ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികളെ ഹാരമണിയിച്ചതില്‍ എന്താണ് തെറ്റ്? കേന്ദ്രം സുപ്രിംകോടതിയില്‍
ശിക്ഷാ കാലാവധി തീരും മുന്‍പ് ഈ കൊടുംകുറ്റവാളികളെ വിട്ടയച്ചാലുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതം കേന്ദ്ര സർക്കാർ കണക്കിലെടുത്തില്ലെന്ന് ബിൽക്കിസിന്റെ അഭിഭാഷക ശോഭ ഗുപ്ത വാദിച്ചു
പ്രതികളെ ഹാരമണിയിച്ചു സ്വീകരിച്ചപ്പോള്‍
ഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ മോചിപ്പിച്ചപ്പോള്‍ ഹാരമണിയിച്ച് സ്വീകരിച്ചതില്‍ എന്താണ് തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. 11 കുറ്റവാളികളെയും ശിക്ഷാ കാലാവധിക്ക് മുമ്പെ വിട്ടയച്ചതിനെതിരെ ബിൽക്കിസ് ബാനു നൽകിയ ഹരജിയെ എതിർത്ത് കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെതാണ് ചോദ്യം.
നിഷ്ഠൂര ക്രൂരകൃത്യം ചെയ്ത കുറ്റവാളികളെ ഹാരമണിയിച്ചും മധുരം നൽകിയും സ്വാഗതം ചെയ്തതിനെക്കുറിച്ച് കേസിൽ പൊതുതാൽപര്യ ഹരജി നൽകിയവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ചോദ്യം ചെയ്തപ്പോഴാണ് കേന്ദ്രത്തിന്റെ ചോദ്യം. ‘ഒരു കുടുംബാംഗം ജയിലിൽനിന്ന് പുറത്തുവരുമ്പോൾ ഹാരമണിയിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് രാജു ചോദിച്ചു.
ശിക്ഷാ കാലാവധി തീരും മുന്‍പ് ഈ കൊടുംകുറ്റവാളികളെ വിട്ടയച്ചാലുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതം കേന്ദ്ര സർക്കാർ കണക്കിലെടുത്തില്ലെന്ന് ബിൽക്കിസിന്റെ അഭിഭാഷക ശോഭ ഗുപ്ത വാദിച്ചു. കുറ്റബോധവും പ്രായശ്ചിത്തവും പ്രകടിപ്പിക്കാത്ത കുറ്റവാളികൾ അടക്കാനുള്ള പിഴപോലും ഇതുവരെ ഒടുക്കിയിട്ടില്ല. മൂന്ന് കൂട്ടബലാത്സംഗങ്ങളും ബിൽക്കിസിന്റെ കൺമുന്നിൽ അവരുടെ പിഞ്ചുകുഞ്ഞിനെ തറയിലടിച്ച് കൊന്നതടക്കം 14 കൊലപാതകങ്ങളും നടത്തിയ കുറ്റവാളികളാണ് ഇവർ. ഇരകളുടെ മതം നോക്കി മാത്രം ചെയ്ത കുറ്റകൃത്യമാണെന്ന് ശോഭ ഗുപ്ത ബോധിപ്പിച്ചു. ജയില്‍ സൂപ്രണ്ട് കുറ്റകൃത്യത്തിന്‍റെ ഗൗരവം പരിശോധിച്ചില്ലെന്നും മോചനം ശിപാർശ ചെയ്യുന്നതിനുള്ള കാരണങ്ങൾ രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു."ഇത് വളരെ യാന്ത്രികമായി അല്ലെങ്കിൽ ഒരുപക്ഷെ ബോധപൂർവമായ അശ്രദ്ധയോടെ ചെയ്ത ചെയ്ത കാര്യമാണെന്നും'' ശോഭ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75ാമത് വാർഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പിന്‍റെ പേരിലാണ് ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയത്. ബലാത്സംഗം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഹീനമായ ആക്രമണം എന്നിവ നടത്തുകയും ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത കുറ്റവാളികളെ തുറന്നുവിടുന്നതിനു നിലവിൽ നിയമ തടസമുണ്ട്. 2014ലെ ഈ ഭേദഗതി പരിഗണിക്കാതെയാണ് പ്രതികളെ മോചിപ്പിച്ചത്.
15 വർഷം ജയിൽ ശിക്ഷ അനുഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സുപ്രിംകോടതി ഗുജറാത്ത് സർക്കാരിനോട് നിർദേശിക്കുകയിരുന്നു. അന്വേഷണ ഏജൻസികളുടെ എതിർപ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതിയോടെ ഗുജറാത്ത് ബി.ജെ.പി സർക്കാർ ഇവരെ മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
Adjust Story Font
16