഇടവേള ഒഴിവാക്കി

ബ്രിട്ടീഷ്‍കാലം മുതൽ നിലവിലുണ്ടായിരുന്ന ഇടവേളയാണ് ഹിമന്ത ബിശ്വ ശർമ സർക്കാർ എടുത്തുകളഞ്ഞത്.

MediaOne Logo

Web Desk

  • Updated:

    2024-08-30 09:27:56.0

Published:

30 Aug 2024 9:15 AM GMT

Assam Assembly to discontinue break for offering Friday Namaz
X

ഗുവാഹത്തി: അസമിൽ വീണ്ടും വിവാദ നീക്കവുമായി ബി.ജെ.പി സർക്കാർ. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിനായി നിയമസഭയിൽ അനുവദിച്ചിരുന്ന ഇടവേള അവസാനിപ്പിച്ചു. ബ്രിട്ടീഷ്‍കാലം മുതൽ നിലവിലുണ്ടായിരുന്ന ഇടവേളയാണ് ഹിമന്ത ബിശ്വ ശർമ സർക്കാർ എടുത്തുകളഞ്ഞത്. ഇനി മുതൽ ജുമുഅ നമസ്കാരത്തിനായി മുസ്‍ലിം എം.എൽ.എമാർക്ക് പ്രത്യേക ഇടവേളയുണ്ടാവില്ലെന്ന് അസം സർക്കാർ അറിയിച്ചു.

'ബ്രിട്ടീഷ് കാലം മുതൽ അസം നിയമസഭയിൽ മുസ്‍ലിം എം.എൽ.എമാർക്ക് വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിനായി പ്രത്യേക ഇടവേള അനുവദിക്കാറുണ്ട്. ഉച്ചയ്ക്ക് 12 മണി മുതൽ രണ്ട് വരെയാണ് ഇടവേള. ഇന്ന് ഈ നിയമം മാറ്റുകയാണ്. ഇനി മുതൽ പ്രത്യേക ഇടവേള ഉണ്ടാവില്ല'- ബി.ജെ.പി എം.എൽ.എ ബിശ്വജിത്ത് ഫുകൻ അറിയിച്ചു.

അസം നിയമസഭ സ്പീക്കർ വിളിച്ചു​ചേർത്ത യോഗത്തിലാണ് തീരുമാനമെന്നും എല്ലാവരും ഇതിനെ അനുകൂലിച്ചെന്നും ബി.ജെ.പി എം.എൽ.എ അവകാശപ്പെട്ടു. ലോക്സഭയിലോ രാജ്യസഭയിലോ മറ്റ് നിയമസഭകളിലോ ഇത്തരത്തിൽ ജുമുഅ നമസ്കാരത്തിനായി ഇടവേള അനുവദിക്കാറില്ലെന്നും അതുകൊണ്ടാണ് ബ്രിട്ടീഷ് കാലം മുതലുള്ള നിയമം മാറ്റാൻ സ്പീക്കർ തീരുമാനിച്ചതെന്നും എം.എൽ.എ പറഞ്ഞു.

തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതരയ്ക്കാണ് അസം നിയമസഭാ സമ്മേളനം തുടങ്ങുക. എന്നാൽ, വെള്ളിയാഴ്ച ഒമ്പതിന് സമ്മേളനം തുടങ്ങും. ഇടവേള ഒഴിവാക്കിയതോടെ വെള്ളിയാഴ്ചയും ഇനി ഒമ്പതരയ്ക്കു തന്നെയാവും സമ്മേളനം ആരംഭിക്കുക. നേരത്തെ 2023 ഡിസംബറിൽ രാജ്യസഭയിൽ ജുമുഅ നമസ്കാരത്തിനായി അനുവദിച്ചിരുന്ന 30 മിനിറ്റ് ഇടവേള നീക്കിയിരുന്നു.

മുസ്‌ലിംകളുടെ വിവാഹത്തിനും വിവാഹമോചനത്തിനും സർക്കാർ രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ബിൽ വ്യാഴാഴ്ച അസം നിയമസഭ പാസാക്കിയിരുന്നു. റവന്യു മന്ത്രി ജോഗെൻ മോഹൻ ആണ് ബിൽ അവതരിപ്പിച്ചത്. പള്ളി ഖാസിമാർ രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ സാധുവാണെന്നും പുതിയവയ്ക്കു മാത്രമാണ് നിയമം ബാധകമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ വിശദീകരിച്ചു.

‘മിയ’ മുസ്‌ലിംകളെ അസം പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. നിയമസഭയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇത്തരമൊരു വിദ്വേഷ പരാമർശം നടത്തിയത്. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ വിശേഷിപ്പിക്കുന്ന പദമാണ് ‘മിയ’. 14കാരി ബലാത്സംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാനം ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നേരത്തെയും, മിയ മുസ്‌ലിംകൾക്കെതിരെ അധിക്ഷേപ പരാമർശവുമായി ഹിമന്ത രം​ഗത്തെത്തിയിരുന്നു.

അസമീസ് സ്വദേശികളായി അംഗീകരിക്കണമെങ്കിൽ ബഹുഭാര്യത്വം ഉപേക്ഷിക്കണമെന്നും രണ്ടിൽ കൂടുതൽ കുട്ടികളെ പ്രസവിക്കരുതെന്നും അസമിലെ ബംഗ്ലാദേശ് മുസ്‍ലിം കുടിയേറ്റക്കാർക്ക് മുന്നില്‍ ഹിമന്ത നിബന്ധനകള്‍ വച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെയായിരുന്നു ഹിമന്തയുടെ പരാമര്‍ശം. 2011ലെ സെൻസസ് പ്രകാരം അസമിലെ മൊത്തം ജനതയുടെ 34 ശതമാനവും മുസ്‍ലിംകളാണ്. ബംഗാളി സംസാരിക്കുന്ന ബംഗ്ലാദേശ് വംശജരായ മുസ്‍ലിംകളും അസമീസ് സംസാരിക്കുന്ന തദ്ദേശീയ മുസ്‍ലിംകളുമാണ് ഇവരിൽ കൂടുതലും.

നേരത്തെ, 2023 മാർച്ചിൽ സംസ്ഥാനത്തെ 600ലേറെ മദ്രസകൾ സർക്കാർ അടച്ചുപൂട്ടിയിരുന്നു. 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഞാൻ 600 മദ്രസകൾ അടച്ചുപൂട്ടി. എനിക്ക് മദ്രസകൾ പൂട്ടണമെന്നാണ് ആഗ്രഹം. ഞങ്ങൾക്ക് മദ്രസകൾ വേണ്ട. പകരം സ്കൂളുകളും കോളജുകളും യൂനിവേഴ്സിറ്റികളുമാണ് വേണ്ടതെന്നും ഹിമന്ത പറഞ്ഞിരുന്നു. 2020ലാണ് വിവാദമായ മദ്രസ നിയമം അസം ബി.ജെ.പി സർക്കാർ പാസാക്കിയത്. മദ്രസകളെ സാധാരണ സ്കൂളുകളാക്കി മാറ്റുന്നതായിരുന്നു നിയമം.




TAGS :

Next Story