Quantcast

ഭോപ്പാൽ ദുരന്തത്തിലെ നഷ്ടപരിഹാരം കൂട്ടണമെന്ന ഹരജിയിൽ വിധി ഇന്ന്

യൂണിയൻ കാർബൈഡ് കോർപ്പറേഷൻ കമ്പനിയുടെ പിൻഗാമിയായ ഡൗ കെമിക്കൽസിനെ എതിർകക്ഷിയാക്കിയാണ് കേന്ദ്ര സർക്കാർ ഹർജി സമർപ്പിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    14 March 2023 12:54 AM GMT

bhopal tragedy
X

ഭോപ്പാല്‍ ദുരന്തം

ഡല്‍ഹി: ഭോപ്പാൽ വിഷവാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹരജിയിൽ സുപ്രീംകോടതി വിധി ഇന്ന്. യൂണിയൻ കാർബൈഡ് കോർപ്പറേഷൻ കമ്പനിയുടെ പിൻഗാമിയായ ഡൗ കെമിക്കൽസിനെ എതിർകക്ഷിയാക്കിയാണ് കേന്ദ്ര സർക്കാർ ഹർജി സമർപ്പിച്ചിരിക്കുന്നത്.

3000-ലധികം പേരുടെ ജീവനെടുത്ത ദുരന്തത്തിലെ ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിന് 7,844 കോടി രൂപ അധികമായി നൽകാൻ കമ്പനിയോട് നിർദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. 1989ലെ വിധി പ്രകാരം 715 കോടി രൂപയാണ് നഷ്ടപരിഹാരമായി കമ്പനി അനുവദിച്ചത്. എന്നാൽ പരിസ്ഥിതിക്ക് ഉൾപ്പടെ വലിയ ആഘാതം സൃഷ്ടിച്ച ദുരന്തത്തിൽ നഷ്ടപരിഹാര തുക പര്യാപ്തമല്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, അഭയ് എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് 2010ൽ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജിയിൽ വിധി പറയുക.

അമേരിക്കൻ രാസവ്യവസായഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം എന്ന് അറിയപ്പെടുന്നത്. പ്രവർത്തനം ആരംഭിച്ച് എട്ടാമത്തെ വർഷം 1984 ഡിസംബർ 2 ന് അപകടമുണ്ടായത്. 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു. ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു. കാറ്റിന്‍റെ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു.

TAGS :

Next Story