200 കോടിയുടെ കറന്റ് ബിൽ അടച്ചിട്ടില്ല; ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം നിർത്താൻ ത്രിപുര
അദാനി പവറിനും വൈദ്യുതി കയറ്റുമതിയിൽ 80 കോടി ബംഗ്ലാദേശ് നൽകാനുണ്ടെന്നാണ് റിപ്പോർട്ട്
ഡൽഹി: ബംഗ്ലാദേശ് 200 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക നൽകാനുണ്ടെന്ന് ത്രിപുര സർക്കാർ. ത്രിപുര സ്റ്റേറ്റ് ഇലക്ട്രിസിറ്റി കോർപ്പറേഷൻ ലിമിറ്റഡ്, ബംഗ്ലാദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡുമായി എൻടിപിസി വിദ്യുത് വ്യാപാര് നിഗം ലിമിറ്റഡ് വഴി ഒപ്പുവച്ച കരാർ പ്രകാരം ത്രിപുര 60-70 മെഗാവാട്ട് വൈദ്യുതിയാണ് അയൽരാജ്യത്തിന് നൽകുന്നത്.
വൈദ്യുതി നൽകിയതിൽ ഇതുവരെ 200 കോടി രൂപയാണ് കുടിശ്ശികയായിരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും വൈദ്യുതി കുടിശിക വർധിച്ചുവരികയാണെന്നും ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു. എന്നാൽ, ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം നിർത്തുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ ബംഗ്ലാദേശ് കുടിശിക തീർക്കുമെന്നാണ് പ്രതീക്ഷയെന്നും മണിക് സാഹ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ത്രിപുരയിലെ വൈദ്യുതോൽപ്പാദന പ്ലാൻ്റിലെ നിരവധി യന്ത്രസാമഗ്രികൾ ബംഗ്ലാദേശ് വഴിയും ചിറ്റഗോങ് തുറമുഖം വഴിയുമാണ് സംസ്ഥാനത്തേക്ക് കൊണ്ടുവന്നിട്ടുള്ളത്. ഈ കടപ്പാടിന്റെ പേരിൽ ത്രിപുര സർക്കാർ രാജ്യത്തിന് വൈദ്യുതി വിതരണം ചെയ്യാൻ കരാർ ഒപ്പിടുകയായിരുന്നു. എന്നാൽ, കുടിശ്ശിക തീർത്തില്ലെങ്കിൽ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം എത്രനാൾ തുടരാൻ കഴിയുമെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 മാർച്ചിലാണ് ത്രിപുര ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ചെയ്യാൻ തുടങ്ങിയത്. സർക്കാർ ഉടമസ്ഥതയിലുള്ള ഒഎൻജിസി ത്രിപുര പവർ കമ്പനിയുടെ (OTPC) തെക്കൻ ത്രിപുരയിലെ പാലറ്റാനയിലുള്ള പവർ പ്ലാൻ്റിലാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.
അദാനി പവറിനും വൈദ്യുതി കയറ്റുമതിയിൽ 80 കോടി ബംഗ്ലാദേശ് നൽകാനുണ്ടെന്നാണ് റിപ്പോർട്ട്. ജാർഖണ്ഡിലെ 1,600 മെഗാവാട്ട് ഗോഡ്ഡ പ്ലാൻ്റിൽ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്ന അദാനി പവർ കുടിശ്ശികയെ തുടർന്ന് ഓഗസ്റ്റിൽ വിതരണം 1,400-1,500 മെഗാവാട്ടിൽ നിന്ന് 520 മെഗാവാട്ടായി കുറച്ചിരുന്നു.
Adjust Story Font
16