'ഭർ ദോ ജോലി മേരി യാ മുഹമ്മദ്'; ഗണേശോത്സവ റാലിയിൽ ഖവാലി
ഹൈദരാബാദിലെ പ്രസിദ്ധമായ മക്കാ മസ്ജിദിനടുത്ത് ഗണേശോത്സവ റാലി എത്തിയപ്പോഴായിരുന്നു വാഹനത്തിൽ ജനപ്രിയ ഖവാലി ഗാനം കേൾപിച്ചത്
ഹൈദരാബാദ്: ഗണേശോത്സവ റാലിക്കിടെ പ്രവാചക പ്രകീർത്തന ഗാനങ്ങളും. ഹൈദരാബാദിലെ പ്രസിദ്ധമായ മക്കാ മസ്ജിദിനടുത്ത് ഗണേശോത്സവ റാലി എത്തിയപ്പോഴായിരുന്നു വാഹനത്തിൽ ജനപ്രിയ ഖവാലി ഗാനം കേൾപിച്ചത്. ഇതിനൊപ്പം വിശ്വാസികൾ നൃത്തം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ചാർമിനാറിനടുത്ത് വാഹനം എത്തിയപ്പോഴാണ് അതുവരെ ഉണ്ടായിരുന്ന ഗാനം മാറ്റി ഖവാലി വച്ചത്. 2015ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രം 'ബജ്‌റംഗി ഭായ്ജാനി'ലെ ഏറെ ജനപ്രിയമായ 'ഭർ ദോ ജോലി മേരി യാ മുഹമ്മദ്' ആണ് സ്പീക്കറിലൂടെ പ്രക്ഷേപണം ചെയ്തത്. അദ്‌നാൻ സാമിയാണ് പ്രവാചകൻ മുഹമ്മദ് നബിയെ പ്രകീർത്തിച്ചുകൊണ്ടുള്ള ഖവാലി ഗാനം ചിത്രത്തിനായി ആലപിച്ചത്.
'തെലങ്കാന ടുഡേ'യിൽ പ്രത്യേക ലേഖകനായ ആസിഫ് യാർ ഖാൻ ആണ് ഹൃദയം കവരുന്ന മതസൗഹാർദത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാഹരണം എന്ന അടിക്കുറിപ്പോടെയാണ് ആസിഫ് വിഡിയോ പങ്കുവച്ചത്.
ആഗസ്റ്റ് 31ന് ആരംഭിച്ച ഗണേശ ചതുർത്ഥി ആഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന ആഘോഷ പരിപാടിക്കിടെയായിരുന്നു ഈ വേറിട്ട കാഴ്ച. ഗണേശ വിഗ്രഹ നിമജ്ജനം അടക്കമുള്ള ചടങ്ങുകളാണ് വെള്ളിയാഴ്ച നടന്നത്. ജുമുഅ ദിവസം കൂടിയായതിനാൽ ഇരുവിഭാഗം തമ്മിൽ അനിഷ്ട സംഭവങ്ങൾക്കിടയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൻ സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരുന്നത്.
ബി.ജെ.പി നേതാവ് രാജാ സിങ്ങിന്റെ പ്രവാചകനിന്ദാ പരാമർശം ഹൈദരാബാദിൽ വലിയ കോലാഹലങ്ങൾക്കിടയാക്കിയിരുന്നു. 25,000ത്തോളം പൊലീസുകാരും ഡോഗ് സ്‌ക്വാഡും പ്രത്യേക സായുധസേനയുമെല്ലാം നഗരത്തിൽ വിന്യസിച്ചിരുന്നു. ഗണേശോത്സവം പ്രമാണിച്ച് മക്ക മസ്ജിദിൽ ജുമുഅ നമസ്‌കാരം 1.30ന് പൂർത്തിയാക്കുകയും ചെയ്തിരുന്നു.
Summary: Adnan Sami's popular qawwali 'Bhar Do Jholi..' played as Ganesh procession passes Mecca Masjid in Hyderabad
Adjust Story Font
16