ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം കോടതി തള്ളി; ആഴ്ചയിലൊരിക്കല്‍ കുട്ടിയെ കാണാം
9 വര്‍ഷമായി കുട്ടിയെ സംരക്ഷിച്ച വളര്‍ത്തമ്മയില്‍ നിന്ന് കുട്ടിയെ പറിച്ചെടുക്കാനാവില്ലെന്ന് കോടതി
9 വർഷം മുന്‍പ് ദത്തുനൽകിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. ആഴ്ചയിലൊരിക്കൽ കുട്ടിയെ കാണാൻ അമ്മയ്ക്ക് കോടതി അനുമതി നൽകി. 9 വര്‍ഷമായി കുട്ടിയെ സംരക്ഷിച്ച വളര്‍ത്തമ്മയില്‍ നിന്ന് കുട്ടിയെ പറിച്ചെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
സേലം സ്വദേശി ശരണ്യയാണ് ദത്തുനല്‍കി 9 വര്‍ഷത്തിനു ശേഷം കുട്ടിയെ തിരികെവേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്‍റെ സഹോദരി സത്യയ്ക്ക് ദത്തുനല്‍കിയ പെണ്‍കുട്ടിയെ തിരികെ വേണമെന്നായിരുന്നു ആവശ്യം. കുട്ടിക്ക് 100 ദിവസം പ്രായമുള്ളപ്പോഴാണ് ദത്തുനല്‍കിയത്. ശിവകുമാര്‍-ശരണ്യ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനെയാണ് ദത്തുനല്‍കിയത്.
വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും രമേഷ്-സത്യ ദമ്പതികള്‍ക്ക് കുട്ടികളില്ലായിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ ദത്തെടുത്തത്. 2019ൽ സത്യയുടെ ഭർത്താവ് രമേഷ് കാന്‍സര്‍ ബാധിച്ച് മരിച്ചതിനെ തുടർന്ന് മകളെ തിരികെ വേണമെന്ന് ശരണ്യ ആവശ്യപ്പെടുകയായിരുന്നു. ഇരു കുടുംബവും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വന്നു. മകളെ നൽകാൻ സത്യ തയ്യാറാകാതെ വന്നതോടെ തർക്കമായി. പെറ്റമ്മയും വളര്‍ത്തമ്മയും കോടതിയെ സമീപിക്കുകയും ചെയ്തു.
കുട്ടിയെ 9 വര്‍ഷമായി വളർത്തിയ പോറ്റമ്മയ്ക്കൊപ്പം തന്നെ കുട്ടി കഴിയട്ടെയെന്ന് കോടതി ഉത്തരവിട്ടു. വളര്‍ത്തമ്മയും പെറ്റമ്മയും വേണമെന്ന് കുട്ടി കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ആഴ്ചയിലൊരിക്കല്‍ ശരണ്യയ്ക്ക് കുട്ടിയെ കാണാന്‍ അനുമതി ലഭിച്ചു. ജസ്റ്റിസ് പി.എന്‍ പ്രകാശ്, ജസ്റ്റിസ് ആര്‍ ഹേമലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
Adjust Story Font
16