'ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ബിജെപിയുടെ കോടികളുടെ ഫണ്ട്'; ആരോപണവുമായി എഎപി
കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ അജയ് മാക്കൻ അരവിന്ദ് കെജ്‌രിവാളിനെതിരെ നടത്തിയ 'രാജ്യദ്രാഹി' പരാമർശം പുതിയ വിവാദങ്ങൾക്കു തിരികൊളുത്തിയിരിക്കുകയാണ്
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തുനിൽക്കെ ഇൻഡ്യ സഖ്യത്തിൽ ഭിന്നത രൂക്ഷമാകുകയാണ്. കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ആം ആദ്മി പാർട്ടി(എഎപി) നേതാക്കൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ബിജെപി ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി ആരോപിച്ചു. കോൺഗ്രസിനെ ഇൻഡ്യ സഖ്യത്തിൽനിന്ന് പുറത്താക്കണമെന്ന ആവശ്യവും എഎപി നേതാക്കൾ ഉയർത്തുന്നുണ്ട്.
ഡൽഹിയിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ അജയ് മാക്കൻ അരവിന്ദ് കെജ്‌രിവാളിനെതിരെ നടത്തിയ 'രാജ്യദ്രാഹി' പരാമർശമാണു പുതിയ വിവാദങ്ങൾക്കു തിരികൊളുത്തിയത്. കോൺഗ്രസ് തങ്ങളെ രാജ്യദ്രോഹികളായാണു കണക്കാക്കുന്നതെങ്കിൽ എന്തിനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്കൊപ്പം സഖ്യം ചേർന്നതെന്ന് അതിഷി ചോദിച്ചു. കെജ്‌രിവാളിനെ തങ്ങളുടെ പ്രചാരണത്തിനായി എന്തിന് ഉപയോഗിച്ചെന്നും അവർ ചോദിച്ചു.
ബിജെപി കോൺഗ്രസ് സ്ഥാനാർഥികൾക്ക് ഫണ്ട് നൽകുന്നുണ്ടെന്ന് ഞങ്ങൾക്ക് ഔദ്യോഗികവൃത്തങ്ങളിൽനിന്നു തന്നെ വിവരം ലഭിച്ചിട്ടുണ്ടെന്ന് അതിഷി ആരോപിച്ചു. സന്ദീപ് ദീക്ഷിത്തും ഫർഹാദ് സൂരിയുമെല്ലാം ഇതിൽ ഉൾപ്പെടും. ബിജെപിയിൽനിന്ന് കോടികളാണ് ഇവർക്ക് ലഭിക്കുന്നത്. എഎപിയെ തോൽപിക്കാനും ബിജെപിയെ വിജയിപ്പിക്കാനുമായി കോൺഗ്രസ് ഗൂഢാലോചന നടത്തിയിട്ടുണ്ട്. മാക്കനും എഎപി നേതാക്കൾക്കെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസിനുമെതിരെ 24 മണിക്കൂറിനകം അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അതിഷി ആവശ്യപ്പെട്ടു.
ഡൽഹി-കേന്ദ്ര സർക്കാരുകളുടെ ഭരണപരാജയവും വാഗ്ദാന ലംഘനവും ചൂണ്ടിക്കാട്ടി കോൺഗ്രസ് ധവളപത്രം പുറത്തിറക്കിയ ചടങ്ങിലായിരുന്നു അജയ് മാക്കന്റെ വിമർശനം. രാജ്യത്തെ തട്ടിപ്പുകാരുടെ രാജാവും രാജ്യദ്രോഹിയുമാണ് കെജ്‌രിവാളെന്ന് മാക്കൻ വിമർശിച്ചു. ഡൽഹിയിലെ കോൺഗ്രസിന്റെ ഇപ്പോഴത്തെ സ്ഥിതിക്കു കാരണം 2013ൽ എഎപിക്കു നൽകിയ പിന്തുണയാണ്. അതാണ് പാർട്ടിയെ ദുർബലപ്പെടുത്തിയത്. വീണ്ടും ഇതേ തെറ്റ് ആവർത്തിക്കപ്പെട്ടു. ജനലോക്പാൽ ഉയർത്തിയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ, അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാൻ രൂപീകരിക്കാൻ അവർക്കായില്ലെന്നും കോൺഗ്രസിന് പണ്ടു സംഭവിച്ച പിഴവ് തിരുത്തേണ്ടതുണ്ടെന്നും അജയ് മാക്കൻ പറഞ്ഞു.
Summary: 'BJP is funding Congress candidates', Delhi CM and AAP leader Atishi alleges
Adjust Story Font
16