'ബാബരിയാണ് നീതി'; ഡൽഹി ജാമിഅ മില്ലിയ്യയിൽ ഫ്രറ്റേണിറ്റിയുടെ പ്രതിഷേധം
രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ഇന്ന് ജാമിഅ മില്ലിയ്യ സർവകലാശാലയിൽ അവധി പ്രഖ്യാപിച്ചിരുന്നു
ഡൽഹി: ബാബരിയാണ് നീതിയെന്ന പേരിൽ ഡൽഹി ജാമിഅ മില്ലിഅ സർവകലാശാലയിൽ പ്രതിഷേധം. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് ക്യാമ്പസിൽ നിന്ന് നീക്കി.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ഇന്ന് ജാമിഅ മില്ലിയ സർവകലാശാലയിൽ അവധി പ്രഖ്യാപിച്ചിരുന്നു. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഒരു കേന്ദ്ര സർവകലാശാല അവധി പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ് എന്നത് ശ്രദ്ധേയമായിരുന്നു. സർവകലാശാലയുടെ ഒരു ഡിപ്പാർട്ട്‌മെന്റുകളും അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടര വരെ പ്രവർത്തിക്കരുത് എന്നായിരുന്നു സർവകലാശാല നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, പരീക്ഷകൾ കൃത്യമായി നടക്കുമെന്നും അറിയിച്ചിരുന്നു.
ഉത്തരവിനെതിരെ സർവകാലാശാലയിലെ വിവിധ അധ്യാപകരും വിദ്യാർഥി സംഘടനകളും നേരത്തെ രംഗത്തെത്തിയിരുന്നു. പ്രവൃത്തി ദിനമായതിനാൽ പല ആവശ്യങ്ങൾക്കുമായി നിരവധി വിദ്യാർഥികൾ സർവകലാശാലയിൽ എത്തുമെന്നും അവരെയൊക്കെ ഈ അവധി ബാധിക്കുമെന്നും അധ്യാപകരും വിദ്യാർഥികളും ചൂണ്ടിക്കാട്ടുകയും ചെയ്തു.
Adjust Story Font
16