ഡൽഹിക്ക് പുറത്തെ ആദ്യ ആപ്പ് മുഖ്യമന്ത്രി; പഞ്ചാബിൽ ഭഗവന്ത് മൻ ഇന്ന് അധികാരമേൽക്കും
നാല് ലക്ഷത്തിലേറെ പേർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഡൽഹിക്ക് പുറത്തെ ആം ആദ്മി പാർട്ടിയുടെ ആദ്യ മുഖ്യമന്ത്രിയായി പഞ്ചാബിൽ ഭഗവന്ത് മൻ ഇന്ന് അധികാരമേൽക്കും. നാല് ലക്ഷത്തിലേറെ പേർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളും ചടങ്ങിൽ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരെയും സ്ഥാനമൊഴിയുന്ന കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെടെയുള്ളവരെയും ചടങ്ങിൽനിന്ന് ആപ്പ് ഒഴിവാക്കിയിട്ടുണ്ട്. അമ്പത് ഏക്കറിലാണ് സത്യപ്രതിജ്ഞയ്ക്കായുളള പന്തൽ. വൻ ഭൂരിപക്ഷം നേടിയാണ് ആം ആദ്മി പാർട്ടി പഞ്ചാബിൽ അധികാരമേൽക്കുന്നത്.
ധുരി മണ്ഡലത്തിൽ മത്സരിച്ച ഭഗവത് മൻ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ദൽവീർ സിങിനെയാണ് പരാജയപ്പെടുത്തിയത്. ധുരിയിൽ ഭഗവന്ത് മാൻ 82,592 വോട്ടുകൾ നേടിയപ്പോൾ ദൽവീർ സിങിന് 24,386 വോട്ടുകൾ മാത്രമാണ് നേടാനായത്. ഏകദേശം 60,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഭഗവന്തിന്റെ വിജയം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ആകെ പോൾ ചെയ്ത വോട്ടിന്റെ 64.29 ശതമാനം വോട്ടുകളോടെയാണ് ഭഗവന്ത് മാൻ പഞ്ചാബിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തീർത്തത്.
1977 മുതൽ ശിരോമണി അകാലിദൾ നാലു തവണയും കോൺഗ്രസ് മൂന്നു തവണയും ജയിച്ച ധുരി മണ്ഡലത്തിലാണ് ഭഗവന്ത് ഇക്കുറി പോരിനിറങ്ങിയത്. 2017ൽ കോൺഗ്രസിലെ ദൽവീർ സിങ് ഗോൾഡി എ.എ.പി സ്ഥാനാർഥിയെ 2811 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് ധുരിയിൽ തോൽപ്പിച്ചത്. എന്നാൽ ഇത്തവണ സിറ്റിങ് എംഎൽഎയായ കോൺഗ്രസിന്റെ ദൽവീർ സിങ്ങിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ഭഗവന്തിന്റെ വിജയം.
ഹാസ്യ താരത്തില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്
ഒരു ഹാസ്യതാരത്തില്‍ നിന്ന് പഞ്ചാബിന്‍റെ രാഷ്ട്രീയ ഗതി തന്നെ വഴിതിരിച്ചുവിടാനുള്ള നിയോഗം അയാള്‍ക്കായിരുന്ന്. ഭഗവന്ത് മാന്‍ അഥവാ പഞ്ചാബികളുടെ സ്വന്തം ജുഗ്നുവിന്. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ആം ആദ്മി പാർട്ടി ഡല്‍ഹിക്ക് പുറത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം കൈയ്യാളുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കുന്നത് ഈ പഞ്ചാബി താരമാണ്. എ.എ.പി പഞ്ചാബില്‍ അധികാരത്തിലെത്തുന്നതോടെ ഡൽഹിക്ക് പുറത്ത് അരവിന്ദ് കേജ്‌രിവാളിനെ അടയാളപ്പെടുത്തുന്ന ആദ്യത്തെ വലിയ വിജയം കൂടിയായിരിക്കും ഇത്.പഞ്ചാബികളുടെ തമാശക്കാരന്‍തമാശകൾ പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിവുള്ള താരമായതുകൊണ്ടുതന്നെ പഞ്ചാബികൾ ഭഗവന്ത് മാന്നിനെ 'ജുഗ്നു' എന്നാണ് സ്നേഹത്തോടെ വിളിക്കുന്നത്. പഞ്ചാബിലെ പ്രശസ്ത ഹാസ്യതാരമായ ഭഗവന്ത് മന്‍ കപിൽ ശർമയുമായി ചേർന്ന് അവതരിപ്പിച്ച 'ദ ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്' എന്ന ടെലിവിഷൻ കോമഡി ഷോയിലൂടെയാണ് ജനപ്രിയ താരമാകുന്നത്. ജുഗ്നു എന്ന പേര് കൂടാതെ 'കോമഡി കിങ്' എന്നൊരു വിളിപ്പേരുകൂടിയുണ്ട് ഭഗ്‍വന്തിന്. അഭിനേതാവ്, ഗായകൻ, സാമൂഹിക പ്രവർത്തകൻ എന്നീ മേഖലകളിലും ഭഗവന്ത് തന്‍റെ കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.
രാഷ്ട്രീയത്തിലേക്ക്
2011ലാണ് അദ്ദേഹം ഹാസ്യ താരത്തിന്‍റെ പരിവേഷം ഉപേക്ഷിച്ച് പൂര്‍ണ സമയ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. പീപ്പിൾസ് ഓഫ് പഞ്ചാബിലെ അംഗമായാണ് രാഷ്ട്രീയ അരങ്ങേറ്റം. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലെഹ്‌റഗാഗ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും കന്നിയങ്കത്തില്‍ പരാജയപ്പെട്ടു. 2014ൽ പീപ്പിൾസ് ഓഫ് പഞ്ചാബില്‍ നിന്ന് രാജിവെച്ച് ആം ആദ്മി പാര്‍ട്ടിയിലേക്ക്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സംഗ്രൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ആപ്പിന്‍റെ സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചു. അങ്ങനെ 2014 ല്‍ എം.പിയായി. അതിനിടെയാണ് പിന്നാലെ വന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നിയമസഭ തെരഞ്ഞെടുപ്പില്‍ ഭഗവന്ത് മാന്‍ മാറ്റുരയ്ക്കുന്നത്.
ആദ്യ കാലം
പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സതോജ് ഗ്രാമത്തില്‍ മൊഹിന്ദർ സിങിന്‍റെയും ഹർപൽ കൗറിന്റെയും മകനായി 1973 ഒക്ടോബർ 17ന് ജനനം. സിഖ്-ജാട്ട് കുടുംബാംഗമാണ്. പ്രാംരംഭ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ കോമഡി പരിപാടികളിലും മറ്റുമായി ഭഗവന്ത് സജീവമായിരുന്നു. പട്യാല ശഹീദ് ഉദ്ദംസിങ് ഗവൺമെന്‍റ് കോളജിൽ നിന്ന് വിവിധ പരിപാടികളില്‍ ഗോൾഡ് മെഡൽ സ്വന്തമാക്കിയ ആള്‍ കൂടിയാണ് ഭഗവന്ത്. ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിചരണം ലക്ഷ്യമിട്ട് 'ലോക് ലെഹർ ഫൗണ്ടേഷൻ' എന്ന എൻ.ജി.ഒയും അദ്ദേഹം നടത്തുന്നുണ്ട്. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് തന്നെ 12 സിനിമകളിൽ താരം വേഷമിട്ടു. നിരവധി ആൽബങ്ങളിലും പാടിയിട്ടുണ്ട്. 'മുഖ്യമന്ത്രി എന്ന വാക്കിന് സാധാരണക്കാരന്‍ എന്നാണ് അർഥം. എന്‍റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാ കാലവും പ്രശസ്തി എനിക്ക് പിന്നാലെ ഉണ്ടായിരുന്നു. അതിലൊന്നും ഞാൻ വീണിട്ടില്ല, വീഴുകയില്ല. ജനങ്ങളുടെ ഒപ്പം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. മുഖ്യമന്ത്രിയായാൽ തന്നെയും ജനങ്ങളെ മറക്കില്ല, അവരെ വിട്ടൊഴിഞ്ഞു നിൽക്കില്ല. കാരണം ഈ പ്രശസ്തിയെന്നത് എനിക്ക് പുതിയ അനുഭവമല്ല' - പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഭഗവന്ത് മാൻ പറഞ്ഞവാക്കുകളാണിത്.
വിവാദങ്ങള്‍
രാഷ്ട്രീയ ഗോദയിലെത്തിയതിന് പിന്നാലെ ഭഗവന്ത് മാന്നിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളും ഉയർന്നിട്ടുണ്ട്. മദ്യപാനവുമായി ബന്ധപ്പെട്ട ആരോപണമാണ് അതിൽ എറ്റവും കോളിളക്കമുണ്ടായത്. പാർലമെന്‍റിൽ മദ്യപിച്ചെത്തിയ ഭഗ്വന്ത്, പഞ്ചാബിന്‍റഎ പ്രതിഛായക്കാണു മങ്ങലേൽപ്പിക്കുന്നത് എന്നായിരുന്നു അമരിന്ദര്‍ സിങിന്‍റെ പ്രതികരണം. ഭഗ്വന്തിന്‍റെ മദ്യപാന ശീലത്തിനെതിരെ, എ.എ.പിയുടെ തനന്നെ എം.പിയായിരുന്ന ഹരീന്ദർ സിങ് ഖൽസ രേഖാമൂലം ലോക്‌സഭാ സ്പീക്കർക്കു പരാതിയും നൽകിയിരുന്നു.പിന്നീട് ആസ്‌ട്രേലിയയിൽ കൊല്ലപ്പെട്ട യുവാവിന്‍റെ സംസ്‌കാര ചടങ്ങിലും, ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി അമൃത്‌സറിലെ ഗുരുദ്വാരയിൽ സംഘടിപ്പിച്ച ചടങ്ങിലും അദ്ദേഹം മദ്യപിച്ചെത്തി വിവാദം ക്ഷണിച്ചുവരുത്തു. പിന്നീട് 2019ൽ ആം ആദ്മി പാർട്ടിയുടെ ഒരു പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഭഗവ്ത് മാൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു സുപ്രധാന പ്രഖ്യാപനം നടത്തി. മദ്യം ഉപേക്ഷിക്കുകയാണെന്ന്... ഇനി ഒരിക്കലും മദ്യം കൈകൊണ്ട് തൊടില്ല... അമ്മയെ സാക്ഷിയാക്കിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതിജ്ഞ.
Bhagwant Mann of the Aam Aadmi Party became the Chief Minister of Punjab today Will come to power
Adjust Story Font
16