വാട്സ്ആപ്പ് സ്റ്റാറ്റസിന്റെ പേരിൽ പൊലീസ് സ്റ്റേഷന് നേരെ ആക്രമണം; കർണാടകയിൽ 40 പേർ അറസ്റ്റിൽ
ഏപ്രിൽ 20 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി
ബംഗളൂരു: വാട്‌സ്ആപ്പ് സ്റ്റാറ്റസ് ചിത്രത്തിന്റെ പേരിൽ ഹുബ്ബെള്ളിയിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച 40 പേർ അറസ്റ്റിൽ. ശനിയാഴ്ച രാത്രിയാണ് ഹുബ്ബെള്ളി ഓൾഡ് പൊലീസ് സ്റ്റേഷന് നേരെ ജനക്കൂട്ടം ആക്രമണം നടത്തിയത്. കല്ലേറിൽ കർണാടക പോലീസ് ഇൻസ്പെക്ടർക്കും 11 പോലീസുകാർക്കും പരിക്കേറ്റിരുന്നു. ഏഴ് പൊലീസ് വാഹനങ്ങളും കല്ലേറിൽ തകർന്നിരുന്നു. തുടർന്ന് ഇവിടെ നാലുദിവസത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു.
മക്കയിലെ മസ്ജിദിന് മുകളിൽ കാവി പതാക പാറുന്ന വ്യാജചിത്രം യുവാവ് സ്റ്റാറ്റസാക്കിയതിനെ തുടർന്നാണ് ആക്രമണം നടന്നത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടുകയായിരുന്നു. തുടർന്നാണ് കല്ലേറ് നടന്നത്.സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചിരുന്നു. പ്രകോപനപരമായ ചിത്രം പ്രചരിച്ച അഭിഷേക്ഹിരേമതിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.ഏപ്രിൽ 20 വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.
അക്രമത്തിന് പ്രേരിപ്പിക്കുന്ന ആരെയും സർക്കാർ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.സംഭവത്തിന് രാഷ്ട്രീയ നിറം നൽകാതെ ക്രമസമാധാന പ്രശ്നമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16