വിവാഹം കൂടാം; ബിൽക്കീസ് ബാനു കേസിലെ പ്രതിക്ക് പരോൾ
ഇത് രണ്ടാം തവണയാണ് ഗുജറാത്ത് ഹൈക്കോടതി പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നത്
അഹമ്മദാബാദ്: ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ മറ്റൊരു പ്രതിക്ക് കൂടി പരോൾ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. മാർച്ച് അഞ്ചിന് നടക്കുന്ന അനന്തരവന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രമേശ് ചന്ദാനയ്ക്കാണ് കോടതി പത്തു ദിവസത്തെ പരോൾ അനുവദിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചന്ദാന പരോളിനായി അപേക്ഷ നൽകിയത്.
സുപ്രിം കോടതി ഉത്തരവിനെ തുടർന്ന് ജനുവരി 21നാണ് പ്രതികൾ ജയിലിൽ കീഴടങ്ങിയത്. ഇതിന് ശേഷം രണ്ടാം തവണയാണ് പ്രതികൾക്ക് പരോൾ അനുവദിക്കുന്നത്. ഫെബ്രുവരി ഏഴു മുതൽ 11വരെ പ്രദീപ് മോധിയ എന്ന പ്രതിക്കാണ് നേരത്തെ കോടതി പരോൾ അനുവദിച്ചിരുന്നത്. ഭാര്യാ പിതാവിന്റെ അന്ത്യചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നു പരോൾ.
അയ്യായിരം രൂപയുടെ ജാമ്യബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദിവ്യേഷ് എ ജോഷിയുടെ ബഞ്ച് പരോൾ അനുവദിക്കാൻ തീരുമാനിച്ചത്. പരോൾ നൽകുന്നതിനെ ഗുജറാത്ത് സർക്കാർ എതിർത്തുമില്ല. പരോൾ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ജയിലിലെത്തി കീഴടങ്ങണമെന്ന് കോടതി ചന്ദാനയോട് നിർദേശിച്ചു.
2008ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ചന്ദന 1198 ദിവസം പരോളിലായിരുന്നു എന്ന് ഗുജറാത്ത് സർക്കാർ നേരത്തെ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. 378 ദിവസം മറ്റു അവധികളും ഇയാൾക്ക് അനുവദിക്കപ്പെട്ടു.
ചന്ദാന ഉൾപ്പെടെ 11 പ്രതികളെ ജയിൽക്കാലയളവിലെ നല്ല പെരുമാറ്റം ചൂണ്ടിക്കാട്ടി 2022 ആഗസ്റ്റിൽ സർക്കാർ ജയിൽ മോചിതരാക്കിയിരുന്നു. എന്നാൽ സർക്കാർ തീരുമാനം റദ്ദാക്കിയ സുപ്രിംകോടതി പ്രതികളോട് ജയിലിൽ തിരിച്ചെത്താൻ ആവശ്യപ്പെടുകയായിരുന്നു. രാധേശ്യാം ഷാ, ജസ്വന്ത് നൈ, ഗോവിന്ദ് നൈ, കേസർ വൊഹാനിയ, ബാക വൊഹാനിയ, രാജു സോണി, പ്രദിപ്ഭായ് മോധിയ, ശൈലേഷ് ഭട്ട്, ബിപിൻ ജോഷി, മിതേഷ് ഭട്ട്, പ്രതീപ് മോധിയ എന്നിവരാണ് പ്രതികൾ.
2002ലെ ഗുജറാത്ത് കലാപവേളയിലാണ് പ്രതികൾ ബിൽക്കീസിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അന്ന് അഞ്ചു മാസം ഗർഭിണിയായിരുന്നു 21കാരിയായ ബിൽക്കീസ്. മൂന്നര വയസ്സായ മകൾ സലീഹയും അമ്മയും പ്രതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
Adjust Story Font
16