Quantcast

'അത് ചോർച്ചയല്ല, പണി തീരാത്തതു കൊണ്ട്'; മുഖ്യപൂജാരിയെ തിരുത്തി അയോധ്യ ക്ഷേത്ര ട്രസ്റ്റ്

"രണ്ടാം നിലയിലെ മേൽക്കൂര കഴിയുന്നതോടെ മഴവെള്ളം വീഴുന്നത് ഇല്ലാതാകും"

MediaOne Logo

Web Desk

  • Published:

    27 Jun 2024 8:10 AM GMT

ram temple
X

അയോധ്യ: പണി പൂർത്തിയാകാത്തതു കൊണ്ടാണ് രാമക്ഷേത്രത്തിൽ മഴ വെള്ളം ഒലിച്ചതെന്ന് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്. രാമവിഗ്രഹം സ്ഥാപിച്ച ശ്രീകോവിനകത്തേക്ക് ഒരു തുള്ളി വെള്ളം കയറിയിട്ടില്ലെന്നും ട്രസ്റ്റ് അവകാശപ്പെട്ടു. ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടെന്ന മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്രദാസിന്റെ പ്രതികരണത്തിലാണ് ട്രസ്റ്റിന്റെ വിശദീകരണം.

ഇതിനു പിന്നാലെ ട്രസ്റ്റ് ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര ക്ഷേത്രത്തിൽ പരിശോധന നടത്തിയിരുന്നു. നിർമാണത്തിൽ അപാകമില്ലെന്നും ഇലക്ട്രിക് വയറുകൾക്കായി സ്ഥാപിച്ച പൈപ്പുകളിലൂടെയാണ് മഴവെള്ളം അകത്തെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. രണ്ടാം നിലയുടെ നിർമാണം നടന്നു കൊണ്ടിരിക്കുകയാണ്. അതിന്റെ മേൽക്കൂര കഴിയുന്നതോടു കൂടി മഴവെള്ളം വീഴുന്നത് ഇല്ലാതാകും- മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

ദർശനത്തിനെത്തുന്ന ഭക്തകർക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മിശ്ര കൂട്ടിച്ചേർത്തു. മേൽക്കൂരയിൽ സുരക്ഷയ്ക്കായി പാളി നിർമിച്ചിട്ടുണ്ട്. ഇത് താൽക്കാലികമാണ്. രണ്ടാം നില പൂർത്തിയാകുന്ന വേളയിൽ എടുത്തു കളയും. ആദ്യ നിലയിലെ ഇലക്ട്രിക്കൽ വാട്ടർ പ്രൂഫിങ്, ഫ്‌ളോറിങ് ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്. മേൽക്കൂര ചോരുന്നു എന്ന രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടത്. അതല്ല, പൈപ്പുകൾക്കിടയിലൂടെ വെള്ളം ഒലിച്ചിറങ്ങുകയായിരുന്നു - അദ്ദേഹം പറഞ്ഞു.

ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത്, ആറു മാസങ്ങൾക്കകമാണ് രാമക്ഷത്രത്തിൽ ചോർച്ച റിപ്പോർട്ട് ചെയ്തത്. 'ആദ്യമഴ പെയ്തപ്പോൾ തന്നെ ക്ഷേത്രത്തിന് ഉള്ളിലേക്ക് വെള്ളം വന്നു. ജനുവരി 22നാണ് ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നത്. എത്രയോ എഞ്ചിനീയർമാർ ഇവിടെയുണ്ടായിരുന്നു. എന്നിട്ടും ചോർച്ചയുണ്ടായത് ആശ്ചര്യകരമാണ്. മേൽക്കൂരയിൽനിന്ന് വെള്ളം ചോർന്നൊലിക്കുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല.' എന്നാണ് ചോർച്ചയെ കുറിച്ച് ആചാര്യ സത്യേന്ദ്ര ദാസ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞിരുന്നത്.

നൂറ്റാണ്ടുകളായി ബാബരി മസ്ജിദ് നിന്ന സ്ഥലത്താണ് സുപ്രിം കോടതി ഉത്തരവിന് പിന്നാലെ രാമക്ഷേത്രം നിർമിക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുമ്പിൽ നിൽക്കവെ തിടുക്കപ്പെട്ടാണ് ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്.

TAGS :

Next Story