'ക്ലിയോപാട്ര വരെ കഴുതപ്പാൽ കുടിച്ചിരുന്നു...' ഏറ്റവും രുചിയുള്ള പാലെന്ന് ബാബ രാംദേവ്
കഴുതയെ സ്വന്തമായി കറന്നാണ് രാംദേവ് പാൽ കുടിക്കുന്നത്, പാലിനെ 'സൂപ്പർടോണിക്' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു
സമൂഹമാധ്യമങ്ങളിലെ പരിചിത മുഖമാണ് ബാബാ രാംദേവ്. യോഗഗുരുവെന്ന് സ്വയം സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയിലാണ് ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ. വിവാദപരമായ പല പ്രസ്താവനകളും നടത്തി കുപ്രസിദ്ധി നേടിയ രാംദേവ്, പതഞ്‌ലി ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ വിമർശനങ്ങളേറെ ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോഴിതാ കഴുതപ്പാലിന്റെ ഗുണങ്ങളെ കുറിച്ച് വർണിക്കുന്ന രാംദേവിന്റെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴുതയെ സ്വന്തമായി കറന്ന് അതിന്റെ ഗുണങ്ങൾ വിവരിക്കുകയാണ് 'യോഗഗുരു'. സൂപ്പർടോണിക്, സൂപ്പർകോസ്‌മെറ്റിക് എന്നൊക്കെയാണ് കഴുതപ്പാലിന് രാംദേവ് നൽകുന്ന വിശേഷണം. താൻ കുടിച്ചതിൽ ഏറ്റവും മികച്ച പാലെന്ന് 'ഗുഡ് സർട്ടിഫിക്കറ്റ്' നൽകുകയും ചെയ്തു. പശുവിൻപാലിനോട് അലർജിയുള്ളവർക്ക് ഒരു സംശയവും കൂടാതെ കഴുതപ്പാൽ കുടിക്കാം എന്നൊക്കെയാണ് രാംദേവ് വീഡിയോയിൽ പറയുന്നത്. പാലിന്റെ ഗുണങ്ങളെ കുറിച്ച് വീഡിയോയിൽ ഇദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.
രാംദേവിന്റെ വാക്കുകൾ ഇങ്ങനെ:
"പശു, ആട്, എരുമ, ഒട്ടകം ഇവയുടെയൊക്കെ പാൽ കുടിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കഴുതപ്പാൽ രുചിച്ചു നോക്കുന്നത്. സൂപ്പർ ടോണിക്കും സൂപ്പർകോസ്‌മെറ്റിക്കുമൊക്കെയാണ് കഴുതപ്പാൽ. മറ്റുള്ളവയിൽ നിന്നും അതീവരുചികരമാണിത്. ദഹനത്തിനുമൊക്കെ മികച്ച പാലാണ് കഴുതയുടേതെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ലിയോപാട്ര പോലും ഈ പാലിന്റെ ഗുണങ്ങൾ വിവരിച്ചിട്ടുണ്ടല്ലോ... അവരുടെ സൗന്ദര്യത്തിന്റെ രഹസ്യം അതാണെന്നും. പശുവിൻ പാലിനോട് അലർജി ഉള്ളവർക്ക് എന്തുകൊണ്ടും ഈ പാല് തിരഞ്ഞെടുക്കാം. ഔഷധഗുണങ്ങളേറെ ഉണ്ടതിന്"...
പാലിന്റെ ഗുണങ്ങൾ വിവരിക്കുന്നതിനൊപ്പം നിരവധി തവണ രാംദേവ് പാൽ കുടിക്കുന്നതായി വീഡിയോയിൽ കാണാം. രാംദേവ് 'ഡോക്ടർ' എന്ന് വിശേഷിപ്പിക്കുന്ന ഒരാളും വീഡിയോയിൽ കഴുതപ്പാലിന്റെ ഗുണങ്ങൾ വിവരിക്കുന്നുണ്ട്.
നിയമപ്രകാരം കഴുതപ്പാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് ഇന്ത്യയിൽ നിയമതടസ്സങ്ങളില്ല. എന്നാലിത് ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ സേവിക്കാവൂ. പശുവിൻപാലിനെ അപേക്ഷിച്ച് കഴുതപ്പാലിന് വിലയും കൂടുതലാണ്.
Adjust Story Font
16