Quantcast

നിരോധിത പതഞ്ജലി ഉൽപ്പന്നങ്ങൾ ഫ്രാഞ്ചൈസികൾ വഴി വ്യാപകമായി വിറ്റഴിക്കുന്നതായി റിപ്പോർട്ട്

നിരോധിക്കപ്പെട്ട മരുന്നുകളു​ടെ വിൽപ്പന നിർത്തിവെച്ചതായി പതഞ്ജലി സുപ്രിം കോടതിയെ അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    12 July 2024 5:08 AM GMT

നിരോധിത പതഞ്ജലി ഉൽപ്പന്നങ്ങൾ ഫ്രാഞ്ചൈസികൾ വഴി വ്യാപകമായി വിറ്റഴിക്കുന്നതായി റിപ്പോർട്ട്
X

ഡൽഹി: നിരോധിത പതഞ്ജലി ഉൽപ്പന്നങ്ങൾ ഫ്രാ​ഞ്ചൈസി സ്റ്റോറുകൾ വഴി വ്യാപകമായി വിൽക്കുന്നതായി റിപ്പോർട്ട്. വ്യാജ അവകാശവാദങ്ങൾക്കൊപ്പം ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് കണ്ടെത്തിയ പതഞ്ജലിയുടെ 14 മരുന്നുകളുടെ ലൈസൻസ് ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റി റദ്ദാക്കിയിരുന്നു. ഈ മരുന്നുകളു​ടെ വിൽപ്പന നിർത്തിവെച്ചതായി പതഞ്ജലി സുപ്രിം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആ മരുന്നുകൾ പതഞ്ജലിയുടെ ഷോപ്പുകളിൽ ഇപ്പോഴും വ്യാപകമായി വിൽക്കുന്നതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

ഡൽഹി,പട്ന, ഡെറാഡൂൺ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പതഞ്ജലിയുടെ തട്ടിപ്പ് കണ്ടെത്തിയത്. യോഗ ആചാര്യനായ രാംദേവ് സ്ഥാപിച്ച പതഞ്ജലി ആയുർവേദ് ലിമിറ്റഡ് 14 ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തിവച്ചതായും ഈ ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ 5,606 സ്റ്റോറുകൾക്ക് നിർദ്ദേശം നൽകിയതായും ചൊവ്വാഴ്ചയാണ് സുപ്രിം കോടതിയെ അറിയിച്ചത്.

എന്നാൽ പതഞ്ജലി സുപ്രിം കോടതിയിൽ നൽകിയ റിപ്പോർട്ട് വ്യാജമാണെന്നാണ് വ്യക്തമാകുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സുഖപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന സ്വസരി വാതിയും പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പുമാണ് ഒരു ​പതഞ്ജലി സ്റ്റോറിൽ വിൽക്കുന്നതായി കണ്ടെത്തിയത്. രക്തസമ്മർദ്ദത്തിനുള്ള ബി.പി ഗ്രിറ്റ്, പ്രമേഹത്തിനുള്ള മധുഗ്രിറ്റ് എന്നിവയും കടകളിൽ ലഭ്യമാണ്.

ജംഗ്പുരയിലെ പതഞ്ജലി സ്റ്റോറിലും സമാന ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ട്. ഈ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിർത്തിവെക്കാൻ പതഞ്ജലി അധികൃതർ നിർദേശിച്ചിട്ടില്ലെന്നാണ് കടയുടമ പറയുന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് വ്യക്തമാക്കുന്നു. കരൾ സംബന്ധമായ അസുഖങ്ങൾ സുഖപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന ലിവാമൃത് അഡ്വാൻസ്, ലിവോഗ്രിറ്റ് എന്നിവയുൾപ്പെടെ നിരോധിത 14 ഉൽപ്പന്നങ്ങളിൽ എട്ടെണ്ണം ഡൽഹിയിലെ കടയിൽ ലഭ്യമാണ്. കേരളത്തിലും വ്യാപകമായി പതഞ്ജലി ഔട്ട്​ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

അ​തെസമയം ഈ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ പിൻവലിക്കാൻ മാധ്യമങ്ങളോട് പതഞ്ജലി ആവശ്യപ്പെട്ടിരുന്നു. അലോപ്പതി മരുന്നുകൾക്കും കോവിഡ് വാക്സിനുകൾക്കുമെതിരെ പതഞ്ജലി വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നുകാട്ടി ഐ.എം.എ നൽകിയ ഹരജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായി പരസ്യങ്ങൾ പിൻവലിച്ച് മാപ്പുപറയാനും സുപ്രിം കോടതി നിർദേശിച്ചിരുന്നു.

ലൈസൻസ് റദ്ദാക്കിയ പതഞ്ജലിയുടെ 14 ഉൽപ്പന്നങ്ങൾ

മുക്തവതി എക്‌സ്‌ട്രാ പവർ,

ലിപിഡോം,

ബിപി ഗ്രിറ്റ്,

ലിവാമൃത് അഡ്വാൻസ്,

ലിവോഗ്രിറ്റ്,

ഐഗ്രിറ്റ് ഗോൾഡ് മധുഗ്രിത്,

സ്വസരി ഗോൾഡ്,

സ്വസരി വതി,

ബ്രോങ്കോം,

സ്വസരി പ്രവാഹി,

സ്വസരി അവലേഹ്

മധുനാശിനിവതി എക്സ്ട്രാ പവർ

പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പ്

TAGS :

Next Story