Quantcast

'കൃഷ്ണനും രുക്മിണിയും തമ്മിലെ വിവാഹം ലവ് ജിഹാദാണോ?' കോണ്‍ഗ്രസ് നേതാവിനെതിരെ അസം മുഖ്യമന്ത്രി

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവിനെതിരെ പരാതി ലഭിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഹിമന്ത ബിശ്വ ശർമ

MediaOne Logo

Web Desk

  • Published:

    28 July 2023 5:14 AM GMT

Assam CM Himanta Biswa Sarma on Congress leader love jihad remark
X

Himanta Biswa Sarma 

ദിസ്പൂര്‍: ഗൊലാഘട്ട് കൊലപാതകവുമായി ബന്ധപ്പെട്ട് അസമിലെ കോൺഗ്രസ് പ്രസിഡന്‍റ് ഭൂപൻ ബോറ നടത്തിയ പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവിനെതിരെ പരാതി ലഭിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

25കാരനായ യുവാവ് ഭാര്യയെയും അവരുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ചുള്ള പരാമര്‍ശത്തെ ചൊല്ലിയാണ് വിവാദം. യുവതി ഹിന്ദുവും യുവാവ് മുസ്‍ലിമുമാണെന്നും ലവ് ജിഹാദ് ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അസം മുഖ്യമന്ത്രി ആരോപിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് ഭൂപൻ ബോറ കൃഷ്ണനെയും രുക്മിണിയെയും പരാമര്‍ശിച്ചത്.

''പ്രണയത്തിലും യുദ്ധത്തിലും എല്ലാം ന്യായമാണ്. നമ്മുടെ പുരാണ ഗ്രന്ഥങ്ങളിൽ കൃഷ്ണൻ രുക്മിണിക്കൊപ്പം ഒളിച്ചോടിയതുൾപ്പെടെ നിരവധി കഥകളുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ വ്യത്യസ്ത മതക്കാരും സമുദായക്കാരും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് മുഖ്യമന്ത്രി ഇങ്ങനെ പറയരുത്''-എന്നായിരുന്നു ഭൂപന്‍ ബോറയുടെ പ്രതികരണം.

ഇതോടെ ലവ് ജിഹാദും കൃഷ്ണനും രുക്മിണിയും തമ്മിലുള്ള വിവാഹവും തമ്മിൽ ബോറ താരതമ്യം നടത്തിയെന്ന് ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു- "ആളുകളെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷെ ഭഗവാൻ കൃഷ്ണനെ വിവാദത്തിലേക്ക് വലിച്ചിഴച്ചാൽ, സനാതന ധര്‍മത്തില്‍ വിശ്വസിക്കുന്നവര്‍ പൊലീസ് സ്റ്റേഷനുകളിൽ പരാതി നല്‍കും. പിന്നെ എനിക്ക് എങ്ങനെ പൊലീസിനെ നടപടിയെടുക്കുന്നതില്‍ നിന്ന് തടയാന്‍ കഴിയും?"

നിർബന്ധിത മതം മാറ്റത്തിലൂടെ ഒരു പെൺകുട്ടി മറ്റൊരു മതത്തിൽ പെട്ട യുവാവിനെ വിവാഹം ചെയ്യുന്നതിനെയാണ് ലവ് ജിഹാദ് എന്ന് പറയുന്നതെന്നും കൃഷ്ണൻ രുക്മിണിയെ മതംമാറ്റിയിട്ടില്ലെന്നും ഹിമന്ത ബിശ്വ ശർമ ചൂണ്ടിക്കാട്ടി. മനുഷ്യർ ചെയ്യുന്ന തെറ്റുകളെ ദൈവങ്ങളുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു- "ശ്രീകൃഷ്ണനെ ഒരു വിവാദത്തിലേക്കും വലിച്ചിഴക്കരുതെന്ന് ഞാൻ കോൺഗ്രസിനോട് ആവശ്യപ്പെടുന്നു. ഹിന്ദുക്കൾക്ക് എതിരെ കോൺഗ്രസ് മുന്നോട്ട് പോയാൽ അവരുടെ അവസാന വിലാസം പള്ളികളും മദ്രസകളുമായിരിക്കും. എന്നാൽ അവരെ എ.ഐ.യു.ഡി.എഫ് അവിടെ നിന്ന് നീക്കിയേക്കാം. അവസാനം പോകാൻ ഒരിടമില്ലാതെ അവശേഷിക്കും".

ഹിന്ദുക്കൾ അവരുടെ സമുദായത്തിൽ നിന്നും മുസ്‍ലിംകൾ അവരുടെ സമുദായത്തിൽ നിന്നും മാത്രം വിവാഹം കഴിക്കുകയാണെങ്കിൽ സമാധാനം നിലനിൽക്കുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. ഇനിയാർക്കെങ്കിലും വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരുമായി വിവാഹം കഴിക്കണമെങ്കിൽ സ്​പെഷ്യൽ മാര്യേജ് നിയമം രാജ്യത്തുണ്ട്. ആരെയും നിര്‍ബന്ധിച്ച് മതം മാറ്റരുതെന്നും ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടു.

TAGS :

Next Story