ബിജെപി സർക്കാരിന്റെ ദുഷ്പ്രവൃത്തിക്കുള്ള പ്രായശ്ചിത്തം; തലമുണ്ഡനം ചെയ്ത് ബിജെപി എംഎൽഎ
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും സ്വേച്ഛാധിപത്യ ഭരണമാണ് അരങ്ങേറുന്നതെന്നും ആശിഷ് ദാസ് ആരോപിച്ചു.
ത്രിപുരയിലെ ബിജെപി സർക്കാരിന്റെ ദുഷ്പ്രവൃത്തിക്കുള്ള പ്രായശ്ചിത്തമായി പാർട്ടി എംഎൽഎ ആശിഷ് ദാസ് തലമുണ്ഡനം ചെയ്തു. മൂന്ന് ദിവസത്തെ കൊൽക്കത്ത സന്ദർശനത്തിനിടയിലാണ് എംഎൽഎ തലമുണ്ഡനം ചെയ്തത്. തുടർന്ന് ഗംഗയിൽ മുങ്ങി കുളിക്കുകയും ചെയ്തു. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിലായിരുന്നു ആശിഷ് ദാസ് യജ്ഞം നടത്തിയത്.
ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച ആശിഷ് ദാസ് തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നതിന്റെ സൂചന കൂടിയാണിത്. ത്രിപുരയിലെ ബിജെപി സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണെന്നും അതിനാൽ താൻ പാർട്ടി വിടാൻ തീരുമാനിച്ചതായും ആശിഷ് ദാസ് പറഞ്ഞു.
ബിജെപി വിടാൻ തീരുമാനിച്ചതു മുതൽ മമത ബാനർജിയെ പുകഴ്ത്തുന്ന നേതാവാണ് ആശിഷ് ദാസ്. ഭവാനിപൂരിലെ വിജയത്തിനു അദ്ദേഹം മമതയെ അഭിനന്ദിക്കുകയും പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ള വ്യക്തിയാണ് മമതയെന്നും ആശിഷ് നേരത്തെ പറഞ്ഞിരുന്നു. സർക്കാർ വസ്തുവകകൾ സ്വകാര്യ മേഖലയ്ക്കു വിറ്റഴിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും സ്വേച്ഛാധിപത്യ ഭരണമാണ് അരങ്ങേറുന്നതെന്നും ആശിഷ് ആരോപിച്ചു.
2023 ലെ ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെയാണ് തൃണമൂൽ കോൺഗ്രസ് നോക്കിക്കാണുന്നത്. ആശിഷ് ദാസ് തൃണമൂലിൽ ചേർന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് തൃണമൂൽ കോൺഗ്രസ് കരുതുന്നത്
Adjust Story Font
16