നാളെ ഭാരത് ബന്ദ്, സംസ്ഥാനത്ത് ഹർത്താൽ ആചരിക്കുമെന്ന് ആദിവാസി- ദലിത് സംഘടനകൾ
കേന്ദ്രസർക്കാരിന്റെ സംവരണ നയത്തിനും സുപ്രീംകോടതിയുടെ ക്രീമിലെയർ വിധിക്കുമെതിരായ ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താൽ
തിരുവനന്തപുരം:സംവരണ അട്ടിമറിക്കെതിരെ ആദിവാസി- ദലിത് സംഘടനകളുടെ ഹർത്താൽ നാളെ. കേന്ദ്രസർക്കാരിന്റെ സംവരണ നയത്തിനും സുപ്രീംകോടതിയുടെ ക്രീമിലെയർ വിധിക്കുമെതിരായ ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താൽ. വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.
എസ്.സി എസ് ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും എസ് എസ് ടി വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ഈ മാസം ഒന്നിന് സുപ്രീംകോടതി വിധിച്ചിരുന്നു. വിധിക്കെതിരെ വിവിധ ദലിത് പ്രസ്ഥാനങ്ങൾ ദേശീയതലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താൽ ആചരിക്കുന്നത്.
സുപ്രീംകോടതിവിധി മറികടക്കാൻ പാർലമെന്റിൽ നിയമനിർമ്മാണം നടത്തണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം.ദേശീയതലത്തിൽ സമഗ്രമായ ജാതി സെൻസസ് നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
സംസ്ഥാന വ്യാപക ഹർത്താലിന് ഐക്യദാർഢ്യം
വയനാട്: എസ്.സി-എസ്.ടി വിഭാഗങ്ങളുടെ സംവരണ വ്യവസ്ഥയിൽ വരുമാന പരിധി നിശ്ചയിച്ച് ക്രീമിലെയർ വിഭാഗത്തെ ഒഴിവാക്കണമെന്ന സുപ്രീം കോടതി ചീഫ് ജെസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി സംവരണത്തിന്റെ അടിസ്ഥാന തത്വത്തെ തന്നെ പൂർണ്ണമായി അട്ടിമറിക്കുന്നതാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ. സാമൂഹിക അനീതിക്കെതിരെ കേരളത്തിലെ വ്യത്യസ്ത എസ്.സി-എസ്.ടി സംഘടനകൾ ആഗസ്റ്റ് 21 ന് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താലിന് ഫ്രറ്റേണിറ്റി മൂവ്മെൻറ് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഷെഫ്റിൻ പറഞ്ഞു.
Adjust Story Font
16