Quantcast

താലികെട്ടിനിടെ തണുത്ത് വിറച്ച് വരന്‍ ബോധംകെട്ട് വീണു; വിവാഹത്തിൽ നിന്ന് പിൻമാറി വധു

ദിയോഖർ സ്വദേശിയായ അർണവിന്റെയും ബിഹാറിൽ നിന്നുള്ള അങ്കിതയുടെയും വിവാഹമാണ് അവസാന നിമിഷം മുടങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2024-12-19 14:58:38.0

Published:

19 Dec 2024 2:16 PM GMT

താലികെട്ടിനിടെ തണുത്ത് വിറച്ച് വരന്‍ ബോധംകെട്ട് വീണു; വിവാഹത്തിൽ നിന്ന് പിൻമാറി വധു
X

റാഞ്ചി: ഝാര്‍ഖണ്ഡില്‍ വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വരൻ ബോധംകെട്ട് വീണു. ദിയോഖർ സ്വദേശിയായ അര്‍ണവ് കുമാറാണ് തണുപ്പ് സഹിക്കാനാകാതെ കതിർ മണ്ഡപത്തിൽ ബോധംകെട്ട് വീണത്. അര്‍ണവ് വീഴുന്നത് കണ്ടയുടൻ വധു വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഝാർഖണ്ഡിലെ ദിയോഖർ സ്വദേശിയായ അർണവും ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍ നിന്നുള്ള അങ്കിതയും തമ്മില്‍ നടക്കാനിരുന്ന വിവാഹമാണ് അവസാന നിമിഷം മുടങ്ങിയത്. സാധാരണ വരന്റെ നാട്ടിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്. വധുവിന്റെ കുടുംബം ആഘോഷപൂർവം വരന്റെ നാട്ടിലെത്തും. എന്നാൽ ചില കാരണങ്ങളാൽ അങ്കിതയുടെ നാട്ടിലാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചത്. തുടർന്ന് വധുവിന്റെ കുടുംബം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുകയും ചെയ്തു.

കല്യാണ പരിപാടികള്‍ തുറന്ന മണ്ഡപത്തില്‍ നടത്തുന്നതിനെതിരെ വരന്‍ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. അതിശൈത്യത്തിനിടെ തുറന്ന മണ്ഡപലത്തില്‍ കല്യാണം നടത്തുന്നതാണ് വരന്‍ ചോദ്യം ചെയ്തത്. എന്നാല്‍ വിവാഹ ചടങ്ങുമായി മുന്നോട്ടുപോകാന്‍ വധുവിന്റെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. കല്യാണ ദിവസം പ്രദേശത്ത് എട്ടു ഡിഗ്രി സെല്‍ഷ്യസിലേക്കാണ് താപനില താഴ്ന്നത്.

വിവാഹത്തിന്റെ ചടങ്ങുകൾ പുരോഗമിക്കവെ, അർണവ് വിറയ്ക്കുകയും പെട്ടെന്ന് ബോധം കെട്ടു വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ വീട്ടുകാർ അർണവിനെ മറ്റൊരു മുറിയിലേക്ക് മാറ്റി പ്രഥമശുശ്രൂഷ നല്‍കുകയും ഡോക്ടറെ വിളിച്ചുവരുത്തുകയും ചെയ്തു. ഡോക്ടറെത്തിയതിനു ശേഷമാണ് അർണവിന് ബോധം തെളിഞ്ഞത്. തണുത്ത കാലാവസ്ഥയും പകല്‍ മുഴുവന്‍ നീണ്ടുനിന്ന ഉപവാസവുമാണ് അദ്ദേഹത്തെ അബോധാവസ്ഥയിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. ഒന്നര മണിക്കൂറിന് ശേഷമായിരുന്നു അർണവിന് ബോധം തിരികെ ലഭിച്ചത്.

വരന് ബോധം വന്നെങ്കിലും പ്രശ്നങ്ങൾ അവസാനിച്ചില്ല. സംഭവത്തിന് പിന്നാലെ അർണവിന്റെ ആരോഗ്യത്തെ കുറിച്ച് വധുവിന് ആശങ്കയായി. മറ്റെന്തോ അസുഖം ഉള്ളതുകൊണ്ടാണ് തണുപ്പ് സഹിക്കാനാകാതെ അർണവ് ബോധംകെട്ട് വീണതെന്ന് അങ്കിത ഉറപ്പിച്ചു. ഇക്കാര്യം തന്റെ വീട്ടുകാരോട് പങ്കുവെയ്ക്കുകയും പിന്നാലെ വിവാഹത്തിൽ നിന്ന് പിൻമാറുകയുമായിരുന്നു.

സാധാരണയായി വരനും കുടുംബവുമാണ് വിവാഹഘോഷയാത്രയുമായി വധൂഗൃഹത്തിലേക്ക് പോവേണ്ടത്. ഇത് എന്തുകൊണ്ട് പാലിച്ചില്ലെന്ന് അങ്കിത ചോദിച്ചത് വരന്‍റെ കുടുംബത്തിന് ഇഷ്ടമായില്ല. തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ പൊലീസ് ഇടപെട്ട് വിവാഹവുമായി മുന്നോട്ടു പോവാൻ ഇരു കുടുംബങ്ങളോടും അഭ്യർഥിച്ചു. എന്നാൽ ഇരു കുടുംബവും അതിന് തയാറായില്ല.

TAGS :

Next Story