'ബാഴ്സലോണ വിടാന്‍ മെസിക്കും താല്‍പര്യം ഉണ്ടായിരുന്നില്ല': ബിജെപി വിട്ടതിനെക്കുറിച്ച് ബാബുല്‍ സുപ്രിയോ
ബിജെപിയില്‍ പ്രവര്‍ത്തിച്ച ഏഴ് വര്‍ഷങ്ങള്‍ക്ക് നരേന്ദ്രമോദിയ്ക്കും അമിത്ഷായ്ക്കും ജെപി നദ്ദയ്ക്കും താന്‍ നന്ദി പറയുന്നുവെന്നും ഏത് ടീമിലാണെങ്കിലും താന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്നും ബാബുല്‍ സുപ്രിയോ വ്യക്തമാക്കി
തന്നെ കൂടെ നിര്‍ത്തുകയും കളിക്കളത്തിലിറക്കുകയും ചെയ്യുന്ന ടീമിന്‍റെ ഭാഗമാകാനാണ് തനിക്ക് താല്‍പര്യമെന്ന് ഈയടുത്തിടെ ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. എന്‍ഡിടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.
"ബാഴ്സലോണ വിടാന്‍ മെസിക്കും താല്‍പര്യം ഉണ്ടായിരുന്നില്ല, വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വികാരഭരിതനായിരുന്നു. പക്ഷേ താരം പിഎസ്ജിയിലേക്ക് പോയി. എന്നു കരുതി തന്‍റെ പഴയ ടീമിനെതിരെ മെസി ഗോളടിക്കാതിരിക്കുമോ "- സുപ്രിയോ പറഞ്ഞു.
സുപ്രിയോ പാര്‍ട്ടി വിട്ടതിനു പിന്നാലെ പശ്ചിമ ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെ സ്ഥാനത്തു നിന്ന് നീക്കി സുഖന്ത മജുംദറിനെ നിയമിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനാണ് പുതിയ നീക്കം. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ സുപ്രിയോ വിസമ്മതിച്ചു.
"ഞാനിപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിലാണ്. ഇത് തികച്ചും ബിജെപിയുടെ ആഭ്യന്തര കാര്യമാണ്. ഒരു രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയില്‍ പറയുകയാണെങ്കില്‍ ദിലീപ് ഘോഷ് വളരെ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചത്."- സുപ്രിയോ പറഞ്ഞു.
സംസ്ഥാനത്ത് താലിബാനിസമാണ് നടക്കുന്നതെന്ന ബിജെപിയുടെ പുതിയ അദ്ധ്യക്ഷന്‍റെ പ്രസ്താവനയോടും സുപ്രിയോ പ്രതികരിച്ചു. "താലിബാന്‍ എന്നത് വളരെ മോശമായ ഒരു മാനസികാവസ്ഥയുടെ പേരാണ്. ആകസ്മികമായി പോലും ആ വാക്ക് ഉച്ചരിക്കാന്‍ പാടില്ല."- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയില്‍ പ്രവര്‍ത്തിച്ച ഏഴ് വര്‍ഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും കേന്ദ്രമന്ത്രി അമിത്ഷായ്ക്കും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും താന്‍ നന്ദി പറയുന്നുവെന്നും ഏത് ടീമിലാണെങ്കിലും താന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്നും ബാബുല്‍ സുപ്രിയോ വ്യക്തമാക്കി.
Adjust Story Font
16