Quantcast

'ശിവസേനയെ തൊടരുതെന്ന് അന്നേ അമിത് ഷായോട് പറഞ്ഞതാണ്'; മഹാരാഷ്ട്ര തിരിച്ചടിയില്‍ രാജ് താക്കറെ

ഉദ്ദവ് താക്കറെയ്ക്ക് ലഭിച്ചത് മറാഠി വോട്ടുകളല്ലെന്നും മോദി വിരുദ്ധ വോട്ടുകളാണെന്നും രാജ് താക്കറെ

MediaOne Logo

Web Desk

  • Published:

    14 Jun 2024 9:26 AM GMT

I had told BJP leaders, Amit Shah not to touch the party (Shiv Sena) and party symbol: Says Maharashtra Navnirman Sena (MNS) chief Raj Thackeray,
X

അമിത് ഷാ, രാജ് താക്കറെ

മുംബൈ: ഇതാദ്യമായി ശിവസേന പിളര്‍പ്പില്‍ പ്രതികരിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എം.എന്‍.എസ്) നേതാവ് രാജ് താക്കറെ. ശിവസേനയിലും പാര്‍ട്ടി ചിഹ്നത്തിലും തൊടരുതെന്ന് താന്‍ നേരത്തെ അമിത് ഷായോട് വ്യക്തമാക്കിയതാണ്. ബാല്‍ താക്കറെയുടെ കാര്യത്തില്‍ മഹാരാഷ്ട്രക്കാര്‍ വൈകാരികമായായിരിക്കും പ്രതികരിക്കുകയെന്നും വ്യക്തമാക്കിയിരുന്നുവെന്നും രാജ് താക്കറെ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മഹാരാഷ്ട്രയില്‍ നേരിട്ട തിരിച്ചടിക്കു പിന്നാലെയാണു പ്രതികരണം.

'ബാല്‍ താക്കറെ മഹാരാഷ്ട്രക്കാര്‍ക്ക് വൈകാരിക വിഷയമാണ്. പാര്‍ട്ടിയെയും(ശിവസേന) ചിഹ്നത്തെയും തൊടരുതെന്ന് അമിത് ഷായോടും ബി.ജെ.പി നേതാക്കളോടും ഞാന്‍ പറഞ്ഞിരുന്നതാണ്. അത് ഉദ്ദവ് താക്കറെയുമായി ബന്ധപ്പെട്ടൊരു വിഷയമേയല്ല. എന്നാല്‍, ബി.ജെ.പി ബാല്‍ താക്കറെയുടെ പേരിനെ വിലകുറച്ചുകണ്ടു. താക്കറെ സ്വയം അധ്വാനിച്ചുണ്ടാക്കിയതാണ് ആ പാര്‍ട്ടിയും ചിഹ്നവുമെല്ലാം'-മുംബൈയില്‍ നടന്ന എം.എന്‍.എസ് പരിപാടിയില്‍ രാജ് താക്കറെ ചൂണ്ടിക്കാട്ടി.

അതേസമയം, തെരഞ്ഞെടുപ്പില്‍ ഉദ്ദവ് താക്കറെയ്ക്ക് മറാഠക്കാരല്ല വോട്ട് ചെയ്തതെന്നും അദ്ദേഹം വാദിച്ചു. ഉദ്ദവിന്റെ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ട്. അദ്ദേഹത്തിനു ലഭിച്ചത് മോദി വിരുദ്ധ വോട്ടുകളാണ്. ജനങ്ങള്‍ എം.എന്‍.എസിനു വേണ്ടി കാത്തിരിക്കുകയാണെന്നും രാജ് താക്കറെ അവകാശപ്പെട്ടു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും സഖ്യവുമായി ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി-ഷിന്‍ഡെ സേന സഖ്യമായ മഹായുതിയുമായും മഹാവികാസ് അഘാഡിയുമായും ഇതുവരെ ചര്‍ച്ചയൊന്നും നടന്നിട്ടില്ല. രണ്ടു മുന്നണിക്കൊപ്പവും ചേരാന്‍ ആലോചിക്കുന്നില്ലെന്ന് രാജ് താക്കറെ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 200-225 സീറ്റുകളില്‍ മത്സരിക്കാന്‍ ഒരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.എന്‍.എസ് എന്‍.ഡി.എയ്‌ക്കൊപ്പം ചേര്‍ന്നിരുന്നില്ലെങ്കിലും നരേന്ദ്ര മോദിക്കു നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുംബൈയില്‍ നടന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ രാജ് താക്കറെ പങ്കെടുത്തു സംസാരിക്കുകയും ചെയ്തിരുന്നു.

Summary: 'I had told BJP leaders, Amit Shah not to touch the party (Shiv Sena) and party symbol': Says Maharashtra Navnirman Sena (MNS) chief Raj Thackeray

TAGS :

Next Story