ഹിജാബ് വിലക്കിന് തുടക്കമിട്ട ബി.ജെ.പി എം.എൽ.എക്ക് സീറ്റില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് രഘുപതി ഭട്ട്
കർണാടകയിൽ ആദ്യമായി ഹിജാബ് നിരോധിച്ച ഉഡുപ്പി സർക്കാർ കോളജിന്റെ വികസന സമിതിയുടെ അധ്യക്ഷനാണ് രഘുപതി ഭട്ട്
ഉഡുപ്പി: കർണാടകയിലെ സ്‌കൂളുകളിൽ ഹിജാബ് നിരോധനത്തിന് മുൻകൈയെടുത്ത ഉഡുപ്പി എംഎൽഎ രഘുപതി ഭട്ടിന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല. വാർത്തയറിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ രഘുപതി ഭട്ട് പൊട്ടിക്കരഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അതെന്ന ഞെട്ടിച്ചെന്നും ഇക്കാര്യം നേരിട്ട് അറിയിച്ചിരുന്നെങ്കിൽ ഞാൻ സ്വയം രാജിവെക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ ഹിജാബ് ആദ്യമായി നിരോധിച്ച ഉഡുപ്പി സർക്കാർ കോളജിന്റെ വികസന സമിതിയുടെ അധ്യക്ഷനാണ് രഘുപതി ഭട്ട്. ഹിജാബ് ധരിക്കുന്ന പെൺകുട്ടികളെ ക്ലാസ് മുറികളിൽ നിന്ന് വിലക്കിയതിന്റെ പേരിലാണ് ഭട്ട് ആദ്യമായി വാർത്തകളിൽ ഇടം നേടുന്നത്.
രഘുപതി ഭട്ടിന് പകരം യശ്പാൽ സുവർണയെയാണ് പാർട്ടി നാമനിർദേശം ചെയ്തിരിക്കുന്നത്. അതേസമയം, പാർട്ടി സീറ്റ് നൽകിയ സുവർണയും ഹിജാബ് വിവാദങ്ങളിലൂടെയാണ് വാർത്തകൾ ഇടം നേടുന്നത്. ഉഡുപ്പി ഗവൺമെന്റ് പിയു ഗേൾസ് കോളേജിലെ ഡെവലപ്മെന്റ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുകൂടിയായിരുന്നു അദ്ദേഹം. ഹിജാബ് വിലക്കിനെതിരെ കോടതിയെ സമീപിച്ച വിദ്യാർഥികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും സുവർണ വിളിച്ചതും ഏറെ വിവാദമായിരുന്നു.
ബി.ജെ.പി ടിക്കറ്റിലല്ലാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് രഘുപതി ഭട്ട് പറഞ്ഞു. ''ടിക്കറ്റ് കിട്ടാത്തതിൽ എനിക്ക് വിഷമമില്ല. എന്നാൽ പാർട്ടി തന്നോട് പെരുമാറിയ രീതി വല്ലാതെ വേദനിപ്പിക്കുന്നു. എന്നോട് ഒന്നും പറയാതെയാണ് പുറത്താക്കിയിരിക്കുന്നതെന്നും രഘുപതി ഭട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ജനാർദന റെഡ്ഡിയുടെ പാർട്ടിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ അഭ്യൂഹങ്ങളാണ്. ജാതിയുടെ പേരിൽ പാർട്ടി തന്നെ താഴെയിറക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി നേതൃത്വത്തിനോടോ പ്രധാനമന്ത്രി മോദിയോടെ എനിക്ക് പരാതിയില്ല. പക്ഷേ പാർട്ടിക്ക് വേണ്ടാത്ത ആളാണോ ഞാൻ? പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് ഞാൻ അറിഞ്ഞത്. നീക്കത്തെക്കുറിച്ച് എന്നെ അറിയിച്ചിരുന്നില്ല. അവർ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ സ്വയം രാജിവെക്കുമായിരുന്നു,' ഭട്ട് പറഞ്ഞു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ 189 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. ടിക്കറ്റ് ലഭിച്ച 189 പേരിൽ 52 പേർ പുതുമുഖങ്ങളാണ്. ഒബിസി വിഭാഗത്തിൽ നിന്ന് 32 പേരും പട്ടികജാതി വിഭാഗത്തിൽ നിന്ന് 30 പേരും പട്ടികവർഗ വിഭാഗത്തിൽ നിന്ന് 16 പേരും ഉണ്ട്.
Adjust Story Font
16