ഹരിദ്വാറിൽ മുസ്‌ലിം വീടുകൾക്കുനേരെ ബജ്രങ്ദൾ ആക്രമണം; കടകൾ അടിച്ചുതകർത്തു
മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനമുണ്ടായ ധർമസൻസദ് സമ്മേളനം നടന്ന ഹരിദ്വാറിലെ ഇഖ്ബാൽപൂരിലാണ് സംഭവം
ഹരിദ്വാർ: ഉത്തരാഖണ്ഡിൽ മുസ്‌ലിംകൾ തിങ്ങിത്താമസിക്കുന്ന മേഖലയിൽ ബജ്രങ്ദളിന്റെ നരനായാട്ട്. നൂറുകണക്കിനു ബജ്രങ്ദൾ പ്രവർത്തകർ ചേർന്ന് സ്ത്രീകളടക്കം നാട്ടുകാരെ ക്രൂരമായി ആക്രമിക്കുകയും കടകൾ അടിച്ചുതകർക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനമുണ്ടായ ധർമസൻസദ് സമ്മേളനം നടന്ന ഹരിദ്വാറിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഇഖ്ബാൽപൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം. 90ഓളം വരുന്ന ഹിന്ദുത്വ പ്രവർത്തകരാണ് സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിട്ടത്. കാവി മുഖംമൂടി ധരിച്ച് വടികളുമായി പ്രദേശത്തുകൂടെ മാർച്ച് നടത്തിയാണ് സംഘം എത്തിയത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം, ആക്രമണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹരിദ്വാർ പൊലീസും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ മാരകമായി പരിക്കേറ്റ് ശരീരത്തിൽനിന്നു രക്തംവാർന്നൊഴുകുന്ന വയോധികന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകൾ ഉച്ചത്തിൽ നിലവിളിക്കുന്ന ശബ്ദവും വിഡിയോയിൽ കേൾക്കാം.
കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിൽ വിവിധ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ധർമസൻസദ് വൻകോളിളക്കം സൃഷ്ടിച്ചിരുന്നു. മുസ്‌ലിംകളടങ്ങുന്ന ന്യൂനപക്ഷത്തെ കൂട്ടക്കൊല ചെയ്യാൻ പരിപാടിയിൽ ഹിന്ദുത്വ നേതാക്കൾ ആഹ്വാനം ചെയ്തു. സംഭവം വിവാദമായതോടെ സുപ്രിംകോടതി ഇടപെടുകയും മുഖ്യസംഘാടകനായ വിവാദ ഹിന്ദു പുരോഹിതൻ യതി നരസിംഹാനന്ദ അറസ്റ്റിലാകുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ നരസിംഹാനന്ദ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണം തുടർന്നിരുന്നു.
Summary: Bajrang Dal attacks a Muslim locality, Iqbalpur in Haridwar, Uttarakhand, without any provocation
Adjust Story Font
16