ബഹുഭാര്യത്വം നിരോധിക്കാൻ അസം; 'ലവ് ജിഹാദി'നെതിരെയും നിയമനിർമാണം
ബിൽ അടുത്ത ഡിസംബറിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ
ഹിമാന്ത ബിശ്വശര്‍മ
ഗുവാഹത്തി: ബഹുഭാര്യത്വം നിരോധിക്കാൻ നീക്കവുമായി അസം സർക്കാർ. മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമയാണ് ഇതേക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ബഹുഭാര്യത്വവും ശൈശവ വിവാഹവും നിരോധിക്കുന്ന പുതിയ ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണു നീക്കം നടക്കുന്നത്. 'ലവ് ജിഹാദും' ബില്ലിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്.
ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ലിന്റെ കരട് അന്തിമഘട്ടത്തിലാണെന്ന് ഹിമാന്ത ബിശ്വശർമ മാധ്യമങ്ങളോട് പറഞ്ഞു. 45 ദിവസത്തിനകം ബിൽ തയാറാകും. അടുത്ത ഡിസംബറിൽ തന്നെ നിയമം നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബഹുഭാര്യത്വം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനായി നിയമസമിതി രൂപീകരിക്കുകയാണ് ആദ്യം ചെയ്തതെന്ന് ഹിമാന്ത പറഞ്ഞു. നിയമസമിതിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് പൊതുജനാഭിപ്രായം തേടി. 149ൽ 146 പേരും ബഹുഭാര്യത്വം നിരോധിക്കുന്നതിനെ അനുകൂലിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു സർക്കാർ നിയമനിർമാണവുമായി മുന്നോട്ടുപോകുന്നതെന്നും അസം മുഖ്യമന്ത്രി അറിയിച്ചു.
'ലവ് ജിഹാദും' ബില്ലിന്റെ ഭാഗമായി ഉണ്ടാകുമെന്നും ഹിമാന്ത സൂചിപ്പിച്ചു. സംസ്ഥാനത്ത് ശൈശവവിവാഹം ഇല്ലായ്മ ചെയ്യാനുള്ള പരിശ്രമങ്ങളും ഊർജിതമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങും. ഈ മാസം നിരവധി അറസ്റ്റുകളുണ്ടാകുമെന്നും ഹിമാന്ത ബിശ്വശർമ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഗസ്റ്റ് ആറിനാണു ബഹുഭാര്യത്വ നിയമസമിതി മുഖ്യമന്ത്രിക്കുമുൻപാകെ റിപ്പോർട്ട് സമർപ്പിച്ചത്.
Summary: Assam govt to introduce bill in state assembly to ban polygamy: CM Himanta Biswa Sarma
Adjust Story Font
16