Quantcast

'പ്രിയങ്കയേയും വദ്രയേയും രാഹുല്‍ ഗാന്ധി ഒതുക്കി'; ആരോപണവുമായി ബിജെപി

'അമേഠിയില്‍ വലിയ ജനപ്രീതി അവകാശപ്പെട്ടിട്ടും റോബര്‍ട്ട് വദ്ര സീറ്റിനായി അവഗണിക്കപ്പെട്ടു'

MediaOne Logo

Web Desk

  • Updated:

    2024-05-04 07:17:59.0

Published:

4 May 2024 7:13 AM GMT

rahul gandhi
X

ഡല്‍ഹി: അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രിയങ്കാ ഗാന്ധിയെയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെയും രാഹുല്‍ ഗാന്ധി ഒതുക്കിയെന്ന് ആരോപിച്ച് ബിജെപി. കഴിഞ്ഞ ദിവസമാണ് അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ്മയേയും റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. അമേഠിയിലെ ജനം താന്‍ അവിടെ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് റോബര്‍ട്ട് വദ്ര മുന്‍പ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു വദ്രയുടെ പ്രതികരണം. എന്നാല്‍ അമേഠിയില്‍ ഗാന്ധികുടുംബത്തില്‍ നിന്നല്ലാത്ത സ്ഥാനാര്‍ഥിയെയാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിപ്പിക്കുന്നത്. പിന്നാലെയാണ് ബിജെപിയുടെ ആരോപണം.

അമേഠിയില്‍ വലിയ ജനപ്രീതി അവകാശപ്പെട്ടിട്ടും റോബര്‍ട്ട് വദ്ര സീറ്റിനായി അവഗണിക്കപ്പെട്ടുവെന്നും പ്രിയങ്ക വദ്രയേയും അവരുടെ ഭര്‍ത്താവിനെയും രാഹുല്‍ ഗാന്ധി ആസൂത്രിതമായി കോണ്‍ഗ്രസില്‍ ഒതുക്കുന്നുവെന്നത് വ്യക്തമാണെന്നും ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു.

കോണ്‍ഗ്രസിന്റെ നിര്‍ണായക മണ്ഡലമായ അമേഠിയില്‍ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. എന്നാല്‍ 2019 ല്‍ രാഹുല്‍ ഗാന്ധിയെ തോല്‍പിച്ച് ബിജെപിയുടെ സ്മൃതി ഇറാനി ഇവിടെ വിജയിക്കുകയായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് വരാനുള്ള ആഗ്രഹവും അമേഠിയില്‍ മത്സരിക്കാനുള്ള താല്പര്യവും വദ്ര പരസ്യമാക്കിയിരുന്നെങ്കിലും ഇതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ റായ്ബറേലിയില്‍ പ്രിയങ്കയുടെ പേര് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ത്തുകയുമുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക അറിയിച്ചതിനു പിന്നാലെ രാഹുലിനെ റായ്ബറേലിയില്‍ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. പിന്നാലെ ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള കിഷോരി ലാല്‍ ശര്‍മയെ അമേഠിയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.

TAGS :

Next Story