Quantcast

'പാവങ്ങളെ പിഴുതെറിഞ്ഞാൽ അവർ നമ്മെയും പിഴുതെറിയും'; യോഗിയുടെ ബുൾഡോസർ രാജ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് യു.പി മന്ത്രി

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബി.ജെ.പിക്ക് അകത്ത് തന്നെ യോ​ഗിക്കെതിരെ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യകക്ഷി നേതാവും മന്ത്രിയുമായ സഞ്ജയ് നിഷാദും രൂക്ഷ വിമർശനമുന്നയിച്ചത്.

MediaOne Logo

Web Desk

  • Published:

    18 July 2024 1:47 AM GMT

BJP ally, UP minister hints bulldozer ‘misuse’ behind poll setback
X

ലഖ്‌നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബുൾഡോസർ നയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് തുറന്നടിച്ച് യു.പി മന്ത്രി സഞ്ജയ് നിഷാദ്. പാവങ്ങളെ പിഴുതെറിയാൻ ശ്രമിച്ചാൽ അവർ നമ്മയെും വേരോടെ പിഴുതെറിയുമെന്ന് അദ്ദേഹം പറഞ്ഞു. എൻ.ഡി.എ ഘടകകക്ഷിയായ നിഷാദ് പാർട്ടിയുടെ തലവനാണ് സഞ്ജയ് നിഷാദ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഏറ്റവും വലിയ തിരിച്ചടിയേറ്റ സംസ്ഥാനമാണ് യു.പി. 2019ൽ 62 സീറ്റ് നേടിയ എൻ.ഡി.എ ഇത്തവണ 33 സീറ്റിലേക്ക് ഒതുങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ബി.ജെ.പിക്ക് അകത്ത് തന്നെ മുഖ്യമന്ത്രിക്കെതിരെ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യകക്ഷി നേതാവും വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. സഞ്ജയ് നിഷാദിന്റെ മകൻ പ്രവീൺ നിഷാദും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.

ബുൾഡോസറുകൾ മാഫിയയെ നേരിടാനോ റോഡുകൾ നിർമിക്കാനോ വേണ്ടിയുള്ളതാണെന്നും 90 വർഷമായി ഒരേ സ്ഥലത്ത് താമസിക്കുന്ന പാവപ്പെട്ട സ്ത്രീയുടെ താമസസ്ഥലം നശിപ്പിക്കാനല്ലെന്നും നിഷാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമാജ്‌വാദി പാർട്ടിയേയും കോൺഗ്രസിനെയും പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥരാണ് ബുൾഡോസർ രാജിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ജൗൻപൂർ ജില്ലയിലെ ഒരു ഗ്രാമപ്രധാനെതിരെ ശരിയായ പരാതി നൽകിയ ഒരു സ്ത്രീയുടെ വീട് പിന്നീട് തകർക്കപ്പെട്ട സംഭവം സഞ്ജയ് നിഷാദ് ചൂണ്ടിക്കാട്ടി. മാഫിയകൾക്കെതിരെയാണ് ബുൾഡോസർ ഉപയോഗിക്കേണ്ടത്. പാവപ്പെട്ടവർക്കെതിരെ ബുൾഡോസർ ഉപയോഗിച്ചാൽ അവർക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. വികസന ആവശ്യത്തിനാണെങ്കിലും ആദ്യം പാവപ്പെട്ടവരെ ശരിയായ രീതിയിൽ പുനരധിവസിപ്പിക്കാൻ ശ്രദ്ധിക്കണം, എന്നാൽ ഇതുണ്ടാവുന്നില്ലെന്നും സഞ്ജയ് നിഷാദ് പറഞ്ഞു.

ഉത്തർപ്രദേശ് ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാകുന്നത് സംബന്ധിച്ച വാർത്തകൾക്കിടെ യോഗിക്കെതിരെ വിമർശനമുന്നയിച്ച ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ കണ്ട് സഞ്ജയ് നിഷാദ് പിന്തുണ അറിയിച്ചിരുന്നു. 'സർക്കാറിനെക്കാൾ വലുതാണ് സംഘടന. പ്രവർത്തകരുടെ വേദന എന്റെയും വേദനയാണ്. സംഘടനയെക്കാൾ വലുതല്ല ഒരാളും പ്രവർത്തകരാണ് അഭിമാനം' എന്നാണ് മൗര്യ എക്‌സിൽ കുറിച്ചത്. ഇത് ചർച്ചയായതിന് പിന്നാലെയാണ് സഞ്ജയ് നിഷാദ് മൗര്യയെ കണ്ടത്.

ഒ.ബി.സികൾക്കും പട്ടികജാതിക്കാർക്കും സംവരണം ചെയ്ത സർക്കാർ ജോലികൾ പൊതുവിഭാഗത്തിലേക്ക് മാറ്റിയത് സംബന്ധിച്ച ആശങ്കകൾ പ്രകടിപ്പിച്ച് മുഖ്യമന്ത്രി ആദിത്യനാഥിന് എഴുതിയ കത്ത് ബി.ജെ.പിയുടെ മറ്റൊരു സഖ്യകക്ഷിയും കേന്ദ്ര സഹമന്ത്രിയും അപ്നാദൾ നേതാവുമായ അനുപ്രിയ പട്ടേൽ പരസ്യമായി പങ്കുവെച്ചിരുന്നു. അധ്യാപക നിയമനത്തിൽ ഒ.ബി.സി സംവരണം അട്ടിമറിച്ചതും ഭരണഘടന തിരുത്തുമെന്ന പ്രസ്താവനയുമാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും അനുപ്രിയ പട്ടേൽ പറഞ്ഞിരുന്നു.

TAGS :

Next Story