ഇളയരാജയ്ക്ക് ഭാരതരത്‌ന നൽകണം- ആവശ്യവുമായി ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ
കറുത്ത മുണ്ടും ടിഷർട്ടും ധരിച്ച് സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവൻ ശങ്കർ രാജ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും വലിയ തോതിൽ ചർച്ചയാകുകയാണ്
ചെന്നൈ: ഡോ. ബി.ആർ. അംബേദ്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് വിവാദത്തിലായതിനു പിന്നാലെ സംഗീതജ്ഞൻ ഇളയരാജയ്ക്ക് ഭാരതരത്‌ന നൽകണമെന്ന ആവശ്യവുമായി ബി.ജെ.പി തമിഴ്‌നാട് ഘടകം. ഇളയരാജയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ബഹുമതി നൽകേണ്ടതുണ്ടെന്ന് തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു.
ഇളയരാജ ബി.ജെ.പി അംഗമല്ല. തമിഴ്‌നാടിന്റെ മൊത്തം ആളാണ് അദ്ദേഹം. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്ന 12 പേരുടെ കൂട്ടത്തിൽ അദ്ദേഹത്തെയും രാഷ്ട്രപതി ഉൾപ്പെടുത്തുകയാണെങ്കിൽ അത് തീർച്ചയായും ഒരു ആദരമാണ്-അണ്ണാമലൈ പറഞ്ഞു. അദ്ദേഹത്തിന് ഭാരതരത്‌ന നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തെഴുതുമെന്നും അദ്ദേഹം അറിയിച്ചു.
ബ്ലൂ കാർട്ട് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച 'അംബേദ്കർ ആൻഡ് മോദി: റിഫോമേഴ്‌സ് ഐഡിയാസ്, പെർഫോമേഴ്‌സ് ഇംപ്ലിമെന്റേഷൻ' എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ് ഇളയരാജ അംബേദ്ക്കറെയും മോദിയെയും താരതമ്യം ചെയ്തത്. വാക്കുകളിലല്ല, പ്രവൃത്തികളിൽ വിശ്വസിക്കുന്നവരാണ് രണ്ടുപേരുമെന്ന് ഇളയരാജ പറഞ്ഞു.
'ഈ പുസ്തകം ഡോ. ബിആർ അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അത്ഭുതകരമായ സാദൃശ്യം പുറത്തുകൊണ്ടുവരുന്നു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ മുഖം മാറ്റുന്നതിൽ ഇരുവരും വിജയിച്ചു. രണ്ടുപേരും ദാരിദ്ര്യത്തെയും ശ്വാസംമുട്ടിക്കുന്ന സാമൂഹിക ഘടനയെയും അഭിമുഖീകരിച്ചിട്ടുണ്ട്. അവ തകർക്കുന്നതിൽ വിജയിക്കുകയും ചെയ്തു. രണ്ടുപേരും ഇന്ത്യയ്ക്കു വേണ്ടി വലിയ സ്വപ്നങ്ങൾ കണ്ടു. എന്നാൽ ചിന്തയെക്കാൾ പ്രവൃത്തിയിലാണ് ഇരുവരും വിശ്വസിച്ചത്.'-ആമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക പരിവർത്തനം ലക്ഷ്യമിട്ട് മോദി കൊണ്ടുവന്ന മുത്തലാഖ് നിരോധന നിയമം, ബേഠി ബഛാവോ ബേഠി പഠാവോ പദ്ധതി തുടങ്ങിയവയിൽ ഡോ. അംബേദ്കർ അഭിമാനിതനാകുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 14നാണ് ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്.
മോദിയെയും അംബേദ്കറിനെയും താരതമ്യം ചെയ്തതിൽ ഇളയരാജയെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. വർണവിവേചനവും മനുധർമവും അടിച്ചമർത്തിയ ദലിതരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു അംബേദ്കറെന്നും മോദി മനുധർമ്മ വാദിയാണെന്നും ഡി.എം.കെ നേതാവ് ടി.എസ്.കെ ഇളങ്കോവൻ പറഞ്ഞു.
അതിനിടെ, കറുത്ത മുണ്ടും ടിഷർട്ടും ധരിച്ച് സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവൻ ശങ്കർ രാജ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോയും ചർച്ചയാകുകയാണ്. 'ഇരുണ്ട ദ്രാവിഡൻ, അഭിമാനിയായ തമിഴൻ' എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിനുള്ള മറുപടി, പിതാവ് ഇളയരാജയ്ക്കുള്ള മറുപടി എന്നിങ്ങനെ പല വ്യാഖ്യാനങ്ങളിലാണ് ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദിയിൽ ആശയവിനിമയം നടത്തണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശത്തിനുള്ള മറുപടിയാണ് യുവൻറെ അടിക്കുറിപ്പെന്ന് സോഷ്യൽ മീഡിയയിൽ കമൻറുകൾ കാണാം.
Summary: Tamil Nadu BJP Demands Bharat Ratna For Ilaiyaraaja; 'Will Write To Union Govt If Needed'
Adjust Story Font
16