പീഡന പരാതി; പശ്ചിമ ബംഗാൾ ഗവർണറിനെതിരെ സർക്കാർ സുപ്രിംകോടതിയിലേക്ക്
പീഡനപരാതിയിൽ സഹകരിക്കരുതെന്ന് ഗവർണർ രാജ്ഭവൻ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു
കൊൽക്കത്ത: പീഡനപരാതിയിലെ അന്വേഷണത്തിൽ പശ്ചിമ ബംഗാൾ ഗവർണർ സഹകരിക്കാത്തതിൽ സർക്കാർ സുപ്രിംകോടതിയെ സമീപിച്ചേക്കും. ഗവർണർക്കുള്ള ഭരണഘടനയുടെ പരിരക്ഷ ദുരുപയോഗം ചെയ്യുന്നുവെന്ന് ബംഗാൾ സർക്കാർ കോടതിയെ ധരിപ്പിക്കും. പീഡനപരാതിയിൽ സഹകരിക്കരുതെന്ന് കഴിഞ്ഞ ദിവസം ഗവർണർ രാജ്ഭവൻ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.
ഭരണഘടനയുടെ 361ാം അനുഛേദ പ്രകാരം ഗവർണർക്കെതിരെ സർക്കാറുകൾക്ക് ഒരു നടപടിയും സ്വീകരിക്കാനാവില്ല. അതായത് കൊലപാതം നടത്തിയാലും ഗവർണറെ അറസ്റ്റുചെയ്യാനുള്ള അധികാരം സർക്കാറിനില്ല എന്നർത്ഥം. ഈ പ്രത്യേക ആനുകൂല്യം ചൂണ്ടിക്കാട്ടിയാണ് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് നടപടിയിൽ നിന്ന് രക്ഷപ്പെടുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സ്വന്തം നിലക്ക് അന്വേഷണം നടത്തുകയാണ് പൊലീസ്. ഗവർണറുടെ നിസ്സഹകരണം കൂടി ചേർത്ത് റിപ്പോർട്ടുണ്ടാക്കി കോടതിയിൽ സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം. തെളിവുകളിലൂടെയും യുവതിയുടെ മൊഴിയിലൂടെയും പരാതിയുടെ ഗൗരവം കോടതിയെ ബോധിപ്പിക്കാനാവുമെന്ന് പൊലീസ് കരുതുന്നു.
നിലവിലെ പൊലീസ് നടപടികൾ അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്കും നിയമനടപടികളിലേക്ക് കടക്കാവുന്നതാണ്. വിഷയം വലിയ ഭരണഘടനാ പ്രശ്‌നത്തിലേക്ക് നീങ്ങിയാൽ കോടതിക്ക് ഇടപെടേണ്ടിയും വരും. ബംഗാളിൽ ജൂൺ ഒന്നുവരെ വോട്ടെടുപ്പുള്ളതിനാൽ വിഷയം തെരഞ്ഞെടുപ്പ് കഴിയും വരെ കത്തിനിൽക്കുമെന്ന് ഉറപ്പാണ്.
Adjust Story Font
16